ചാണ്ടിച്ചായന്‍റെ കൊമ്പന്‍ മീശ!

ചാണ്ടിച്ചായന്‍റെ ജീവിത അഭിലാഷമായിരുന്നു ഒരു കറുത്ത പെടപ്പന്‍ കൊമ്പന്‍ മീശ!പക്ഷെ വിധിയുടെ വിളയാട്ടം കൊണ്ടോ അതോ തേച്ച കരടിനെയ്യിന്‍റെ വീര്യ കുറവുകൊണ്ടോ എന്തോ മീശ പോയിട്ട് നെഞ്ചില്‍ ഒരു പൂട പോലും നിവര്‍ന്നു നിന്ന് ചാണ്ടിച്ചായനോട് 'ഹായ്' എന്ന് പറഞ്ഞില്ല. സ്വന്തം അപ്പന്‍റെയും എന്തിനു വീട്ടിലെ പൂച്ചയുടെ മീശ കാണുമ്പോള്‍ പോലും ചാണ്ടിച്ചനു തന്നോട് തന്നെ പുച്ഛം തോന്നി തുടങ്ങി, എന്നാലും ദൈവമേ നീ എനിക്ക് വേണ്ടതെല്ലാം തന്നു. കയ്യും കാലും ചെവിയും മൂക്കും എല്ലാം. പക്ഷെ കത്രികകൊണ്ട് വെട്ടിയൊതുക്കി പേന്‍ചീപ്പുകൊണ്ട് മൃദുവായി ഈരി ദേഷ്യം വരുമ്പോള്‍ മുകളിലേക്ക് പിരിച്ചു വെക്കാനും വെറുതെ ഇരുന്നു ചിന്തിക്കുമ്പോള്‍ പിടിച്ചു വലിക്കാനും പുരുഷനെ പുരുഷനാക്കുന്ന മീശയെ നീ എനിക്ക് നിക്ഷേധിച്ചല്ലോ എന്ന സങ്കടവാര്‍ത്ത മാത്രമായിരുന്നു ചാണ്ടിച്ചായന്‍റെ ഡെയിലി ന്യൂസ്‌ ഹവറില്‍ എന്നും ദൈവത്തോട്.


കാലങ്ങള്‍ ചാണ്ടിച്ചായന്‍റെ മീശയ്ക്കു കാത്തുനിക്കാതെ അതിന്‍റെ ചക്രങ്ങളില്‍ കറങ്ങി.ചാണ്ടിച്ചനൊഴികെ നൂറുകണക്കിന് ആണ്‍പെണ്‍  തരികള്‍ക്ക് അനുദിനം മീശയും താടിയും മുളച്ചുകൊണ്ടേ ഇരുന്നു. മീശയില്ലെങ്കിലും മേശ പോലെ ദോശ ചുടുന്ന ശോശാമയെയും കെട്ടി ചാണ്ടിച്ചന്‍ ദാമ്പത്യം എന്ന ട്രിപ്പീസ് കളി ആരംഭിച്ചിരുന്നു. ആ കളികളുടെ ശുഭ ലക്ഷണം എന്ന കണക്കെ ഈനാശു എന്ന നാശം അവരുടെ കളിയിലെ റഫറി ആയി ആ കളിയില്‍ കയറി പറ്റി. അങ്ങനെ ചാണ്ടിച്ചന്‍ മീശയില്ലെങ്കിലും മീശയിലെ 'ശ' വെച്ച് മോന് ഈനാശു എന്ന് പേരിട്ടു ആശ ഒതുക്കി തനിക്കു നിക്ഷേധിച്ച മീശ തന്‍റെ ഈനാശുവിനെങ്കിലും കൊടുക്കണേ എന്ന് ദിനം പ്രതി ദൈവത്തിനു ഇ-മെയില്‍ അയച്ചു കഴിയുന്ന കാലം.ഒരു ദിവസം അതി രാവിലെ ശോശാമ്മയുടെ ദോശപോലെ മയമുള്ള അരുളപ്പാട് കേട്ട് ദോശക്കുള്ള മാവ് വാങ്ങാന്‍ സൈക്കിള്‍ എടുത്തു പറന്നു പോയ ചാണ്ടിച്ചന്‍ തൊട്ടടുത്ത വീട്ടിലെ അമ്മിണി ചേച്ചിയെ കണ്ട് ഒരുനിമിഷം ചിന്ത കാട് കയറിയ വേളയില്‍ അതാ കിടക്കുന്നു അച്ചായനും സൈക്കിളും കൂടി തൊട്ടടുത്തുള്ള തോമാച്ചായന്‍റെ തെങ്ങും കുഴിയില്‍!


വീഴ്ചയുടെ ആഘാതത്തില്‍ പണ്ടേ ഒരല്പം മങ്ങലുണ്ടായിരുന്ന ബോധം ഒന്നുകൂടി മങ്ങുകയും പെരുവിരല്‍ മുതല്‍ അങ്ങ് നെറുകും തലവരെ നല്ല ചിന്തേര് ഇട്ടപോലെ ചുവന്നു തുടുക്കുകയും ചെയ്തു. നൊടിയിടയില്‍ ചാണ്ടിച്ചായനെ തൊട്ടടുത്തുള്ള അയല്‍കൂട്ടം തൂക്കി എടുത്തു ആശുപത്രിയില്‍ എത്തിച്ചു. അവിടെ എത്തിയപ്പോഴാണ്  അറിയുന്നത് അച്ചായന്‍റെ ട്രിപ്പീസ് കളിയിലെ മെയിന്‍ താരമായ റബ്ബര്‍ പന്തുകള്‍ക്കും അല്ലറ ചില്ലറ കേടുപാടുകള്‍ വന്നിരിക്കുന്നു. പന്തില്‍ കാറ്റു നിറക്കണോ ബ്ലാഡര്‍ മാറ്റണോ അതോ പഞ്ചര്‍ മാത്രം ഒട്ടിച്ചാല്‍ മതിയോ ഇത്യാതി സംശയങ്ങള്‍ തുടച്ചു നീക്കുന്നതിനായി ഡോക്ടര്‍ പുഷ്ക്കരന്‍ തന്‍റെ കൊമ്പും കുഴലുമായി ചാണ്ടിച്ചനു നേരെ പറന്നടുത്തു. വന്ന പാടെ താന്‍ ഒരു ഹോമോ ആണോ എന്ന് തോന്നിക്കും വിധം ചാണ്ടിച്ചായന്‍റെ വസ്ത്രങ്ങള്‍ ഓരോന്നായി ഊരാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ നമ്മുടെ അച്ചായന്‍റെ വിധം മാറി!


ചികിത്സിക്കുന്നതൊക്കെ  കൊള്ളാം പക്ഷെ മറയ്ക്കു  പുറത്തുള്ള ചികില്‍ത്സ മതി, മറ നീക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ചാണ്ടിച്ചായന്‍റെ കടും പിടുത്തം കണ്ടപ്പോള്‍ കൂടി ഇരുന്നവര്‍ എല്ലാവരും കരുതി അച്ചായന് അണ്ടര്‍ സ്റ്റാന്റ്
 (അടി താങ്ങി) ഇല്ലാത്ത പ്രോബ്ലം ആണെന്നും സാരമില്ല ഒരബദ്ധം ഒക്കെ ആര്‍ക്കും പറ്റും എന്ന് പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നോ രക്ഷ. അച്ചായന്‍ തുണി മാറ്റാന്‍ സമ്മതിക്കില്ല അത്ര തന്നെ. 


ഒടുക്കം സമയത്തിന്‍റെ പരിമിതി കൊണ്ടോ കാണാനുള്ള വെമ്പല്‍ കൊണ്ടോ എന്തോ പുഷ്ക്കരന്‍ ഡോക്ടറും കൂടയുള്ള മാലാഖ കുഞ്ഞുങ്ങളും കൂടി പാവം ചാണ്ടിച്ചായനെ "നിഷ് തുണിയന്‍" ആക്കിയതും ആര്‍ത്തു ചിരിക്കാന്‍ തുടങ്ങിയതും ഒന്നിച്ചായിരുന്നു. കാര്യം മറ്റൊന്നും ആയിരുന്നില്ല, അച്ചായന്‍ മറ്റാരും കാണാതെ തനിക്കു മുഖത്ത് പിറക്കാതെ പോയ കൊമ്പന്‍ മീശ അതിലും കരുത്തുറ്റതാക്കി തന്‍റെ അന്തര്‍ സംസ്ഥാനത്ത് നട്ടു പരുപാലിച്ചു പോന്നിരുന്നു അവന്‍റെ ആ തലെയെടുപ്പ് ആയിരുന്നത്രെ അവരെ ചിരിപ്പിച്ചത്. ആ കൊമ്പന്‍റെ വിരിഞ്ഞുള്ള നിപ്പു കണ്ടു ചിരി തുടങ്ങിയ നാട്ടുകാര്‍  അങ്ങനെ ആ ഒരൊറ്റ സംഭവത്തോട് കൂടി വെറും ചാണ്ടിച്ചായനെ "കൊമ്പന്‍ ചാണ്ടിച്ചായന്‍" എന്ന് സ്നേഹപൂര്‍വ്വം വിളിക്കാനും  തുടങ്ങി. 


ഓ ഡോ:
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം ആണെന്നും ഇത് വായിക്കുന്ന ചാണ്ടി  അച്ചായന്‍മാര്‍ ഇതില്‍ ആവേശം പൂണ്ട് ഈ പാവം ഒഴാക്കനെ തല്ലി കൊല്ലരുതെന്നും വിനീതമായി അപേക്ഷിച്ചിരിക്കുന്നു!

സര്‍ട്ടിഫിക്കറ്റ്‌ മേണോ സര്‍ട്ടിഫിക്കറ്റ്‌...

ഡാ ഒഴാക്കാ.. നീ എവിടാ?
കോഴിക്കോട് അങ്ങാടിയിലൂടെ നാട്ടില്‍ പോകാനുള്ള ബസ്‌ തേടി തേരാപാര അലഞ്ഞു നടന്ന എന്നെ തേടി ഏതോ ഒരു ബടുക്കൂസ് നാട്ടുകാരന്‍ ഫോണില്‍
വിളിച്ചിരിക്കുന്നു.ദൈവമേ എന്ത് വയ്യാവേലി ആണോ എന്ന് കരുതി ഞാന്‍ മൊഴിഞ്ഞു,
ഞാന്‍ ഇവിടെ കോഴികൂട്ടിലാന്നെ ...
ഹാവു, എന്നാ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം
ഉപകാരം ചെയ്യാം പക്ഷെ സ്മരണ വേണം.. സ്മരണ... ആ പറ പറ
അവിടുന്ന് എനിക്കൊരു പാര്‍സല്‍ ഉണ്ട് നീ വരുമ്പോ അതൊന്നു കൊണ്ടുവരണം
ഓ..ഓ അപ്പൊ കിട്ടിയ ഗ്യാപ്പില്‍ എന്നെ ഒരു പാര്‍സല്‍ ലോറി ആക്കി അല്ലെ?
ഇല്ലപ്പാ, അതൊരു ചെറിയ കെട്ടാ,
ശരി, അടിയന്‍ കൊണ്ടുവന്നേക്കാം.
അങ്ങനെ വഴിയെ പോയ ഒരു പാര്‍സലും പേറി ഞാന്‍ നാട് പിടിച്ചു.

എത്തിയപാടെ പാര്‍സല്‍ അണ്‍ലോഡ് ചെയ്യാനായി ടിയാന്‍റെ കടയിലേക്ക് പോയി.
അളിയാ ഇന്നാ സാധനം പിടി
താങ്ക്സ് മച്ചാ താങ്ക്സ്...
ഉം അത് കയ്യില്‍ തന്നെ വെച്ചാ മതി
എന്നാലും എന്നിലെ ജിജ്ഞാസ എന്നെ തട്ടി ഉണര്‍ത്തി, അല്ല മച്ചാ എന്താ ഈ പാര്‍സലില്‍?
ഓ, അതിച്ചിരി സര്‍ട്ടിഫിക്കറ്റ്‌ ആടാ..
ഇച്ചിരി സര്‍ട്ടിഫിക്കറ്റ്‌സ്!!
അതിനിതിയാന്‍ കാലിക്കറ്റ് യുണിവേര്‍സിറ്റിയിലെ ചായകടക്കാരന്‍ ഒന്നും അല്ലലോ, ഈ നാട്ടിലെ ചായകടക്കാരന്‍ അല്ലെ?
എടൊ, ഇതില്‍ കോഴിക്കോടെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ യുണിവേര്‍സിറ്റിയിലെയും സര്‍ട്ടിഫിക്കറ്റ്‌സ് ഉണ്ട്.
അമ്മെ!!
യു മീന്‍ വ്യാജന്‍?
ആഹ, അങ്ങനെയും പറയാം

എടാ തെണ്ടി........ ഇതുകൂട്ട് വയ്യാവേലി ആണോടാ തലയില്‍ കെട്ടി വെക്കുന്നത്. വല്ല കഷ്ട്ടകാലത്തിനും ആര്‍ക്കെങ്കിലും ഒന്ന് ചെക്ക് ചയ്തു നോക്കാന്‍ തോന്നിയിരുന്നേല്‍ ഞാന്‍ ഗോപി!
പിന്നെ പത്രത്താളുകളില്‍ മാത്രമാവും എന്‍റെ  വാസം
 "ആഗോള തലത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ വിതരണ ശ്രിങ്കലയിലെ പ്രധാന കണ്ണി ശ്രി ഒഴാക്കന്‍ അറസ്റ്റില്‍"
എന്റമ്മേ ചിന്തിക്കാനെ വയ്യ! 
അവനെ ആ കടക്കുള്ളില്‍ നിന്നും വലിച്ചു ചാടിച്ചു നാലെണ്ണം പൊട്ടിക്കാന്‍ തോന്നി, ഒടുക്കം അവന്‍ തട്ടിപോയാ പിന്നെ അവന്റെ കുടുംബം കൂടി നോക്കേണ്ടി വരുമല്ലോ എന്ന് കരുതി അത് വേണ്ടാന്ന് വെച്ചു. എന്നിരിന്നാലും ഇതിനെ കുറിച്ച് ഒന്ന് മനസിലാക്കാന്‍ തന്നെ തീരുമാനിച്ചു ഞാന്‍ നമ്മുടെ ഓള്‍സൈല്‍ ഡീലറുടെ പുറകെ കൂടി.

അല്ലളിയാ, ഇതിന്റെ സെറ്റ്അപ്പ്‌ നമുക്കും ഒന്ന് പറഞ്ഞു തരരുതോ?
ഓ, ഇതൊക്കെ ചെറിയ സെറ്റപ്പാ അളിയാ, ഗള്‍ഫില്‍ പോകാന്‍ ഒരു പ്രൊഫഷണല്‍ ഡിഗ്രി ഉണ്ടേ കാര്യം എളുപ്പം നടക്കും
അത് നമ്മ അങ്ങ് ഉണ്ടാക്കി കൊടുക്കും. 
ഒന്നൂടെ തെളിച്ചു പറഞ്ഞാ ഒരു പതിനായിരം മുടക്കിയാ അളിയന് വേണ്ട സര്‍ട്ടിഫിക്കറ്റ്‌, എംബസി അറ്റസ്റ്റ്മെന്‍റ് പിന്നെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇത്രയും റെഡി.
അപ്പൊ അളിയാ, എന്നെ പോലുള്ള പാവങ്ങള്‍ കഷ്ട്ടപെട്ടു കോപ്പി അടിച്ചു എടുത്ത ഈ പ്രൊഫഷണല്‍  ഡിഗ്രികളോ?
ഓ, അത് നിന്‍റെ അപ്പന്‍റെ കയ്യില്‍ കുറെ കാശും നിന്‍റെ കയ്യില്‍ കുറെ സമയവും ഉണ്ടായിരുന്നു അത്ര തന്നെ! ഇപ്പൊ ആര്‍ക്കാടാ ഇതിനൊക്കെ നേരം.
അപ്പൊ ഈ കണ്ട ഡിഗ്രി ഒക്കെ പഠിച്ചെടുത്ത നമ്മ ഊളകള്‍, കഴിഞ്ഞ ദിവസം ഗള്‍ഫില്‍ പോയ ഷുക്കൂര്‍ ഡോക്ടര്‍ ഷുക്കൂര്‍ ആണ് പോലും! അവിടെ പണിയോ വണ്ടി ഓടിക്കലും "ഡോക്ടര്‍ ഷുക്കൂര്‍ ഡ്രൈവര്‍"

NB: ഏതാണ്ട് ഒരു കൊല്ലം മുന്‍പ് എന്‍റെ ഒരു ആത്മമിത്രം ബാംഗ്ലൂര്‍ ഒരു സ്ഥാപനത്തില്‍ പോകാന്‍ ഇടയായി. ചെന്ന് കയറിയപ്പോഴാണ് അറിഞ്ഞത് അത് വ്യാജ സര്‍ട്ടിഫിക്കറ്റ്‌  ഉണ്ടാക്കി കൊടുക്കുന്ന ഒരു ഓഫീസ് ആണെന്ന്. അവിടുത്തെ ക്യൂ ആണെങ്കില്‍ ബീവറേജിലും അതികം.
അപ്പോഴാണത്രേ തൊട്ടടുത്ത്‌ നിന്നും ഒരു ചെക്കന്‍ അവന്‍റെ അപ്പനെ വിളിച്ചു ചോദിക്കുന്നത് കേട്ടത്
" അപ്പാ ഇലക്റ്റ്ട്രോണിക്സ് കിട്ടാനില്ല പകരം ഞാന്‍ കമ്മ്യുണിക്കേഷനും ഐ റ്റിയും എടുത്തോട്ടെ? രണ്ടിനും കൂടി ഇലക്റ്റ്ട്രോണിക്സ് എഞ്ചിനീയറിംഗ് സര്ട്ടിഫിക്കറ്റ് തുകയെ വരൂ"
പേടിക്കണ്ട മുകളില്‍ പറഞ്ഞതെല്ലാം എഞ്ചിനീയറിംഗ് ഡിഗ്രീകള്‍ തന്നെ ആണ്...
എല്ലാ അപ്പന്മാരും മക്കളോട് സ്നേഹം ഉള്ളവരാണല്ലോ, അതിനാല്‍ തന്നെ ആ ചെക്കനും കിട്ടികാണും ഡബിള്‍ എഞ്ചിനീയറിംഗ്!

അപ്പൊ എങ്ങനാ നമുക്ക് ഒരു ഡോക്ടറേറ്റ് അങ്ങ് എടുത്താലോ? ഞാന്‍ ഏതായാലും ഒരു പത്മശ്രീക്ക് ബുക്ക്‌ ചെയ്തിട്ടുണ്ട് പക്ഷെ ഇമ്മിണി വില കൂടുതലാ പിന്നെ കുറച്ചു വെയിറ്റും ചെയ്യണം അത്രേ. എന്നാലെന്താ
"പത്മശ്രീ: ഡോക്ടര്‍ ഒഴാക്കന്‍ അവറുകള്" കേള്‍ക്കാന്‍ ഒരു രസം ഒക്കെ ഉണ്ടല്ലേ? 

മനംപോലെ ആണേ മംഗല്യം....


ഒഴാക്കന്‍ ഒരു ഭൂലോക ഒഴപ്പന്‍ ആണെന്നും മഹാ അലമ്പന്‍ ആണെന്നും പലരും കാലങ്ങളോളമായി ഈ ബൂലോകത്ത് പ്രചരിപ്പിക്കുന്നു എന്ന "തുണി ഉടുക്കാത്ത സത്യം" എന്നെ പോലെ തന്നെ നിങ്ങള്‍ക്കും അറിയാവുന്ന ഒന്നാണല്ലോ. പക്ഷെ സത്യത്തില്‍ ഞാന്‍ ചെന്നായയുടെ തോല്‍ അണിഞ്ഞ മാടപ്രാവിന്‍റെ ഹൃദയമുള്ള ഒരു കുഞ്ഞു ആട്ടിന്‍ കുട്ടിയാണ്. കണ്ടോ.. അത് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. സത്യത്തെ അതികകാലം ഇരുട്ടില്‍ അടയ്ക്കാന്‍ കഴിയില്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കൊണ്ട് വയനാട് എന്ന സുന്ദരമായ ഗ്രാമത്തില്‍ നിന്നും ഒരു കൊച്ചു സുന്ദരി ഈ ഒഴാക്കനിലെ ആട്ടിന്‍ കുട്ടിയെ തിരിച്ചറിയുകയും അതിനെ കെണി വെച്ച് പിടിക്കുകയും ചെയ്തിരിക്കുന്നു.നല്ല മുളകും അരച്ച് തേച്ചു വറത്തു തിന്നനാണോ അതോ സ്നേഹത്തോടെ കൂടെ കൊണ്ട് നടക്കാനാണോ എന്നുമാത്രം ഇനിയും വെക്തമല്ല.


അതെ കൂട്ടുകാരെ, ഒടുക്കം ദൈവം ഞാന്‍ ഉറങ്ങുമ്പോള്‍ അടിച്ചുകൊണ്ട് പോയ എന്‍റെ വാരിയെല്ല് ഞാന്‍ കണ്ടെത്തിയിരിക്കുന്നു. ഇനി എത്രയും പെട്ടന്ന് തന്ത്രപരമായി അവളെ കൂടെ കൂട്ടി എന്‍റെ നഷ്ട്ടപെട്ടു പോയ വാരിയെല്ല് തിരിച്ചു ബോടിയില്‍ ഫിറ്റ്‌ ചെയ്തു നഷ്ട്ടപെട്ട ശരീര സൌന്ദര്യം തിരിച്ചെടുക്കാനുള്ള ഒരു തത്രപാടിലാണ് ഈയുള്ളവന്‍ . ഈ വരുന്ന മാര്‍ച്ച്‌ അഞ്ചാം തിയതിയാണ് ആ ലോക മഹാസംഭവം നടക്കാന്‍ പോകുന്നത്. എന്‍റെ സന്തോഷങ്ങളും സങ്കടങ്ങളും എപ്പോഴും ഞാന്‍ പങ്കു വെച്ചിരുന്നത് നിങ്ങളോടൊപ്പം ആയിരുന്നല്ലോ അതിനാല്‍ തന്നെ ഈ പോസ്റ്റ്‌ ഒരു ഒഫീഷ്യല്‍ കല്യാണം വിളി ആയി കണക്കാക്കി എന്‍റെ പ്രീയ കൂട്ടുകാര്‍ എന്നെ വന്നു അനുഗ്രഹിക്കണം എന്നും മുന്‍പോട്ടുള്ള ജീവിതത്തില്‍ എനിക്ക് പിടിച്ചു നില്‍ക്കുവാനുള്ള ശക്തി തരണമെന്നും ഇതിനാല്‍ അപേക്ഷിക്കുന്നു


സുന്ദരനും മാന്യനും അതിലുപരി മമാന്യനും ആയ എന്നെ മനസ്സില്‍ കൊണ്ട് നടന്നിരുന്ന എന്‍റെ പ്രീയ തരുണീ മണികളെ നിങ്ങള്ക്ക് വിട. ഇനി മുന്നോട്ടു നിങ്ങളുടെ ഒരു കുഞ്ഞു സഹോദരനായി എന്നെ കാണണം എന്നും അപേക്ഷിക്കുന്നു (ലവളുടെ ആങ്ങള അല്പം സ്ട്രോങ്ങ്‌ ആണ് വെറുതെ എന്തിനാ അങ്ങേരുടെ കൈക്ക്  പണി ഉണ്ടാക്കുന്നതെ അല്ലെ).എന്‍റെ ബെസ്റ്റ് പകുതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പലപ്പോഴും ഞാന്‍ നര്‍മത്തിന്‍റെ മേന്പൊടി ചേര്‍ത്ത് ആണെങ്കിലും നിങ്ങളോട് പങ്കു വെച്ചിരുന്നു ഇനി ആ വിഷയം എന്നന്നേയ്ക്കുമായി ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു . അതിനാല്‍ തന്നെ തുടര്‍ന്ന് അങ്ങോട്ട്‌ 'എങ്ങനെ ഭാര്യയെ കയ്യില്‍ എടുക്കാം','പാചക രംഗം', 'കുടുംബ ജീവിതം എന്റമ്മോ ഒരു മഹാ സംഭവം', ' അമ്മായി അപ്പന്‍റെ പ്രീയ മരുമോന്‍' തുടങ്ങിയ വിഷയങ്ങളിലേക്ക് എന്‍റെ എഴുത്തിനെ വ്യാപിപ്പിക്കുവാനുള്ള തീരുമാനവും ഇതിനോടകം അറിയിച്ചുകൊള്ളുന്നു


അപ്പോള്‍ ഒരിക്കല്‍ കൂടി എല്ലാവരും എന്‍റെ വിവാഹ മംഗള കര്‍മങ്ങളില്‍ വന്നു പങ്കുചേരുകയും എന്നെയും എന്‍റെ കുടുംബത്തെയും അനുഗ്രഹിക്കണം എന്ന് അപേക്ഷിക്കുകയും അതിനോടൊപ്പം തന്നെ മുന്നോട്ടുള്ള കുടുംബ ജീവിതം കെട്ടുറപ്പ് ഉള്ളതാക്കുവാന്‍ പതിനായിരങ്ങളുടെ കെട്ടുകള്‍ സംഭാവനകള്‍ ആയി തന്നു എന്നെ ഒരു മുതലാളി ആക്കണം എന്നും ഉത്തരവാക്കിയിരിക്കുന്നു.

മൈ ഫോണ്‍ നമ്പര്‍ ഈസ്‌ 09987363720 . നിങ്ങള്‍ വിളിക്കുമ്പോള്‍ ഈ നമ്പര്‍ ബിസി ആണെങ്കില്‍ തെറ്റ് ധരിക്കണ്ട ഞാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചു ഭാവി ജീവിതത്തെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കുന്നതാണ് എന്ന് മാത്രം കരുതിയാല്‍ മതി.


എന്ന് നിങ്ങളുടെ സ്വന്തം
ഒഴാക്കന്‍  (മാര്‍ച്ച്‌ അഞ്ചുവരെ,അത് കഴിഞ്ഞു ഫാര്യയോട്‌ ചോദിക്കണം )

ഒപ്പ് . ( കുത്ത് )

പ്രായം പ്ലസ്‌ വികാരം = പ്രായപൂര്‍ത്തി

പത്താം ക്ലാസ് വരെ കൂടെ പഠിച്ചിരുന്നത് ആണാണോ പെണ്ണാണോ എന്നുപോലും നോക്കിയിരുന്നില്ല, അല്ലെങ്കില്‍ ആ വെത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഒന്നുകൂടി വളര്‍ന്നപ്പോള്‍ ആണ് പ്രേമം എന്ന വാക്കും പെണ്‍ എന്ന പക്ഷിയുടെ കളകൂജനവും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ശരിയാ.. പെണ്‍കുട്ടികളെ കാണുമ്പോള്‍ മനസിനും ശരീരത്തിനും എന്തൊക്കയോ ഒരു വയ്ക്ലഭ്യം. ആദ്യം ഒരു രോഗമാണെന്ന് കരുതി വീട്ടില്‍ കരുതിവെച്ചിരുന്ന സകല ആയുര്‍വേദ മരുന്നുകളും കഷായങ്ങളും എടുത്തു കഴിച്ചു നോക്കി, മരുന്ന് കാലിയായതല്ലാതെ രോഗത്തിന് യാതൊരു ശമനവും കാണുന്നില്ല. ദൈവമേ ഞാന്‍ ഒരു മാറാരോഗി ആയി മാറിയോ എന്നുള്ള ആ സംശയത്തില്‍ നിന്നും രക്ഷപെടുത്തിയത് അന്ന് കൂടെ പഠിച്ചതും എന്നെ പഠിപ്പിക്കാന്‍ പ്രായം ഉള്ളതുമായ ലത്തീഫ് ആയിരുന്നു.


" എടാ പഹയാ ഇത് രോഗമല്ല പ്രായപൂര്‍ത്തി ആകുന്നതിന്‍റെ ലക്ഷണം ആണ്"


എന്ത്? എനിക്ക് പ്രായ പൂര്‍ത്തി ആയെന്നോ?. വിശ്വസിക്കാന്‍ കഴിയുന്നില്ല. കയ്യില്‍ പിച്ചി നോക്കി. ഇല്ല , ജീവനുണ്ട്! കേട്ട പാടെ കേള്‍ക്കാത്ത പാതി വീട്ടിലേക്ക് ഓടി


അപ്പാ.. അമ്മെ.. അറിഞ്ഞോ എനിക്ക് പ്രായ പൂര്‍ത്തി ആയി!


"ഫാ, ആരാടാ കുരുത്തം കെട്ടവനെ പറഞ്ഞെ നിനക്ക് പ്രായ പൂര്‍ത്തി ആയി എന്ന്?

ഇവിടെ എനിക്ക് തന്നെ പ്രായ പൂര്‍ത്തി ശരിക്കായില്ല അപ്പോഴല്ലേ നിനക്ക്"

ഇല്ല.. വീട്ടുകാര്‍ വിശ്വസിക്കുന്നില്ല. എങ്കിലും പ്രായപൂര്‍ത്തി ആയി എന്ന് തെളിയിപ്പിക്കാന്‍ എനിക്ക് സപ്പ്രിടിക്കെറ്റ് ഒന്നും ഇല്ലല്ലോ ആകെ ഉള്ളത് ഈ ഞരമ്പ്‌ രോഗം മാത്രം. വീണ്ടും ലത്തീഫ് ഗുരുവിനെ കണ്ടപ്പോഴാണ് അറിഞ്ഞത് പൂര്‍ത്തി ആയിട്ടില്ല എന്നും പക്ഷെ അധികം വൈകാതെ പൂര്‍ത്തിയാകും എന്നും. ഏതായാലും പൂര്‍ത്തിയാകുമ്പോള്‍ ഒന്നറിയിക്കണേ എന്ന് പറഞ്ഞു ലത്തീഫിന്‍റെ അനുഗ്രഹവും വാങ്ങി വീണ്ടും ക്ലാസ്സുകളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.


പക്ഷെ പണ്ടത്തെ പോലെ ആ ശ്രദ്ധ അങ്ങോട്ട്‌ പതിയുന്നില്ല. പണ്ടു നാലില്‍ പഠിക്കുമ്പോള്‍ മൂക്കള ഒലിപ്പിച്ചു നടന്ന കവിതയുടെ മൂക്കിനു ഇപ്പൊ എന്തൊരു സൌന്ദര്യം. പണ്ടു പേനുകളുടെ കൂടായിരുന്ന സുമയുടെ മുടിക്ക് എന്തൊരു അഴക്. പണ്ടു മാങ്ങാച്ചുന പറ്റി തുട പോള്ളിയപ്പോ ഓടി വന്ന് കാണിച്ച രേഷ്മയെ പൊള്ളിയത്‌ ഒന്ന് നോക്കുക പോലും ചെയ്യാതെ ഓടിച്ചതില്‍ ഉള്ള കുറ്റ ബോധം. ഓ... ഈ പ്രായപൂര്‍ത്തി ആകണ്ടായിരുന്നു എന്ന് തോന്നി പോയ നിമിഷങ്ങള്‍. അങ്ങനെ മനസ് പ്രായപൂര്‍ത്തിയാകാന്‍ മടിച്ചും ശരീരം മറുപടി കാത്തു നിക്കാതെ പ്രായപൂര്‍ത്തിയിലേക്ക് കുതിച്ചും പോയ്കൊണ്ടേ ഇരുന്നു.


ഡിഗ്രി എത്തിയതോടെ പ്രായപൂര്‍ത്തി ആയത് നന്നായി എന്നും വേണമെങ്കില്‍ ഒന്നുകൂടി പ്രായപൂര്‍ത്തി ആയാലും കുഴപ്പമില്ല എന്നും തോന്നി തുടങ്ങി. അങ്ങനെ രണ്ട് വട്ടം പൂര്‍ത്തി ആയതുകൊണ്ടോ എന്തോ അറിയില്ല ക്ലാസ്സില്‍ തൊട്ട് മുന്നില്‍ ഇരുന്ന രാജിയോടു മാത്രം എന്തോ ഒരു ലത്‌. അങ്ങനെ ആ ലത് കായ്ച്ചു.. വീണ്ടും കായ്ച്ചു പക്ഷെ ശരിക്കങ്ങു പൂത്തില്ല. മരം, പൂക്കാനും വെള്ളം ഒഴിക്കാന്‍ ഞാനും റെഡി ആയിരുന്നെങ്കിലും മരം നിക്കുന്ന പറമ്പിന്‍റെ ഉടമ അമ്പിനും വില്ലിനും അടുക്കുന്നില്ല. അതിനിടയില്‍ ഡിഗ്രി കഴിഞ്ഞു ഞാന്‍ വീണ്ടും ഒരു പീജി കൂടെ ഒപ്പിച്ചു. "നോ രക്ഷ". മരം വെട്ടാന്‍ മാത്രം മുതലാളി സമ്മതിക്കുന്നില്ല. അങ്ങനെ പൂക്കാതെ വെറും കായ്കള്‍ മാത്രംമായി അവളും, ഇപ്പൊ പൂ "പറിക്കാം" എന്ന് കരുതി ഈ ഞാനും നാളുകള്‍ തള്ളി നീക്കി.


കാലങ്ങള്‍ പിന്നീടും ഒരുപാട് കൊഴിഞ്ഞു, അവളുടെ ഇലകളും. വര്‍ഷങ്ങള്‍ പ്രേമിച്ചു പ്രേമിച്ചു എന്നിലെ പ്രേമം പ്രീമിയം അടച്ചുള്ള ഒരു പ്രേമത്തിനായി കൊതിക്കാന്‍ തുടങ്ങി. എന്‍റെ മരം കാലം തെറ്റി ഇലകള്‍ പൊഴിച്ചും കാറ്റ് വരുമ്പോള്‍ ചില്ലകള്‍ അനക്കാതെ നിന്നും അതിന്‍റെ ഉടമകളെ ആവശ്യം ഉന്നയിച്ചു കൊണ്ടേ ഇരുന്നു. ആദ്യം 'പിച്ചകാരന് കൊടുത്താലും നിനക്ക് തരില്ല' എന്നുള്ള അവളുടെ അപ്പന്‍റെ ഡയലോഗിനു ചെറുതായി മാറ്റം വന്ന് തുടങ്ങി. ഒടുക്കം 'ഏത് എംബിയെ കാരന് കൊടുത്താലും നിനക്ക് തരില്ലെടാ' എന്നുള്ള പുതു മൊഴിയില്‍ എനിക്ക് പ്രതീക്ഷ മുളച്ചു. വീണ്ടും നിരന്തരമായ ശല്യവും മരത്തിനു പുഴുക്കേട്‌ പിടിക്കുമോ എന്നുള്ള പേടിയും കാരണം അവളുടെ അപ്പന്‍ ആ കല്യാണത്തിന് സമ്മതിച്ചു. പക്ഷെ ഒരു ഉറപ്പ് മാത്രം അപ്പന്‍ പറയുന്ന ഡേറ്റില്‍ തന്നെ കല്യാണം നടത്തണം. ഒന്നല്ല, എല്ലാ കൊല്ലവും ആ ദിവസം കല്യാണം കഴിച്ചുകൊണ്ടേ ഇരുന്നോളാം എന്നുള്ള വാക്കില്‍ മുതലാളി മരം മുറിക്കാനുള്ള ലൈസന്‍സ് തന്നു.


"വരുന്ന ഫെബ്രുവരി മുപ്പതാം തിയതി നീ വന്ന് മരം മുറിച്ചുകൊണ്ട് പൊയ്ക്കോ കാശൊന്നും തരണ്ട "


കേട്ട പാതി കേള്‍ക്കാത്ത പാതി മുദ്ര പേപ്പറില്‍ സൈന്‍ ചെയ്തു. അതിനു ശേഷം എന്‍റെ മരത്തിലേക്ക് നോക്കിയപ്പോള്‍ മാത്രമാണ് ദൈവമേ ഇനി എന്നാണാവോ ഒരു കൊല്ലത്തിനു മുന്നൂറ്റി അറുപത്തി ഏഴു ദിവസം ഉണ്ടാകുക എന്നുള്ള തത്വ ചിന്ത എന്‍റെ മനസിലേക്ക് കടന്നു വന്നത്. അങ്ങനെ വീണ്ടും ഞാന്‍ ആ ദിനത്തിനായി കാത്തിരിപ്പ് തുടങ്ങി!


പിന്‍ കുറിപ്പ്:

എന്‍റെ "കൂടെ പിറക്കാതെ" പോയ ആത്മാര്‍ത്ഥ കൂട്ടുകാരനും സഹമുറിയനും ആയ ഷിജോയുടെ അതി കഠിനമായ പത്തു കൊല്ലത്തെ പ്രണയത്തിനു പച്ചക്കൊടി കിട്ടിയത് ഈ അടുത്ത ദിവസത്തിലാണ്. അവനെ പരിചയപ്പെട്ട അന്ന് മുതല്‍ എല്ലാ കൊല്ലവും പത്തു ദിവസം അവന്‍റെ കല്യാണത്തിനായി മാറ്റി വെച്ച് പോന്ന ഞാന്‍ ഈ അടുത്താണ് അറിഞ്ഞത് ആ സുദിനം ഉടന്‍ വരാന്‍ പോകുന്നു എന്ന്. പക്ഷെ അപ്പോഴും അവന്‍റെ കല്യാണം ഉറപ്പിച്ചത് ഫെബ്രുവരി മുപ്പതിനാണോ എന്നൊരു സംശയം. ചിലപ്പോ എന്‍റെ ചെവിയുടെ കുഴപ്പം ആയിരിക്കും. ഒന്ന് കൂടി വിളിച്ച് നോക്കട്ടെ...