ഞാന്‍ കണ്ട (ബസ്‌) യാത്രക്കാര്‍

 
സ്വന്തം പറമ്പിലെ കപ്പക്ക്‌ രുചിയില്ല എന്ന ചൊല്ല്പോലയാണല്ലോ  നമ്മ മലയാളിസ്.കേരളത്തില്‍കൊന്നാലും നിക്കൂല, നേരെ വേറെ ഏതെങ്കിലും നാട്ടിലേക്ക് ഓടി,  അവിടുള്ളവന്‍റെ  "തന്തക്കുവിളി" കേട്ട്, ഏതെങ്കിലും കക്കൂസില്‍കിടന്നുറങ്ങി വല്ലകാലത്തും കിട്ടുന്ന വണ്ടിപിടിച്ച് നാട്ടില്‍ വന്ന് വന്നതിലും വേഗം സ്ഥലം വിടുന്നതിലാണ് നമ്മുടെ മിടുക്ക്! ഞാനും  ഇതിനൊരു അപവാദം അല്ലാത്തതിനാലും ഒരുപാടു തവണ കിട്ടിയ വണ്ടി പിടിച്ചുവരേണ്ടി  വന്നതിനാലും ബസ്‌യാത്രയില്‍നല്ലരീതിയിലുള്ള അനുഭവം  ഉണ്ടെന്നു തന്നെ പറയാം.ഇങ്ങനെയുള്ള ബസ്‌യാത്രയില്‍ കാണാറുള്ള പലതരം സ്വഭാവക്കാരെ കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്.ഇതില്‍ ബസ്‌ യാത്രക്കാര്‍ മാത്രമേ പെടു അതും ദീര്‍ഗദൂര യാത്രക്കാര്‍. ഇല്ലെങ്കില്‍ ഇനിയും ഒരുപാടു സ്വഭാവക്കാര്‍  കടന്നുവരും "പിച്ചക്കാര്‍ മുതല്‍ ജാക്കികാര്‍" വരെ അത് പിന്നീടു ആവാം!
  • പാല്‍ കുട്ടന്‍സ്‌
അതായത് അച്ഛനും അമ്മയുടെയും അടുത്തുനിന്നും ആദ്യമായി മാറിനിക്കുന്നവര്‍, മുലകുടി ഒരുമാസം മുന്പ് നിര്‍ത്തിയവര്‍. ഇവന്മാര്‍ക്ക് എല്ലാ ആഴ്ചയും നാട്ടില്‍ പോകണം, കേരളത്തിന്‌ വെളിയില്‍ വന്നത് പഠിക്കാന്‍ ആയാലും,  പെടുക്കാന്‍ ആയാലും,  പണിഎടുക്കാന്‍ ആയാലും. അതിനാല്‍ തന്നെ ഇവറ്റകള്‍ വല്ലപോഴും നാട്ടില്‍ പോകുന്ന എന്നെപോലുള്ളവര്‍ക്ക് വലിയ ശല്യം ആണ്. എല്ലാ ആഴ്ചയിലേയും എല്ലാ ടിക്കെറ്റും ഇവന്മാര്‍ ബ്ലോക്ക്‌ ചെയ്തിടും ഒടുക്കം നമ്മള്‍ ഡ്രൈവറുടെ കാലിനിടയില്‍ ഇരുന്നു പോകണ്ടി വരും. ഇവരുടെ മറ്റൊരു പ്രത്യേകത എല്ലാവിധ   സ്ഥാപകജങ്കമ   വസ്തുക്കളും ആയാണ്  യാത്രക്കയുള്ള വരവ്. അതായത് സ്വന്തമായൊരു പുതപ്പ് മിനിമം 2 തലയിണ, (ഒന്ന് നെഞ്ചത്ത് വെക്കാനും ഒന്ന് കാലിനിടയില്‍ തിരുകാനും ).  ഒരു ബെഡ് ഷീറ്റ്, ഒരു ലാപ്ടോപ്, ഒരു ഐപോഡ് എന്തിനേറെ പറ്റുമെങ്കില്‍ ഒരു ടെലിവിഷന്‍  വരെ കൊണ്ട് വന്ന് കളയും. അങ്ങനെ ഒരുകുപ്പി കുപ്പിപാലുമായി ഇവന്മാര്‍ സമയം കഴിച്ചു കൂട്ടികൊള്ളും.
  • പാമ്പന്‍സ്
പേരുപോലെത്തന്നെ കയറുമ്പോഴെ  നല്ല തണ്ണി ആവും ഈ ടീം. കുടിച്ചതൊന്നും പോരാഞ്ഞിട്ട്  ഇടയ്ക്കിടയ്ക്ക് കുടിച്ചുകൊണ്ടേ ഇരിക്കണം. ഇനി കുടി നിര്‍ത്തി ഉറങ്ങിയാലോ പിച്ചും പേയും പറയല്‍, ആകാശത്തേക്ക് തുപ്പല്‍, ജനാല വഴി പെടുക്കല്‍ തുടങ്ങിയ കലാപരുപടികള്‍ തുടങ്ങും. ഒടുക്കം മുന്‍പില്‍ ഇരിക്കുന്നവന്‍റെ  പുറം വഴിയും പുറകില്‍ ഇരിക്കുന്നവരുടെ  മുഖം വഴിയും  വാളും പരിചയും ചാരി നാട്ടുകാരുടെ ഇടിയൊക്കെ കൊണ്ട്
കഷ്ട്ടപാടും, കടപ്പാടും, ഒടുക്കം  അന്യന്‍റെ  ഇടിപ്പാടും പേറി രാവിലെ വീട് പറ്റും.
  •     ഇണക്കുരുവികള്‍
ഒരു ആണ്‍ കുരുവിയും  ഒരു പെണ്‍ കുരുവിയും . ഇവര്‍ക്കിടയില്‍ ജാതി, മതം, നിറം, പ്രായം ഇവയ്ക്കൊന്നും  പ്രാധാന്യം ഇല്ല.ആകെ സ്നേഹത്തിനു മാത്രം വില. സ്വന്തം ശരീരത്തെകാള്‍ കൂടയുള്ളവന്‍റെ  ശരീരത്തെ സ്നേഹിക്കുന്നവര്‍. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു ലൈറ്റ് അണച്ചാല്‍ ഇവരുടെ വര്‍ക്ക്‌ തുടങ്ങുകയായി. ശരീരം പരസ്പരം കയ്മാറുകയും  സഹായത്രക്കാരില്‍ ഒരിറ്റു കുശുമ്പും ഒരുപാടളവു "പ്രതുല്‍പാധന ചിന്തകളും" ഉണര്‍ത്തുന്ന ഇവര്‍ പലപ്പോഴും അന്തരീക്ഷം മറന്നു പെരുമാറാറും ഉണ്ട്. ഓടുന്ന വണ്ടി കുലുങ്ങണം അല്ലോ  പക്ഷെ നിര്‍ത്തിയിട്ട വണ്ടി കുലുങ്ങിയാലോ? അതാണ് ഞാന്‍ പറഞ്ഞ "മറവി ഓഫ് അന്തരീക്ഷം". നമ്മള്‍ ഭാഗ്യവാന്‍മാരും  ഓര്‍മശക്തി ഉള്ളവരും ആണെങ്കില്‍ പലപ്പോഴും പല ആണ്/പെണ്ണ് കാണല്‍ ചടങ്ങുകളില്‍ ഇവരെ വീണ്ടും കണ്ടുമുട്ടിയെന്നും വരാം. 
  •   മൂന്നടി വീരന്മാര്‍
മൂന്നടി എന്ന് വെച്ചാല്‍ മൂന്ന് പെഗ്ഗ്. ഒരു യാത്രയാകുമ്പോള്‍ ഒരു ചെറിയ കുളിര്‍മ ഒക്കെ വേണമല്ലോ അതിനാല്‍ ഒരു മൂന്നെണ്ണം ( കൂടുകയും ഇല്ല കുറയുകയും ഇല്ല ) വിട്ടു വണ്ടിയുടെ ആട്ടത്തിനൊപ്പം  ആടുന്ന പാവം കുടിയന്‍സ്.
ഇവര്‍ എല്ലാവരും തന്നെ നിരുപദ്രവകാരികള്‍ ആണ്. ഏതാണ്ട് ഡ്രൈവര്‍ ഉറങ്ങുവാന്‍ തുടങ്ങുമ്പോള്‍ ഉറങ്ങുകയും ഇറങ്ങേണ്ട സ്ഥലത്ത് കറക്റ്റ് ഇറങ്ങുകയും ചെയ്യുന്ന കൂട്ടര്‍. ആകെ ഒരു പ്രശ്നം ഇവന്മാരുടെ കൂര്‍ക്കം വലി മാത്രം ആണ്. അതിന്‍റെ  ശക്തി  പലപ്പോഴും തൊട്ടടുതിരിക്കുന്നവരെ  അവരുടെ മൂക്കിനുള്ളിലേക്ക്  വലിച്ചടിപ്പികാറുണ്ട്. ശല്യം മൂക്കുമ്പോള്‍ മുഖം നോക്കി ഉറക്കം ഉണരാത്ത രീതിയില്‍ ഒന്ന് വീക്കുകയോ  അല്ലെങ്കില്‍ ഉറക്കത്തില്‍ എന്ന വ്യാജേന പള്ളയ്ക്ക്  ഒരു തൊഴി കൊടുക്കുകയോ ചെയ്താല്‍ കൂര്‍ക്കം വലിക്കു ഒരു ശമനം ലഭിക്കും. ചിലപ്പോള്‍ അടിച്ച പെഗ്ഗിന്‍റെ  എണ്ണം പോലതന്നെ മൂന്ന് തവണ തലകൊണ്ട് അടുത്തിരിക്കുന്നവന്‍റെ  തോളില്‍ ഇടിക്കുന്ന ഒരു സ്വഭാവം കൂടി ഉണ്ടേ ഇവര്‍ക്ക്. കയ്യില്‍ ഒരു കോല്‍ കരുതിയാല്‍ ഇതിനു പരിഹാരം കാണാം
  •   മധു ആന്‍ഡ്‌ വിധു ( 6  മാസത്തില്‍ കൂടാത്തത്)
കല്യാണത്തിന്‍റെ  ആദ്യ നാളുകളില്‍ 24 മണിക്കൂറും മധുവിധു ആഘോഷിക്കുന്ന ഈ കൂട്ടര്‍ ബസ്‌ യാത്രയിലും വെറുതെയിരിക്കാറില്ല. മറ്റുള്ള യാത്രക്കാരില്‍ ഒരുനുള്ളു രോമാഞ്ചം വാരിവിതറി അവരങ്ങനെ കുറുങ്ങി കുറുങ്ങി  ഇരിക്കും. സ്വയം പര്യാപ്തം നേടിയ സ്വന്തമായി വണ്ടിയും ലൈസന്സും  ഉള്ള ഈ കൂട്ടരെ അതിനാല്‍ തന്നെ ആരും ഉപദ്രവിക്കാറില്ല. പലപ്പോഴും ഇവര്‍ക്ക് കൊടുത്തിരിക്കുന്ന 2 സീറ്റുകളില്‍ മൂനാമത് ഒരാള്‍ക്കുകൂടി ഇരിക്കുവാനുള്ള സ്ഥലം ബാക്കി കണ്ടുവരാറുണ്ട്, അത്രയധികമാകാറുണ്ട്  പലപ്പോഴും ഇവരുടെ "തേന്‍ കലര്‍ന്ന ചന്ദ്രയാന്‍ യാത്ര".
  • ഭാര്യ ഒന്ന് മക്കള്‍ മൂന്ന്
രണ്ട് സീറ്റില്‍ ഒരു വലിയ ഫാമിലിയെ  തന്നെ നമുക്ക് ഇവരില്‍ നിന്നും പരിചയപെടാം. ഇതില്‍ മിക്കവാറും  ഒരുകുട്ടി, ഭാവിയിലെ നല്ല ഒരു ഭാഗവതര്‍ ആകാന്‍ ( ഐഡിയ  സ്റ്റാര്‍ മോങ്ങര്‍ )  ചാന്സ് ഉള്ള ഒരെണ്ണം കൂടി ഉണ്ടെങ്കില്‍  സന്തോഷം!! ഭാര്യയും ഭര്‍ത്താവും  ഒഴികെ മറ്റാരും ഉറങ്ങേണ്ടി വരില്ല. ഇവരില്‍ കണ്ടുവരുന്ന ഒരു പ്രവണത എത്ര സ്ഥലം കുറവാണെങ്കിലും കയ്യില്‍ ഉള്ളതിലെ  വലിയ ബാഗ്‌ തന്നെ ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും  ഇടയില്‍ തിരുകി വെച്ചിട്ടുണ്ടാകും, അതുമൊരു "ഫാമിലി പ്ലാനിംഗ്" .
നാട്ടിലേക്കു കാലി ബാഗുമായി പോകുന്ന ഇവര്‍ തിരികെ വരുമ്പോള്‍ ചക്ക, മാങ്ങ, പ്ലാങ്ങ എന്നുവേണ്ട 2 കിലോ നെല്ലുകുത്തിയ  അരിവരെ ആയെ മടങ്ങി വരൂ .  
  • തൂക്കനാം  കുരുവി
ശരീരത്തിന്‍റെയും  മനസിന്‍റെയും  ഒരു പാതി നാട്ടില്‍ വിട്ടിട്ടു പുറത്തു ജോലി ചെയ്യുന്നവര്‍. സ്വന്തം ഭൂമി മരുഭൂമിയായി വിട്ടു ( ചിലര്‍ അയല്പക്കകാരെ  ഏല്‍പ്പിച്ചു കൊടുക്കാറുണ്ട് )അന്യന്‍റെ  ഭൂമിയില്‍ കൃഷി ഇറക്കുവാന്‍  വിധിക്കപെട്ടവര്‍.
ഞാന്‍ ആദ്യം പറഞ്ഞ പാല്‍ പയ്യന്‍സിനെ പോലെ തന്നെ മാസത്തില്‍ ഒന്നൊഴികെ ഉള്ള  എല്ലാ ആഴ്ചകളിലും ഈ കൂട്ടര്‍ നാട് സന്ദര്‍ശിക്കുകയും  കൃഷി നടത്തുകയും ചെയ്തു പോരുന്നു . "ചെങ്കൊടി"യില്‍ പൊതിഞ്ഞ ചില ആഴ്ചകള്‍ മാത്രമാണ് ഈ കൂട്ടര്‍ യാത്ര ഒഴിവാക്കാറുള്ളത്. യാത്ര വളരെ അത്യാവശ്യം ആയതിനാല്‍ തന്നെ പലപ്പോഴും ഇവര്‍ തൂക്കനാം കുരുവികളെ പോലെ തൂങ്ങി കിടന്നും, ചിലപ്പോ നിലത്തു കിടന്നുമൊക്കെ നാട്ടില്‍ പോകാറുണ്ട്. ഈ കൂട്ടരേ പലപ്പോഴും ബസിന്‍റെ  ഫൂട്ട്ബോര്‍ഡിലും ഗിയറുകള്‍ക്ക് ഇടയിലും  എല്ലാം കണ്ടുവരാറുണ്ട്.

  • ഫോണി മോന്‍സ്/മോള്‍സ്
ഇവര്‍ ജനിച്ചതെ ചെവിയില്‍  ഇയര്‍ ഫോണും ആയിട്ടാണെന്ന്  തോന്നും. ബസില്‍ കയറുമ്പോഴെ  ഏതെങ്കിലും ഒരു മൂലയ്ക്ക് സ്ഥലം പിടിക്കുന്ന ഇവരുടെ ആകയുള്ള ഉപദ്രവം പലപ്പോഴും മറുതലക്കല്‍ സ്വീകരിക്കാതെ തിരിച്ചയക്കപെടുന്ന "ഉമ്മകള്‍" നമ്മള്‍ സഹയാത്രികര്‍ ഒരു ചെവികളില്‍ വാങ്ങി മറുചെവിയിലൂടെ കളയണം എന്ന് മാത്രം. ഇവര്‍ ഉറങ്ങുന്നത് ഇതുവരെ കാണുവാനുള്ള ഒരു ഭാഗ്യം എനിക്ക് കടാക്ഷിച്ചിട്ടില്ല.

  • ഒഴാക്കന്‍സ് 
ഇത് പാവം ഞാനും എന്നെ പോലെ ഉള്ളവരും ആണ് വല്ലപ്പോഴും നാട്ടില്‍ പോകുകയും മുകളില്‍ പറഞ്ഞ എല്ലാ സ്വഭാവക്കാരെ സഹിക്കുകയും അവരുമായി സഹകരിക്കുകയും  ചെയ്യുന്ന പാവം എമ്പോക്കികള്‍.

 ഓ ടോ: ഇതില്‍ എല്ലാവരും പെട്ടിട്ടുണ്ടോ എന്നറിയില്ല, ഞാന്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ വായനക്കാര്‍ക്കും കൂട്ടി  ചേര്‍ക്കാം.

പട്ടികളോടും കുട്ടികളോടും കളിക്കരുത്


 "പട്ടികളോടും കുട്ടികളോടും കളിക്കരുത്" എന്ന ചൊല്ല് ജനനം മുതല്‍  കേള്‍ക്കുന്ന / കേള്‍പ്പിക്കുന്ന ഒന്നാണ്.
 "പറയുമ്പോള്‍ അറിയാത്തവന്‍ ചൊറിയുമ്പോള്‍ അറിയും" എന്ന മറ്റൊരു ചൊല്ല് വേണ്ടി വന്നു എനിക്ക് ആദ്യം ചൊല്ലിയ ചൊല്ല് ശരിക്കും മനസിലാവാന്‍.  അതില്‍ പട്ടികളെ ഞാന്‍ ഒഴുവാക്കി, ചുമ്മാ ചൊറിയാന്‍ നിന്നില്ല. പിന്നെ കുട്ടികള്‍! അവിടെയാണ് ചൊറിച്ചില്‍ അനുഭവപെട്ടത്‌. ഒന്നല്ല മൂന്ന് തവണ!!!

ഒന്നാം ചൊറിച്ചില്‍
പതിവ് പോലെ ശനിയാഴ്ച അതിരാവിലെ കറക്റ്റ് 12 .30 pm കിടക്കപാ വിട്ടു എണീറ്റു, വിത്ത്‌ ഔട്ട്‌ അലാറം.ഇനി വേണ്ടത് ഒരു ബെഡ് കോഫി, കോഫി  ബെഡിലേക്ക്  വരാത്തതിനാല്‍ ഞാന്‍ മെല്ലെ എണിറ്റു തൊട്ടടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റ്‌ ബേക്കറി ലക്‌ഷ്യം ആക്കി നടന്നു.  ബാംഗ്ലൂര്‍ ഒരു ബേക്കറി എന്ന് പറഞ്ഞാല്‍  ഏതാണ്ട് ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌ സെറ്റ് അപ്പ്‌ ആണ്. സിപ്പ് അപ്പ് മുതല്‍ അപ്പന്‍സ്‌ വരെ കിട്ടുന്ന സെറ്റ് അപ്പ്‌. ഒരു ഗ്ലാസ് പാലുംവെള്ളം "അര പപ്പുസ്" അതാണ് ആഗമന ഉദ്ദേശം. കടയില്‍ എത്തിയപ്പോള്‍ ഒരു ബന്ദിനുള്ള ജനം.ചാക്കോച്ചന്‍ ചേട്ടനും ചേടത്തിയും ഒരേ തിരക്ക് അവരുടെ മോള്‍ ഏതാണ്ട് മൂന്ന് വയസുവരും ഒരു മൂലക്കിരുന്നു റേഡിയോ പോലെ മോങ്ങികൊണ്ടിരിക്കുന്നു . പെറ്റ തള്ള സഹിക്കില്ല, ചാക്കോച്ചി ചേടത്തി സഹിച്ചാലും!! പെറ്റതല്ല  എങ്കിലും എനിക്കും സഹിച്ചില്ല, ചാക്കൊച്ചനോട്  ചോദിച്ചു എന്തിനാ ആ പയ്തല്‍ കരയുന്നതെന്ന് " ആ മൈ&* ആര്‍ക്കറിയാം കുറച്ച് കഴിഞ്ഞു  നിര്‍ത്തിക്കോളും "  ചേടത്തിയോടു ചോദിച്ചു, "അതിയാന്‍റെ  അല്ലെ മൊതല്" ( ആവോ ചേടത്തിക്ക് അറിയാം).  അമ്മച്ചിയാണെ എനിക്ക്  എന്നിട്ടും മതിയായില്ല  ഞാന്‍ അടുത്ത് ചെന്ന് കുക്കുടു മോള് എന്തിനാ കരയണേ മാമന്‍  എടുക്കണോ എന്ന് ചോദിച്ചത് മാത്രം ഓര്‍മയില്‍ ഒള്ളു. കൊച്ച് കരച്ചില്‍ നിര്‍ത്തി തെറി തുടങ്ങി  " എടാ പട്ടി പൂ@@ മോനെ നിന്നെ കത്തിയെടുത്തു കുത്തി കൊല്ലും മൈ@#... ഒരു അഞ്ചു മിനിറ്റു പ്രകടനം. മൈ, പൂ തുടങ്ങിയ വാക്കിന്‍റെ  സ്പുടത കണ്ടിട്ട് കൊച്ച് രാഷ്ട്രിയത്തില്‍ നന്നായി വാഴുന്ന ലക്ഷണം ഉണ്ട്.  അത് പോലെ തന്നെ ചാക്കോച്ചന്‍ തന്നെ വളര്‍ത്തച്ഛന്‍ എന്നും  ഉറപ്പ്.  കുഞ്ഞു കൊച്ചല്ലേ, അറിയാവുന്ന  തെറിപോലും ഞാന്‍ മറന്നു പോയി, എടുത്തു ആ ഭിത്തിയില്‍ തേച്ചു വെച്ചാലോ എന്ന് വരെ തോന്നി പോയി. ചുറ്റും നിന്നവന്മാര്‍  ഒരു മൂന്നു വയസുകാരിയെ   പീഡിപ്പിച്ചവനെ  നോക്കുന്ന പോലെ എന്നെ നോക്കുന്നു, അങ്ങനെ അന്നത്തെ അര പപ്പസ്   പാര്‍സല്‍ ആക്കി ഞാന്‍ തടി എടുത്തു.
     
രണ്ടാം ചൊറിച്ചില്‍
ആദ്യം ഉണ്ടായ ചൊറിച്ചില്‍പാടുകള്‍ കാലം എന്‍റെ മനസ്സില്‍ നിന്നും മായ്ച്ചു കളഞ്ഞതുകൊണ്ടോ അല്ലെങ്കില്‍ ചൊറിഞ്ഞവന്‍  വീണ്ടും ചൊറിഞ്ഞുകൊണ്ടേ ഇരിക്കും എന്ന ചൊല്ല് അറിയാഞ്ഞകൊണ്ടോ  വീണ്ടും പറ്റി അബദ്ധം. ഇത്തവണ സ്വന്തം കുടുംബക്കാരന്‍റെ  അടുത്ത് നിന്നും ആയിരുന്നു.
വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ ചെലവ് കുറയ്ക്കാനും പരിചയം പുതുക്കാനും ആയി കുടുംബക്കാരുടെ തിണ്ണ നിരങ്ങുക എന്നത് എന്‍റെ ഒരു വിനോദം ആണ് അങ്ങനെ ഒരുദിവസം നിരങ്ങി നിരങ്ങി ഒരു കുടുംബകാരന്‍റെ  വീട്ടില്‍ എത്തി. അവിടെ ഒരുപാടു തിണ്ണ നിരങ്ങികള്‍ സ്ഥാനം പിടിച്ചിരിക്കുന്നു, ഞാനും എന്‍റെ സ്ഥാനം ഉറപ്പിച്ചു. ഉച്ചക്കുള്ള ഊണ് വരെ  പിടിച്ചു നിക്കണം അതിനുള്ള വഴി വീട്ടിലുള്ള  കുട്ടികളെ കളിപ്പിക്കുക ചേട്ടനെ കുടിപ്പിച്ചു കിടത്തുക അങ്ങനെ ചിലതാണ്.  ചോറ് ആകുന്നതു  വരെ പിടിച്ചു നിക്കാന്‍ ചേച്ചി കുറച്ച് ലഡ്ഡു കൊണ്ട് നിരത്തി!. ചോറ് ഇനിയും വൈകും എന്ന സൂചനയാണ് ലഡ്ഡു തരുന്നത് അതിനാല്‍ തന്നെ ഒരു മണിക്കൂര്‍ എങ്കിലും കളയണം. അപ്പോഴാണ്‌  അവിടുത്തെ കുഞ്ഞുവാവ ( 3 വയസ്) ലഡ്ഡു പത്രത്തിലേക്ക് നോട്ടം ഇട്ട് വന്നത്. ലക്ഷണം കണ്ടിട്ട് കൊച്ച് ലഡ്ഡു കൊണ്ടുപോകും. എന്നാപിന്നെ കുറച്ച് കളിപ്പിച്ചിട്ടു കൊടുക്കാം എന്ന് വച്ചു. ഓരോ തവണ കൊച്ച് കൈ  കൊണ്ടുവരുമ്പോഴും  ലഡ്ഡു പാത്രം അല്പം മാറ്റും. മൂന്ന് തവണ ആയപ്പോഴെ  കൊച്ചിന് കലിപ്പായി. അവന്‍ ലഡ്ഡു പത്രം തട്ടി പറിച്ചു എന്നിട്ട് ഉറക്കെ "  ഇന്നാ പട്ടി കൊണ്ടുപോയി നക്ക്"  എല്ലാ തിണ്ണ നിരങ്ങികള്‍ക്കും സന്തോഷം. എനിക്ക് വയറും നിറഞ്ഞു. ഒടുക്കം ഒരു ഏമ്പക്കവും വിട്ടു ഞാന്‍ മെല്ലെ മൂത്രം  ഒഴിക്കാന്‍ എന്ന വ്യാജേന മുങ്ങി തൊട്ടടുത്ത  കുട്ടാപ്പു  ചേട്ടന്‍റെ കിണറില്‍ നിന്നും വെള്ളവും കോരി കുടിച്ചു വീട് പിടിച്ചു.

മൂന്നാം ചൊറിച്ചില്‍ 
 ആദ്യമായി ചൊറിഞ്ഞ രണ്ടും ശരിക്ക് പൊട്ടിയതിനാല്‍ ഇനിയൊന്നു ഇല്ലെന്നു കോല് ഒടിച്ച് ഇട്ടതാണ്. ഒടിച്ചിട്ട കോല്‍ ആരോ കൊണ്ടുപോയി കത്തിച്ചു എന്ന്  തോനുന്നു അങ്ങനാണല്ലോ വീണ്ടും  ചൊറിയേണ്ടി വന്നത്. ഇത്തവണ പണി  കിട്ടിയത് ബാംഗ്ലൂര്‍ ഫ്ലാറ്റില്‍ തൊട്ടടുത്ത്‌ ഉള്ള  കുട്ടിയില്‍ നിന്നും ആണെന്ന് മാത്രം. ഒരു മിടിക്കി പെണ്‍കുട്ടി!!
മൂന്നോ  നാലോ വയസു വരും പ്രായം. ഞാന്‍ ജോബ്‌ ഒക്കെ കഴിഞ്ഞു വരുമ്പോ അത് വഴിയില്‍ ഇരുന്നു കളിക്കുന്നു. ഞാന്‍ വീണ്ടും പഴയ ചങ്കരന്‍ ആയി ( ചങ്കരന്‍ വീണ്ടും തെങ്ങുംമല്‍ ) തെങ്ങുംമല്‍ ചങ്കരന്‍.!!
 "വാവേ ച്ചുക്കുടു  എന്നാ എടുക്കുവാ... മാമനോട് കൂട്ട് കൂടുമോ ?
ഉടനടി ഒരു അഞ്ചാറ് ചോദ്യം ചറ പറ എന്ന്
ഹൂ  ദ ഹെല്‍ ആര്‍ യു ?
വാട്ട് യു  വാണ്ട്‌ ?.. ഡോണ്ട് യു  ഹാവ് ആന്‍സര്‍ ?
അമ്മെ!!! ഇതിനുമാത്രം ഉത്തരങ്ങള്‍ അറിയാം എങ്കില്‍  ഞാന്‍ ഇപ്പൊ അമേരിക്കയില്‍ ഇരുന്നേനെ ...
 ഞാന്‍ മെല്ലെ  " ഐ ആം ദ  ഒഴാക്കാന്‍"
മോള്: വാട്ട്
ഒഴാ: ഓ അല്ല ( മനസ്സില്‍)  " ഐ ആം ഒഴാക്കാന്‍"
പിന്നെ ഉള്ള ചോദ്യങ്ങള്‍ കണക്കുമാഷ് കൊണ്ടുപോകുംപോലെ പിന്നെ പറഞ്ഞു തരാം എന്ന വ്യാജേന ഡോര്‍ തുറന്നു ഉള്ളില്‍ കയറി ഓടി പോയി കണ്ണാടിയില്‍ നോക്കി എന്നെ തന്നെ നോക്കി സമാധാനിപ്പിച്ചു. 
" ഹും പുതിയ ലിപിയാ   അവള്‍ ചോദിച്ചേ, പഴയ ലിപി ആയിരുന്നെങ്കില്‍  കാട്ടി കൊടുക്കാമായിരുന്നു"

 ഓ ടോ:  മുകളില്‍ പറഞ്ഞ എല്ലാ ഞാനും ഞാന്‍ അല്ല! ചിലത് എന്‍റെ കൂട്ടുകാര്‍ ആണേ.  നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു