ആദ്യ മുംബൈ/വിമാന യാത്ര

മുംബൈ,
അതൊരു മഹാസാഗരം നമ്മള്‍ അതിലെ തരി മണലുകള്‍ മാത്രം.
 ആ സാഗരത്തിലെ ഒരു തരി മണല്‍ ആകുവാന്‍ ഈ ഒഴാക്കന്‍ ഒരുപാട് കഷ്ട്ടപെട്ടു എന്നതാണ് സത്യം. അതിനായി ഞാന്‍ ഒരുപാട് പടികള്‍ ആദ്യമായി കയറി.
വിമാനത്തിന്‍റെ പടി, ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ പടി, പുതിയ കമ്പനി പടി, ഒടുക്കം റൂം കിട്ടാതെ ഊര് തെണ്ടിയുടെ തിണ്ണ പടി,അങ്ങനെ അങ്ങനെ... 

വിമാനം എന്ന പറക്കുന്ന പക്ഷിയെ പറക്കുമ്പോള്‍ മാത്രം കണ്ടു പരിചയം ഉള്ള ഈ പാവം ഒഴാക്കന്‍ ഒടുക്കം വിമാനം കയറേണ്ടി വന്നു. സുന്ദരികളായ എയര്‍ഹോസ്റ്റെസ്മാരെ മനസ്സില്‍ താലോലിച്ചു  എത്രയോ രാത്രികള്‍ ഉറങ്ങിയിരിക്കുന്നു. അവരെ മനസ്സില്‍ ധ്യാനിച്ച്‌   കയ്യിലുള്ള കെട്ടും കിടക്കയുമായി ചെന്നെത്തിയത് ഒരു ഇറച്ചിക്കോഴി പോലെ ഇരിക്കുന്ന, സൌന്ദര്യത്തിനു വില പറയുന്ന ഒരു അമ്മച്ചിയുടെ മുന്‍പില്‍, "കോസ്റ്റ് കട്ടിംഗ്". എനിക്കത് വേണം വേണ്ടാത്തത് വിചാരിചിട്ടല്ലേ.

അമ്മച്ചി !! എന്നുവിളിച്ച ഓര്‍മ്മ മാത്രമേ ഉള്ളു, അവര്‍ അതുവരെ 'അറിയില്ല' എന്ന് ഭാവിച്ചിരുന്ന പച്ച മലയാളത്തില്‍ എന്‍റെ പിതാവിനെ വരെ വിളിച്ചുകളഞ്ഞു. ആ നിമിഷം ഈ ഒഴാക്കാന്‍ ഒരു തീരുമാനം എടുത്തു ഇനി ഏതു കൊടികുത്തിയ അമ്മച്ചി ആണേലും "അമ്മച്ചി" എന്നുവിളിക്കില്ല എന്ന്. 'ഐ മീന്‍ ഹം അച് ഹി' എന്ന് ഹിന്ദി പോലെ ഒരു ഭാഷയാണ് എന്നുള്ള എന്‍റെ ദയനീയമായ മറുപടിയില്‍ ഒരു വിധം തടി ഊരി .

ഒടുക്കം കയ്യിലും കാലിലും ഉള്ള ബാഗിലും എല്ലാം വിമാനത്തിന്‍റെ പരസ്യം ഒട്ടിച്ചു ആ മൂലക്കെയ്ങ്ങാനും പോയി ഇരിക്കാന്‍ പറഞ്ഞു. അങ്ങനെ മൂലയ്ക്ക് ഇനി എന്ത്? എന്ന ചിന്തയുമായി ഇരുന്ന എന്‍റെ മുന്നിലൂടെ അതാ ഒരു മൂന്നു വയസുകാരി ഹിന്ദി നല്ല മണി മണിയായി പറഞ്ഞു പോകുന്നു.. ഹോ.. കൊതിയായി പോയി ഞാന്‍ ഇവിടെ പത്തിരുപത്തിയെട്ടുകൊല്ലം തലകുത്തനെ നോക്കിയിട്ട് പറ്റാത്ത കാര്യമാ....

അങ്ങനെ ഹിന്ദിയും പറഞ്ഞു ഒരു നോര്‍ത്ത് കാരി പെണ്ണിന്‍റെ തോളില്‍ കയ്യും ഇട്ടു പോകുന്ന സ്വപ്നം കണ്ടുതുടങ്ങിയ എന്നെ നേരത്തെ പറഞ്ഞ എയര്‍ഹോസ്റ്റസ് സുന്ദരി വിമാനത്തിലേക്ക് ആനയിച്ചു.മലപ്പുറം ബസില്‍ മാത്രം കയറി പരിചയമുള്ള ഞാന്‍ കയ്യിലുള്ള തൂവാല റെഡി ആക്കി വെച്ചു, എന്നാലല്ലേ സീറ്റ്‌ പിടിക്കാന്‍ പറ്റു ഇല്ലങ്കില്‍ മുംബൈ വരെ നിന്ന് പോകണ്ടി വന്നാലോ.വിമാനത്തില്‍ കയറിയതും ആദ്യം കണ്ട സീറ്റിലേക്ക് തൂവാല ചുരുട്ടി എറിഞ്ഞു സീറ്റ്‌ ഉറപ്പാക്കി. പിന്നെയാണ്  മനസിലായത് വിമാനത്തില്‍ പിടിച്ചു നിക്കാന്‍ കമ്പി ഇല്ലാത്തതിനാല്‍ എല്ലാവരും നിലത്ത്എങ്കിലും ഇരുന്നു പോണം അത്രേ.

അങ്ങനെ ആദ്യമായി കിട്ടിയ വിമാനസീറ്റിനെ ആദ്യരാത്രിയില്‍ ഭാര്യയെ എന്നപോലെ ഞാന്‍ അടിമുടി ഒന്ന് പരിശോദിച്ചു.
ഇല്ലാ...
സീറ്റ്‌ പൊന്തിക്കാനും താത്താനും ഉള്ള ഗിയര്‍ ഒന്നും കാണുന്നില്ല. അങ്ങനെ ഒലക്ക വിഴുങ്ങിയപോലെ ഇരുന്ന എന്നോട് അതാ തൊട്ടുപുറകില്‍ നിന്നും ഒരു ഹിന്ദിക്കാരന്‍ എന്തൊക്കയോ പറയുന്നു..
" സത്യമായിട്ടും ഞാന്‍ അത്തരക്കാരന്‍ അല്ല" 
എത്ര പറഞ്ഞിട്ടും ടിയാന്‍ കേള്‍ക്കണ്ടേ പിന്നെയാണ് മനസിലായത് ആശാന് എന്‍റെ സീറ്റ് ഒന്ന് പൊന്തിക്കണം, അതിനിനി ജാക്കി എവിടെയാണോ ആവോ എന്ന് കരുതി ഇരുന്ന എന്നെ തൊട്ടടുത്തിരുന്ന മാന്യന്‍ ആരും കാണാതെ സീറ്റ് പൊന്തിക്കാന്‍ വെച്ചിരിക്കുന്ന സ്വിച്ച് കാണിച്ചു തന്നു,
എന്നാലും  പഹയാ ഞാന്‍ ഇത്ര നേരം നോക്കിയിട്ടും കാണാത്തത് നീ ഒറ്റ നോട്ടത്തില്‍ കണ്ടുപിടിച്ചല്ലോ എന്നൊരു തെല്ല് അസൂയയോടെ ഒരു കുഞ്ഞു നന്ദി പറഞ്ഞു ജാക്കി വെച്ച് സീറ്റ് പൊന്തിച്ചു.

പിന്നീടുള്ള അവിടെ എത്തുവാനായുള്ള പ്രാര്‍ഥനയും പരിവട്ടവും ആയി സമയം പോയതറിഞ്ഞില്ല. 
ഒഴാക്കന്‍ മുംബയില്‍ ലാന്‍ഡ്‌!!
നല്ലൊരു മാര്‍വാടിയെ അനുസ്മരിപ്പിക്കും വിധം ശരീരം ആസകലം ബായ്ഗുകളും തൂക്കി ഞാന്‍ പുറത്തിറങ്ങി അപ്പോള്‍ അതാ ഒരു ബോര്‍ഡുമായി ഒരാള്‍. 

ഒഴാക്കന്‍ 
ഫോണ്‍ നമ്പര്‍ 
കേരള 

ദൈവമേ! ആരോ എന്നെ കൊട്ടേഷന്‍ കൊടുത്തോ, അധോലോകം തട്ടികൊണ്ടുപോകാന്‍ നിക്കുവാണോ, എന്‍റെ ബാഗിലെ കാലങ്ങളോളം ആയി അപ്പനപ്പൂപ്പന്മാരായി കയ്മാറി ഉപയോഗിച്ചുവരുന്ന എന്‍റെ ട്രൌസര്‍ വരെ അവന്മാര്‍ കൊണ്ടുപോകുമോ.. ഒരുപാട് ചോദ്യങ്ങള്‍ നിമിഷനേരംകൊണ്ട് നിരനിരയായി എന്‍റെ മനസിലേക്ക് ഓടിയെത്തി. എന്തും നെഞ്ച്കൊണ്ട് അല്ലെങ്കില്‍ കൊണ്ടിടം കൊണ്ട് തടുക്കുന്ന നമുക്കുണ്ടോ കൂസല്‍ നേരെ ചെന്ന് അറിയാവുന്ന 'മലയാള ഹിന്ദി തമിഴ് കന്നട ഇംഗ്ലീഷ് ഭാഷയില്‍ ഒരൊറ്റ ചോദ്യം 
"താന്‍ ആരുവാ"..
ഭാഗ്യം!! പാവം എനിക്ക് ബുക്ക്‌ ചെയ്തിരുന്ന ഹോട്ടലില്‍ നിന്നും വന്ന ഡ്രൈവര്‍ ആയിരുന്നു. അങ്ങനെ ഞാന്‍ എന്നെ തന്നെ മറന്നു ആ കാറില്‍ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു. ജീവിതത്തില്‍ ഹോട്ടല്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ
മൈമാക്കയുടെ ഒരു കാലൊടിഞ്ഞ ബെഞ്ചും തലേദിവസത്തെ ആവിപറക്കുന്ന ബോണ്ടയും കണ്ടുവളര്‍ന്ന ഈ പാവം ഒഴാക്കാന് അവിടെ കാത്തിരുന്നത് ഒരുപിടി ചൂടന്‍ അനുഭവങ്ങള്‍ ആയിരുന്നു..

എന്‍റെ ഈ യാത്ര എല്ലാവര്‍ക്കും  ഇഷ്ട്ടപെടുകയാണെങ്കില്‍ തീര്‍ച്ചയായും അതൊരു രണ്ടാം ഭാഗമായി ഉടന്‍ വരുന്നതായിരിക്കും, അതിനു മുമ്പ് മുംബൈ വാലകള്‍ എന്നെ തല്ലി സൈഡ് ആക്കിയില്ലെങ്കില്‍...