മമ്മാക്കയുടെ മസ്സിൽസും പിന്നെ ഒരല്പം മസാജും


യവ്വനം തുടിച്ചിരുന്ന നാളുകളിൽ ഞങ്ങൾ യുവാക്കളുടെ ലോക്കൽ 'ആർനോൾഡ് ഷിവാസ്നിഗർ' ആയിരുന്നു നാട്ടിലെ 'മമ്മാക്ക'. നല്ല കരിവീട്ടിയിൽ കടഞ്ഞെടുത്തപോലെ ഉള്ള ശരീരം, മമ്മാക്ക ഒന്ന് വിരിഞ്ഞു നിന്നാൽ ശരീരം മുഴുവനും പാക്കേജുകളുടെ ഒരു ബഹളം ആണ്. എങ്ങനെയും മമ്മാക്കയുടെ പോലേ ഒരു ശരീരം വാർത്തെടുക്കണം എന്നതായിരുന്നു  ആ നാളുകളിൽ ഞങ്ങൾ യുവ കോമളന്മാരുടെ പരമമായ ജീവിത  ലക്ഷ്യം. ഈ ലക്ഷ്യത്തിനുള്ളിലെ സ്കോപ്പ് തിരിച്ചറിഞ്ഞ അപ്പൻ ഒരു സൈക്കോളജിക്കൽ മൂവിൻ്റെ ഭാഗമായി പറമ്പിൽ പണി എടുക്കുന്നതിനെ കുറിച്ചും അതുവഴി നല്ല ഉറച്ച ശരീരം ഉരുത്തിരിയുന്നതിനെ കുറിച്ചും ഒളിഞ്ഞും തെളിഞ്ഞും പലതവണ സൂചിപ്പിച്ചെങ്കിലും പണ്ടേ  എനിക്ക് വിയർപ്പിൻ്റെ അസുഖമുള്ളതിനാൽ അപ്പൻ്റെ അടവുകളൊന്നും  ചിലവായില്ല. എന്നിരുന്നാലും ചിലപ്പോഴൊക്കെ അപ്പൻ്റെ  മസിൽ പവറിന് പണിയാകേണ്ട എന്ന് കരുതി അല്ലറ ചില്ലറ പറമ്പിൽ പണികളൊക്കെ ഞാൻ എടുക്കാറുണ്ടായിരുന്നു എന്നത് ഒരു തുണിയുടുക്കാത്ത സത്യം മാത്രമാകുന്നു.

പതിനെട്ടു തികഞ്ഞതിൻ്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നതിനോടൊപ്പം അടുത്തുള്ള 'സുഗുണൻ സൗന്ദര്യ ശാലയിൽ' നിന്നും ഒരു മെമ്പർഷിപ്പും തരമാക്കി, ഉദ്ദേശം നമ്മുടെ പഴയ ലക്ഷ്യം തന്നെ, ബോഡി വിത്ത് മമ്മാക്ക മസ്സിൽസ്!. മസിലുവേണമെന്ന ആക്രാന്തത്താൽ ജിമ്മിൽ ചെന്ന അന്നുതന്നെ മമ്മാക്കയുടെ മസ്സിൽസിനെ മനസ്സിൽ ധ്യാനിച്ച് തൊട്ടടുത്തു കണ്ട വലിയ രണ്ടു ഇരുമ്പു കട്ട എടുത്തു പൊന്തിച്ചത് മാത്രമേ ഓർമ്മയൊള്ളു, അതാ കിടക്കുന്നു നടുവും തല്ലി ജിമ്മിൻ്റെ നടുത്തളത്തിൽ. ആ കിടപ്പു വീട്ടിലേക്ക് മാറ്റിയതിനൊപ്പം ബോഡി വിത്ത് മസ്സിൽസ് എന്ന സ്വപനവും പതിയെ മനസ്സിൽ നിന്നും മാറ്റേണ്ടി വന്നു. എങ്കിലും ഒരു പുതിയ സ്വപ്നം അതോടൊപ്പം തന്നെ മനസ്സിൽ സ്ഥാനം പിടിച്ചു 'ബോഡി മസാജ്'. അതെ, നടുവ് നേരെയാകണമെങ്കിൽ നല്ല മസാജ് ചെയ്യണമത്രേ. അങ്ങനെ ഒഴാക്കൻ മസിൽ  വിട്ടു മസാജിൻ്റെ  പുറകെയുള്ള പ്രയാണം ആരംഭിച്ചു. പിന്നീടങ്ങോട്ടുള്ള എണ്ണത്തോണികളിലെ ഒരു യാത്രയിലാണ് ബോഡി ടു  ബോഡി മസാജ്  എന്ന 'മസാജോം കി മസാജിനെ' അടുത്തറിയുന്നത്. അപ്പൻ്റെ കൈയ്ക്കും എൻ്റെ ശരീരത്തിനും പണിയാക്കേണ്ട എന്ന് കരുതി മസാജിൻ്റെ രാജാവിനെ അനുഭവിക്കുവാനുള്ള ആഗ്രഹത്തെ സ്വപ്നങ്ങളിൽ തന്നെ മേയാൻ വിട്ട്  നല്ലകുഞ്ഞാടായി വീട്ടിൽ കഴിയുന്ന കാലം.അങ്ങനെ ഇരിക്കയെയാണ് അറിയുന്നത് നമ്മുടെ ബോഡി ടു  ബോഡി തരമാകുന്ന ഒരു സ്ഥലം ഉണ്ട്, ബാംഗ്ളൂർ!. പിന്നെ ഒന്നും നോക്കിയില്ല, ഇനിയെങ്കിലും പണിയെടുത്തു ജീവിക്കണം എന്ന എൻ്റെ ഉടായിപ്പ് മോഹത്തെ അപ്പന് പണയം വെച്ച് കാശാക്കി ജോലിതെണ്ടാനെന്ന വ്യാജേന തൊട്ടടുത്ത ദിവസത്തെ കല്ലട പിടിച്ചു. അപ്പനപ്പൂപ്പന്മാർ പണ്ടുചെയ്ത പുണ്യം കൊണ്ടോ എന്തോ തട്ടുകൂടൊന്നും കൂടാതെ കല്ലടക്കാർ എന്നെ ബാംഗ്ളൂർ എന്ന മഹാ നഗരത്തിൽ നേരെവണ്ണം കാലുകുത്താൻ അനുവദിച്ചു.

പിന്നീടങ്ങോട്ടുള്ള  അന്വേക്ഷണങ്ങൾക്കൊടുവിൽ ഞാൻ ആ സ്ഥാപനത്തിൻ്റെ നമ്പർ തപ്പിയെടുത്തു 
" ബന്ധപ്പെടുക - ബോഡി ടു ബോഡി മസ്സാജ്"
നമ്പർ എവിടെനിന്നെന്നു മാത്രം ചോദിക്കരുത്.. ഒരു ക്ലൂ എന്ന നിലയ്ക്ക് നമ്മുടെ സർക്കാർ വക ഉള്ള ഒരു അണ്ലോഡിഡിങ് സ്ഥാപനത്തിൻ്റെ വാതായനങ്ങളിൽ നിന്നാണെന്നു മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ. തൊട്ടടുത്ത ദിവസം തന്നെ കുളിച്ച് ഒഴാക്കനായി കയ്യിലുള്ള കാശും തട്ടിക്കൂട്ടി നേരെ നമ്മുടെ സ്ഥാപനത്തിലേക്ക് വെച്ചു പിടിച്ചു. റിസപ്‌ഷനിൽ ഇരിക്കുന്ന തരുണീമണിയെ കണ്ടപ്പോഴേ രണ്ടുമൂന്നു ലഡ്ഡുവും ജിലേബിയും എല്ലാം ചറപറ മനസ്സിൽ കിടന്നു പൊട്ടി

മാഡം, ഈ ബോഡി ടു ബോഡി മസാജ്?
എസ് സർ, ഫീസ് അടച്ചിട്ട് നേരെ ഉള്ളിലേക്ക് ചെല്ലൂ
അന്ന് കഞ്ഞികുടിക്കാനുള്ള കാശടക്കം ഫീസായടച്ച് മെല്ലെ അരയന്ന പിടപോലെ ആ റൂമിലേക്ക് കടന്നു
അതാ നിൽക്കുന്നു ഒരു ഘടാഘടിയൻ। 
അണ്ണാ ഈ ഈ ബോഡി ടു ബോഡി മസാജ്?
തന്നെ തന്നെ, ഡ്രെസ്സെല്ലാം മാറ്റിയിട്ട്  ആ തോണിയിലേക്ക് കയറി കിടന്നോ
അണ്ണാ അപ്പൊ ഈ തരുണീമണികൾ?
തരുണീമണികളോ? 
അല്ല ഈ മസാജ് ഒക്കെ ചെയ്യുന്ന...
നീ മണി തരും ഞാൻ മസാജ് ചെയ്യും അതാണിവിടുത്തെ തരുണീമണി സെറ്റപ്പ് 
പിന്നീടുള്ളതെല്ലാം ചരിത്രം: ആ ബോഡി ഈ ബോഡിയിൽ നടത്തിയ മസാജിൻ്റെ ഫലമായി ശരീരമാസകലമുള്ള എല്ലാകിളിക്കുഞ്ഞുങ്ങളും പറന്നു പോയി..

ഒടുവിലാൻ: കാലങ്ങൾ കൊഴിഞ്ഞുപോയ്ക്കൊണ്ടേയിരുന്നു. പറന്നുപോയ കിളിക്കുഞ്ഞുങ്ങൾ  ഓരോന്നായി തിരിച്ചെത്തി. കുഞ്ഞുകുട്ടി പരാധീനതകളുമായി ഒഴാക്കൻ ജീവിതം തള്ളിനീക്കുന്ന കാലം. അങ്ങനെ ഇരിക്കെ ഒരുദിവസം ഒഴാക്കൻ്റെ ചെവിയിൽ  മറ്റൊരു ഒഴാക്കൻ മന്ത്രിച്ചു.
അണ്ണാ നമ്മുടെ അപ്പാർട്മെൻ്റിൻ്റെ അടുത്ത് ഒരു മസാജ് സെറ്റപ്പ് വന്നിട്ടുണ്ട്. 
തന്നെടെ? ബോഡി ടു ബോഡി ?
തന്നണ്ണാ തന്നെ! അവിടെ പോയി തലമുടി വെട്ടിയാൽ ബോഡി ടു ബോഡി ഫ്രീ, അതും ഫ്രം തരുണിമണീസ്।
ഒഴാക്കൻ്റെ മനസ്സിൽ അഞ്ചാറ് അരിയുണ്ട പൊട്ടി (ഷുഗർ ഉണ്ടേ.. അതുകൊണ്ടു ഇപ്പൊ അരിയുണ്ട വെച്ച് അഡ്ജസ്റ്റ് ചെയ്യലാണ് പതിവ്)
പണ്ട് മുടങ്ങിയ മസാജ്  മോഹം വീണ്ടും തലപൊക്കി.
ഒട്ടും വൈകിച്ചില്ല, നേരെ വച്ചുപിടിച്ചു, 'കട്ടിങ് വിത്ത് ബോഡി മസാജ്'

മൊത്തത്തിൽ ഒള്ള സെറ്റപ്പ് ഒക്കെ കൊള്ളാം. ഫുൾ ഓഫ് തരുണിമണീസ്. അങ്ങനെ കറങ്ങുന്ന കസേരയിൽ ഇരുന്നു കുറുങ്ങുന്ന എൻ്റെ അരികിലേക്ക് ഒരു തരുണീമണി കുണുങ്ങി വന്നു.

സർ, എന്താണ് വേണ്ടത്?
കട്ടിങ്, പിന്നെ ഒരു ചെറിയ ബോഡി മസാജ് (അശ്വദ്ധാത്മാ ഹത കുഞ്ചര.. ബോഡി മസ്സാജ് കേട്ടോ എന്തോ.)
ടിക്ക് ടിക്ക്..  കട്ടിങ് ഈസ് ഓവർ.. ഇനിയാണ് നമ്മുടെ മസാജ്  
സർ, ഹാർഡ് മസാജ്  ഓർ സോഫ്റ്റ് മസാജ്? 
അതെല്ലാം കുട്ടിയുടെ ഇഷ്ട്ടം.. 
അണ്ണാ, സാറിനൊരു ഹാർഡ് മസാജ്  
അണ്ണനോ? 
മെല്ലെ തിരിഞ്ഞുനോക്കിയപ്പോൾ അതാ നിക്കുന്നു നമ്മുടെ പഴയ ഘടാഘടിയൻ.
അമ്മേ!! 
എൻ്റെ കിളികൾ എല്ലാം പറക്കാൻ വീണ്ടും ചിറകു വിടർത്തി 
എൻ്റെ പൊന്നണ്ണാ, നോ ബോഡി.. നോ മസാജ്.. 
അണ്ണൻ്റെ മറുപടിക്കുനിന്നില്ല। ഇറങ്ങി ഓടി!
ഓടുന്ന വഴിയേ നമ്മുടെ മറ്റേ ഒഴാക്കനെ കണ്ടുമുട്ടി. എങ്ങനുണ്ട് അണ്ണാ മസാജ്? കിടു മോനെ കിടു. ആ അവസാനത്തെ ഒരു ഐറ്റം ഉണ്ടല്ലോ.. ഓ കിക്കിടു.

കാശുപോയാലും, ശരീരം പോയാലും ഞാൻ സഹിക്കും പക്ഷെ അഭിമാനം, അതുവിട്ടൊരു കളിയില്ല.. അല്ല പിന്നെ!