ബാംഗ്ലൂര്‍ നിനക്ക് വിട.....

എംബിഎ  എന്ന എടുത്താ  പൊങ്ങാത്ത ഡിഗ്രീ എടുത്തതില്‍ പിന്നെ നാട്ടില്‍ നിക്കാന്‍ പറ്റാത്ത അവസ്ഥ. പത്താം ക്ലാസും ഗുസ്തിയും ഉള്ളവരുടെ ഡിഗ്രി കണ്ടു സ്വന്തം പറമ്പും തൂമ്പയും നല്‍കിയ മുതലാളിമാര്‍ എന്‍റെ നേരെ മുഖം  തിരിച്ചു, പഠിപ്പ് കൂടിയാലുള്ള അവസ്ഥ. സമ്പന്നരുടെ ഒരു ഡിഗ്രിയും കൂടെ ഒരുകുട്ട നിറയെ കടവുമായി വീട്ടില്‍ വന്നു കയറിയ എനിക്ക് ഒരു ജോലി അതായിരുന്നു വളരെ അത്യാവശ്യം. മലയാളം എന്ന ഭാഷയും പിന്നെ നട്ടാല്‍ കിളിര്‍ക്കാത്ത കുറെ നുണകള്‍ അടങ്ങിയ ബയോഡാറ്റയും.അതുമായി ഞാന്‍ ബാംഗ്ലൂര്‍ എന്ന സ്വപ്ന നഗരിയിലേക്ക് കള്ളവണ്ടി കയറി.

ഭാഷ നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്നൊരു സിറ്റി, ശരിക്കും അതായിരുന്നു ബാംഗ്ലൂര്‍. കന്നടയും തമിഴും എന്ന വ്യാജേന ഞാന്‍ സംസാരിച്ച പച്ച മലയാളം മനസിലാക്കുന്ന നാട്ടുകാര്‍. പലരുടെയും അടുക്കള നിരങ്ങിയ എനിക്ക് ദൈവ സഹായമോ അതോ പൂര്‍വ പുണ്ണ്യ ജന്മംമോ 2005 പൊന്നോണ നാളില്‍ ജോലി എന്ന സ്വപ്നം  പൂവായി വന്നണിഞ്ഞു. പിന്നീട് അങ്ങോട്ട്‌ ശരിക്കും  ജീവിക്കുകയായിരുന്നു.
വീക്ക്‌ ഏന്‍ഡ് എന്ന പുതിയ തത്വങ്ങളും ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന ആഴിയാ കുരിക്കുകളും
ജീവിതത്തിലേക്ക് വന്നു ചേരുകയായിരുന്നു.

രക്ത ബന്ധങ്ങളെക്കാള്‍ വില മതിക്കുന്ന സ്നേഹ ബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളും.
അതായിരുന്നു പിന്നെ എല്ലാം. മറക്കാനും സ്നേഹിക്കാനും മാത്രം അറിയാവുന്ന ഒരുപാട് സുഹൃത്തുക്കള്‍.
 അഞ്ചു കൊല്ലം! ഇന്നലെ എന്നപോലെ മനസിലൂടെ ഓടിയെത്തുന്നു.
ആദ്യമായി ഇ മെയില്‍ അയക്കാനും പ്രൊഫഷണല്‍ ആയി തെറി കേള്‍ക്കാനും പറയാനും പഠിപ്പിച്ച എന്‍റെ കമ്പനി, സുഹൃത്തുക്കള്‍.
എല്ലാ മലയാളിയെയും  എന്നപോലെ 'കാഷ്' എന്ന ചിന്തയില്‍ ഞാനും എപ്പോഴോ ചെന്ന് പെട്ടു. എല്ലാം പഠിച്ച മലയാളിയെ വരവേല്‍ക്കാന്‍ ഐ റ്റി ഭീമന്മാര്‍ തയ്യാറും.
പറക്കാന്‍ പഠിപ്പിച്ച കമ്പനി, സ്നേഹം വാരി കോരി തന്ന സുഹൃത്തുക്കള്‍.. ആരും
ഉണ്ടായിരുന്നില്ല മനസില്‍, ഞാന്‍ പോകുന്നു എന്ന കത്ത് കമ്പനിക്ക് കൈ മാറുമ്പോള്‍.

അങ്ങനെ അഞ്ചു കൊല്ലത്തെ പരിചയവും ഒരിക്കലും തീര്‍ത്താല്‍ തീരാത്ത കടങ്ങളും പേറി യാത്രപറയുമ്പോള്‍ മനസ് ശരിക്കും ശൂന്യം ആയിരുന്നു. ഇനിയൊരിക്കലും ലഭിക്കുമോ എന്നറിയാത്ത എല്ലാം വിട്ടു ഞാന്‍ ബാംഗ്ലൂര്‍ എന്ന മഹാ നഗരത്തോട് ഇന്ന് യാത്ര പറയുന്നു... തുടര്‍ന്ന് മുംബൈ എന്ന മെട്രോ നഗരത്തിലേക്ക്.

ഇതെഴുതുമ്പോളും എന്‍റെ മനസു ശൂന്യമാണ്. എല്ലാം നഷ്ട്ടപെട്ടവനെ പോലെ എങ്കിലും എന്നെ കാത്ത്  എന്തോ ഉണ്ടെന്നപോലെ. ജീവിതമെന്ന  നൌകയിലെ അടുത്ത യാത്രക്കായി പെട്ടികള്‍ തയ്യാറാക്കി ഇരിക്കുന്ന ഈ ഒഴാക്കാന് ഇനി എന്ത് എന്നറിയില്ല എങ്കിലും സ്നേഹം മാത്രം വിളമ്പിയ ഈ കൊച്ച് നഗരത്തിനോട് വിട പറയുമ്പോള്‍ ഒരു തുടം കണ്ണ് നീര്‍ മാത്രം.. മനസ്സില്‍ തട്ടിയ ഒരു വിട എന്ന വാക്കും.

മുംബൈ സെ തക്ക് ജാനേ വാലെ രാജധാനി എക്സ്പ്രസ്സ്‌ ഫ്ലാറ്റ്ഫോം നമ്പര്‍ ദോ മെ ആനെ ക്കെ സംഭാവനാ ഹെ ( ഹോ  , ഹും )  എന്ന ആകെ അറിയാവുന്ന  ഹിന്ദിയുമായി ഞാന്‍ പുതിയ ഒരു ലോകത്തിലേക്ക്‌ പറക്കുകയാണ്. ഇനിയെന്തെന്നറിയാതെ!!!

അമ്മച്ചി ഭാഷ!

ജനിച്ചുവീണ് കണ്ണ് തുറന്ന അന്നുമുതല്‍ പഠിക്കാന്‍ തുടങ്ങിയതാണ്‌!
ആദ്യം കമലാന്‍, പിന്നെ നടക്കാന്‍, ശരിക്ക് പെടുക്കാന്‍, അമ്മെ മ്മേ മ്മേ... എന്ന് വിളിക്കാന്‍ അങ്ങനെ ഒരുപാട്.ഒടുക്കം പത്ത് ഇരുപത്തിയഞ്ചു കൊല്ലത്തെ ഗുസ്തി കൊണ്ട് എംബിഎ  കഴിഞ്ഞതോടുകൂടി  ഇനി എന്‍റെ പട്ടി വരും പഠിക്കാന്‍ എന്ന പ്രസ്താവനയോടെ പഠനത്തിനോട് വിട വാങ്ങി!ഉണ്ടായിരുന്ന പത്ത് ഏക്കര്‍ എംബിഎ പഠിപ്പിക്കാന്‍  മുറിച്ചു വിറ്റ പാവം അപ്പന്‍ ഇനിയുള്ള മൂന്നേക്കര്‍ തനിയെ 'പ്ലാന്റിക്കോള്ളാം' എന്ന് പ്രസ്താവിച്ചതോടെ 'കഞ്ഞിക്കുരു' തേടിയുള്ള എന്‍റെ പ്രയാണത്തിന് തുടക്കമായി!

കൊഞ്ചു മെണച്ചാല്‍ മുട്ടോളം പിന്നെ  മെണച്ചാല്‍ ചട്ടിയില്‍ എന്നപോലെ ഞാന്‍ നേരെ മെണച്ചു, ബാംഗ്ലൂര്‍ എന്ന ചട്ടിയിലേക്ക്! കൈമുതലായി  ഒന്നാം ക്ലാസിലെ തറ പറ മലയാളവും ഒരല്പം അഹങ്കാരവും പിന്നെ ഒരിക്കലും നിറയാത്ത ഒരു വയറും. പഠിച്ചത് വെച്ച് അരപ്പേജ് മാത്രം ഉണ്ടായിരുന്ന സീവി ഒടുക്കം നാട്ടിലെ കടക്കാരുടെ പേര് കൂടി ചേര്‍ത്ത് ഒരുപേജ് ആക്കി  ആദ്യം കണ്ട മുറുക്കാന്‍ കട മുതല്‍ പബ്ലിക്‌ കക്കൂസില്‍ വരെ കയറി വിതരണം ചെയ്തു, എല്ലാ മഹാന്മാരുടെയും തുടക്കം കുപ്പതൊട്ടിയില്‍ നിന്നായിരുന്നല്ലോ.  തെണ്ടാനുള്ള മടി ഇല്ലായ്മ കൊണ്ടോ നാണം എന്ന രസം എപ്പോഴോ കൈ മോശം വന്നതുകൊണ്ടോ എന്തോ നല്ല ഭങ്ങിയായി
കണ്ടവരോടൊക്കെ തെണ്ടി " ഒരു പണി തരുമോ സാറേ" എന്ന്, ഒടുക്കം അവരുടെ കയ്ക്ക് പണി ആകും എന്ന് കണ്ടതോടെ ആ പരുപാടി എട്ടായി മടക്കി ചെവിയില്‍ തിരുകി.

അങ്ങനെ ഒരു ദിനം പതിവുപോലെ കുളിച്ചു ഒഴാക്കന്‍  ആയി  ജോലി തെണ്ടാന്‍ ഇറങ്ങി. എന്‍റെ ആകാര സൌന്ദര്യം കണ്ടിട്ടോ എന്തോ ഒരു മാന്യന്‍ എന്നോട് ഒരു സെക്യൂരിറ്റി പണി ഓഫര്‍ ചെയ്തു,ഒന്നും ചെയ്യണ്ട അതിരാവിലെ ഓഫീസിനു മുന്‍പില്‍ പോയി ഒരു വടിയും പിടിച്ചു നിന്നാ മതി മാസം 3000 ക പോക്കറ്റില്‍!
പഠിക്കാന്‍ ശ്രമിച്ച എംബിഎ എല്ലാം ഒരുനിമിഷം  മറന്ന ഞാന്‍ യെസ് പറഞ്ഞു!
പണി കിട്ടിയ സന്തോഷത്തോടെ അപ്പനെ വിളിച്ചു..

അപ്പാ കിട്ടി
ഓ ഹോ എവിടുന്നാടാ മേടിച്ചു കിട്ടിയത് 
അതല്ല, അപ്പാ പണി കിട്ടി
എത്രയിന്‍റെ പണിയാ മോനെ?  എട്ടിന്‍റെയോ  അതോ അതില്‍ കൂടുതലോ? ( അപ്പന്‍ ആരാ മൊതല്‍!  ഞാന്‍ പോയാ മിനിമം  എട്ടിന്‍റെ  പണി എങ്കിലും വാങ്ങിയെ വരൂ  എന്ന് മൂപ്പനറിയാം )
അപ്പാ,,,, എട്ടിന്‍റെ  അല്ല ഒരു ബാങ്കിന്‍റെ  സെക്യൂരിറ്റി പണി 
ഫു!!
അപ്പന്‍ എന്നാ മുറുക്കാന്‍ വായില്‍ ഇട്ടിട്ടുണ്ടോ? ചുമ്മാ തുപ്പുന്നെ
എടാ 'അറിയാതെ പിറന്നവനെ', നിന്നെ ആട്ടി തുപ്പിയതാ. 3000 രൂപക്ക് സെക്യൂരിറ്റി നിക്കാന്‍ ആണോടാ ഞാന്‍ എന്‍റെ പത്ത് ഏക്കര്‍ വിറ്റു നിന്നെ പഠിപ്പിച്ചത്?
വിറ്റതും പഠിപ്പിച്ചതും ശരിയാ, പക്ഷെ പഠിച്ചോ എന്ന് മാത്രം ചോദിച്ചോ? അല്ല പിന്നെ!
അപ്പന് ഇഷ്ട്ടമില്ലേ പോകുന്നില്ല വേറെ പണി നോക്കാം,
ഈ മാസത്തെ ആ ശമ്പളം ഒന്ന് അയച്ചിരുന്നെങ്കില്‍...
ശമ്പളമോ?.. ഏത് ശമ്പളം?
ഹാ അപ്പാ... അപ്പന്‍റെ മകനായി പിറന്നതിലുള്ള ശമ്പളം, ഇല്ലേ ദേ ഞാന്‍ ശരിക്കും തെണ്ടിയാകും
ഉം!

ആ 'ഉം' ഞാന്‍ റെസിപ്റ്റ്  ആയി എടുത്തു ഫോണ്‍ കട്ട്‌ ചെയ്തു! ഇനി നല്ല ഒരു ജോലി കിട്ടിയേ തരം ഒള്ളു.ഇല്ലേ ഈ ബാംഗ്ലൂര്‍ നഗരത്തിനു ഒരു തെണ്ടിയെ കൂടി സഹിക്കേണ്ടി വരും. അതിനിടയില്‍ എപ്പോഴോ എന്‍റെ സീവി കണ്ട ഒരു പാവം കമ്പനി എന്നെ ജോലിക്കുള്ള ഇന്റര്‍വ്യൂവിനു വിളിച്ചു. അങ്ങനെ അറിയാവുന്ന എല്ലാ ദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ഥിച്ചു യാത്രയായി!ഒരു മാസം കൊണ്ട് സാധാരണ ഒരു ഇന്റര്‍വ്യൂവില്‍  എന്തൊക്കെ ചെയ്യണം എന്നത് മനപാഠം ആക്കിയിരുന്നു!

" ഞാന്‍ ഒഴാക്കന്‍, കേരളത്തില്‍ നിന്നും വരുന്നു, ഡിഗ്രീ കണക്കാ, പിന്നെ എംബിഎ
വീട്ടില്‍ എന്നെ കൂട്ടി 4  പേര്‍!
അപ്പന് പോത്തിനെ ( എന്നെ ) മേയ്ക്കല്‍ പണി
 അമ്മ, വീട്ടു ഭാര്യ (ഹൌസ് വൈഫ്‌) 
വിനോദം: കുട്ടിയും കോലും കളി , മാവിന് കല്ലെറിയല്‍, പുഴയില്‍ ചാട്ടം, സിനിമ കാണല്‍, വായന,..
വീക്നെസ്: ആ സാധനം ഇല്ലാത്ത ഒരാളാണ് ഞാന്‍! പിന്നെ ഒരു കുപ്പി വെച്ച് വിളിച്ചാ എങ്ങോട്ടും വരും അത് ഒരു വീക്നെസ് ആണോ? ഇംഗ്ലീഷ്  അറിയില്ല, അതൊരു അറിവുകേടല്ലേ അല്ലാതെ വീക്നെസ് അല്ലാലോ.
സ്ട്രെങ്ങ്ത് : 10 തടിമാടന്‍ അമ്മാവന്‍സ്, എന്തിനും പോന്ന കൂട്ടുകാര്‍, എല്ലില്ലാത്ത ഒരു നാക്ക് "
 പക്ഷെ ഒറ്റ കുഴപ്പം മാത്രമേ  ഉള്ളു, ഇതെല്ലാം ഇംഗ്ലീഷില്‍ ആണ് പഠിച്ചു വെച്ചിരിക്കുന്നത് ഇടയില്‍ ആരെങ്കിലും കയറിയാല്‍ സംഭവം തുടക്കം മുതലേ തുടങ്ങണം!

അങ്ങനെ ഇന്റര്‍വ്യൂ തുടങ്ങി,
ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ആകെ മൂന്ന് പേര്‍. ഉത്തരം പറയാന്‍ ഈ പാവം ഒഴാക്കനും!
ചെന്നപാടെ, ഗുഡ് മോര്‍ണിംഗ് സാര്‍ സ്‌ സ്‌ ‌ ( മൂന്ന് പേരില്ലേ അതാ)
സാര്‍  ഞാന്‍ കയറിയ പടി 17
പുറത്തു 7 കസേര
കത്തികിടക്കുന്ന  ബള്‍ബ്‌ 5 കത്താത്തത് 2
വാട്ട്‌?
എത്ര വാട്ട് ആണെന്ന് സത്യമായും അറിയില്ല!
ഇന്റര്‍വ്യൂവര്‍ : വാട്ട്‌ - w h a t - വാട്ട് 
അല്ല സിനിമയില്‍ ഒക്കെ കണ്ടിട്ടുണ്ട് ഇന്റര്‍വ്യൂ, ഇതെല്ലാമല്ലേ ചോദിക്കാന്‍ പോകുന്നത്  ചോദിക്കുന്നതിനു  മുന്‍പേ ഉത്തരങ്ങള്‍ പറഞ്ഞാ അത്രയും പെട്ടന്ന് തീര്‍ക്കാലോന്നു കരുതി!
തുടങ്ങിയപ്പോഴേ എനിക്കാകെ വശപ്പിശക്  തോന്നി ഒരുത്തന്‍ നാട്ടിലെയും വീട്ടിലെയും കാര്യങ്ങള്‍ ചോദിക്കുന്നു
വേറെ ഒരുത്തന്‍  പഠിച്ച കാര്യങ്ങള്‍. മൂനാമന്‍ ഒന്നും ചോദിക്കുന്നില്ല  എന്ന് മാത്രമല്ല കോഴിക്കോട് ബസ്‌ സ്റ്റാന്‍ഡില്‍ അസമയത് കണ്ട ഒരു വൃത്തികെട്ട നോട്ടം അതും അടി മുടി.
ഒന്നാമന്‍: ഒഴാക്കന്‍ താങ്കളെ  കുറിച്ച് പറയു
ഞാന്‍ കേട്ട പടി നമ്മുടെ സാധനം ചൊല്ലാന്‍ തുടങ്ങി
ഞാന്‍ ഒഴാക്കന്‍, കേരളത്തില്‍ നിന്നും വരുന്നു, ഡിഗ്രീ കണക്കാ...
ഇടയില്‍ രണ്ടാമന്‍: ഡിഗ്രി എന്താന്നാ  പറഞ്ഞെ?..
കണക്കാ...
ഒന്നാമന്‍: ഓക്കേ കണ്‍ടിന്യു
ഒഴാക്കന്‍: നോ,  നോ കണ്‍ടിന്യു  ഒണ്‍ലി സ്റ്റാര്‍ട്ടിംഗ്
ഒന്നാമന്‍: വാട്ട്‌
ഒഴാക്കന്‍: ഞാന്‍ ഒഴാക്കന്‍, കേരളത്തില്‍ നിന്നും വരുന്നു, ഡിഗ്രീ കണക്കാ...
ഒടുക്കം പഠിച്ചത് പാടി തീര്‍ന്നു!
ഒന്നാമന്‍: അമേരിക്കയുടെ പ്രസിഡന്റ്‌ ആരാ?
ഒഴാക്കന്‍: ബു..
രണ്ടാമന്‍ (ഇടയില്‍ കയറി) : എന്താ ഒഴാക്കന്‍റെ  അപ്പന്‍റെ പേര്
ഒഴാക്കന്‍: ബുഷപ്പച്ചന്‍!
ഒന്നാമന്‍/രണ്ടാമന്‍:  ബുഷപ്പച്ചന്‍??
ഒഴാക്കന്‍: അത് പിന്നെ ബുഷ്‌ അമേരിക്കയുടെയും അപ്പച്ചന്‍ എന്‍റെയും അപ്പന്‍സ്‌ ആ..
ഒന്നാമന്‍: അക്കൗണ്ട്‌ ഗോള്‍ഡന്‍  റൂള്‍സ് പറയു
ഒഴാക്കന്‍: അത് പിന്നെ,,, ആദ്യത്തെ റൂള്‍ ഒന്ന് പറഞ്ഞാ ബാക്കി ഞാന്‍ പറയാം ( മൂത്തവര്‍ ആദ്യം എന്നാണല്ലോ, എന്‍റെ ഒരു വിനയം)
രണ്ടാമന്‍: ഓക്കേ,  പറയണ്ട
ഒഴാക്കന്‍: സന്തോഷം
ഒന്നാമന്‍: വായന ഇഷ്ട്ടമാണെന്ന് പറഞ്ഞല്ലോ ഏതാ അവസാനം വായിച്ച ബുക്ക്‌
ഒഴാക്കന്‍: അയ്യേ, യു മീന്‍ കൊച്ച് ബുക്ക്‌?
ഒന്നാമന്‍: ഐ മീന്‍ ബുക്ക്‌
ഒഴാക്കന്‍: മംഗളം
ഒന്നാമന്‍: ഓ, ആരാ മംഗളം എഴുതിയത്
ഒഴാക്കന്‍: സുധാകര്‍ മംഗളോദയം
രണ്ടാമന്‍: നിങ്ങള്‍ സിനിമ ഇഷ്ട്ടം ആണെന്ന് പറഞ്ഞല്ലോ, അവസാനം കണ്ട സിനിമയുടെ കഥ പറയു
ഒഴാക്കന്‍: അത് വേണോ?
രണ്ടാമന്‍: അവസാനം കണ്ട മലയാള സിനിമയുടെ കഥ പറയു
ഒഴാക്കന്‍: നീ പൊ മോനെ ദിനേശാ.. അങ്ങനാ സിനിമ തുടങ്ങുന്നത് ( അങ്ങനെ നരസിംഹത്തില്‍ തുടങ്ങി അവസാനം ബാലേട്ടനില്‍ കൊണ്ട് ചെന്ന് ഒരുവിധം ഒപ്പിച്ചു, ഇനി കൊന്നാലും സിനിമ ഹോബിയില്‍  ഇല്ല പൊന്നെ) 
മൂന്നാമന്‍: ഒഴാക്കന്‍ നിങ്ങള്ക്ക് സ്ട്രോങ്ങ്‌   എംറ്റിഐ  ഉണ്ട്
ഒഴാക്കന്‍: ( മനസ്സില്‍, പഹയാ എല്ലാം കണ്ടുപിടിച്ചു അല്ലെ? ഒന്നുകൂടി ഞെളിഞ്ഞിരുന്നു)
ഒന്നാമന്‍: ഒഴാക്കന്‍, താങ്കള്‍ക്ക്  എന്തെങ്കിലും  പറയാന്‍ ഉണ്ടോ?
ഒഴാക്കന്‍: അത് പിന്നെ ഞങ്ങളുടെ കുടുബത്തില്‍ എല്ലാവര്ക്കും നല്ല എംറ്റിഐ  ആണ് ഞാന്‍ പിന്നെ എംബിഎ  കൂടി പഠിച്ചതിനാല്‍ ഒന്നുകൂടി  സ്ട്രോങ്ങ്‌ ആയി എന്ന് മാത്രം
മൂന്നാമന്‍ : വി   വില്‍ റിവേര്‍ട്ട് ബാക്ക് റ്റു യു
ഒഴാക്കന്‍ : ബാക്ക്??
മൂന്നാമന്‍: വി  വില്‍ ലെറ്റ്‌ യു നോ

അങ്ങനെ ആദ്യത്തെ ഇന്റര്‍വ്യൂ വിജയകരമായി  അവസാനിപ്പിച്ചു!

എങ്കിലും മനസ്സില്‍ ഒരു ചോദ്യം മാത്രം മുഴച്ചു നിന്നു എന്താ ഈ എംറ്റിഐ ? ഇത്ര സ്ട്രോങ്ങ്‌ ആയിട്ട് ഇവന്‍ ഉള്ള കാര്യം ഞാന്‍ അറിഞ്ഞില്ലല്ലോ ഇതുവരെ?  ചിലപ്പോ പാരമ്പര്യമായി കിട്ടിയതാവും അപ്പന്‍ പറയാന്‍ മറന്നതാവും! പിന്നീടുള്ള ഇന്റര്‍വ്യൂ യാത്രകളില്‍ ആണ് എംറ്റിഐ  എന്താണെന്നു പിടികിട്ടിയത്

M - Mother
T - Tongue
I -  Influence

ചുരുക്കം പറഞ്ഞാ അമ്മച്ചിയുടെ  ഭാഷ എന്‍റെ ഭാഷയെ അതിയായി സ്വാധീനിക്കുന്നു  പോലും! മാതൃ ഭാഷയുടെ ഗുണം! സ്വാധീനിക്കുന്നെങ്കില്‍  ഇങ്ങനെ തന്നെ വേണം!