മനംപോലെ ആണേ മംഗല്യം....


ഒഴാക്കന്‍ ഒരു ഭൂലോക ഒഴപ്പന്‍ ആണെന്നും മഹാ അലമ്പന്‍ ആണെന്നും പലരും കാലങ്ങളോളമായി ഈ ബൂലോകത്ത് പ്രചരിപ്പിക്കുന്നു എന്ന "തുണി ഉടുക്കാത്ത സത്യം" എന്നെ പോലെ തന്നെ നിങ്ങള്‍ക്കും അറിയാവുന്ന ഒന്നാണല്ലോ. പക്ഷെ സത്യത്തില്‍ ഞാന്‍ ചെന്നായയുടെ തോല്‍ അണിഞ്ഞ മാടപ്രാവിന്‍റെ ഹൃദയമുള്ള ഒരു കുഞ്ഞു ആട്ടിന്‍ കുട്ടിയാണ്. കണ്ടോ.. അത് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. സത്യത്തെ അതികകാലം ഇരുട്ടില്‍ അടയ്ക്കാന്‍ കഴിയില്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കൊണ്ട് വയനാട് എന്ന സുന്ദരമായ ഗ്രാമത്തില്‍ നിന്നും ഒരു കൊച്ചു സുന്ദരി ഈ ഒഴാക്കനിലെ ആട്ടിന്‍ കുട്ടിയെ തിരിച്ചറിയുകയും അതിനെ കെണി വെച്ച് പിടിക്കുകയും ചെയ്തിരിക്കുന്നു.നല്ല മുളകും അരച്ച് തേച്ചു വറത്തു തിന്നനാണോ അതോ സ്നേഹത്തോടെ കൂടെ കൊണ്ട് നടക്കാനാണോ എന്നുമാത്രം ഇനിയും വെക്തമല്ല.


അതെ കൂട്ടുകാരെ, ഒടുക്കം ദൈവം ഞാന്‍ ഉറങ്ങുമ്പോള്‍ അടിച്ചുകൊണ്ട് പോയ എന്‍റെ വാരിയെല്ല് ഞാന്‍ കണ്ടെത്തിയിരിക്കുന്നു. ഇനി എത്രയും പെട്ടന്ന് തന്ത്രപരമായി അവളെ കൂടെ കൂട്ടി എന്‍റെ നഷ്ട്ടപെട്ടു പോയ വാരിയെല്ല് തിരിച്ചു ബോടിയില്‍ ഫിറ്റ്‌ ചെയ്തു നഷ്ട്ടപെട്ട ശരീര സൌന്ദര്യം തിരിച്ചെടുക്കാനുള്ള ഒരു തത്രപാടിലാണ് ഈയുള്ളവന്‍ . ഈ വരുന്ന മാര്‍ച്ച്‌ അഞ്ചാം തിയതിയാണ് ആ ലോക മഹാസംഭവം നടക്കാന്‍ പോകുന്നത്. എന്‍റെ സന്തോഷങ്ങളും സങ്കടങ്ങളും എപ്പോഴും ഞാന്‍ പങ്കു വെച്ചിരുന്നത് നിങ്ങളോടൊപ്പം ആയിരുന്നല്ലോ അതിനാല്‍ തന്നെ ഈ പോസ്റ്റ്‌ ഒരു ഒഫീഷ്യല്‍ കല്യാണം വിളി ആയി കണക്കാക്കി എന്‍റെ പ്രീയ കൂട്ടുകാര്‍ എന്നെ വന്നു അനുഗ്രഹിക്കണം എന്നും മുന്‍പോട്ടുള്ള ജീവിതത്തില്‍ എനിക്ക് പിടിച്ചു നില്‍ക്കുവാനുള്ള ശക്തി തരണമെന്നും ഇതിനാല്‍ അപേക്ഷിക്കുന്നു


സുന്ദരനും മാന്യനും അതിലുപരി മമാന്യനും ആയ എന്നെ മനസ്സില്‍ കൊണ്ട് നടന്നിരുന്ന എന്‍റെ പ്രീയ തരുണീ മണികളെ നിങ്ങള്ക്ക് വിട. ഇനി മുന്നോട്ടു നിങ്ങളുടെ ഒരു കുഞ്ഞു സഹോദരനായി എന്നെ കാണണം എന്നും അപേക്ഷിക്കുന്നു (ലവളുടെ ആങ്ങള അല്പം സ്ട്രോങ്ങ്‌ ആണ് വെറുതെ എന്തിനാ അങ്ങേരുടെ കൈക്ക്  പണി ഉണ്ടാക്കുന്നതെ അല്ലെ).എന്‍റെ ബെസ്റ്റ് പകുതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പലപ്പോഴും ഞാന്‍ നര്‍മത്തിന്‍റെ മേന്പൊടി ചേര്‍ത്ത് ആണെങ്കിലും നിങ്ങളോട് പങ്കു വെച്ചിരുന്നു ഇനി ആ വിഷയം എന്നന്നേയ്ക്കുമായി ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു . അതിനാല്‍ തന്നെ തുടര്‍ന്ന് അങ്ങോട്ട്‌ 'എങ്ങനെ ഭാര്യയെ കയ്യില്‍ എടുക്കാം','പാചക രംഗം', 'കുടുംബ ജീവിതം എന്റമ്മോ ഒരു മഹാ സംഭവം', ' അമ്മായി അപ്പന്‍റെ പ്രീയ മരുമോന്‍' തുടങ്ങിയ വിഷയങ്ങളിലേക്ക് എന്‍റെ എഴുത്തിനെ വ്യാപിപ്പിക്കുവാനുള്ള തീരുമാനവും ഇതിനോടകം അറിയിച്ചുകൊള്ളുന്നു


അപ്പോള്‍ ഒരിക്കല്‍ കൂടി എല്ലാവരും എന്‍റെ വിവാഹ മംഗള കര്‍മങ്ങളില്‍ വന്നു പങ്കുചേരുകയും എന്നെയും എന്‍റെ കുടുംബത്തെയും അനുഗ്രഹിക്കണം എന്ന് അപേക്ഷിക്കുകയും അതിനോടൊപ്പം തന്നെ മുന്നോട്ടുള്ള കുടുംബ ജീവിതം കെട്ടുറപ്പ് ഉള്ളതാക്കുവാന്‍ പതിനായിരങ്ങളുടെ കെട്ടുകള്‍ സംഭാവനകള്‍ ആയി തന്നു എന്നെ ഒരു മുതലാളി ആക്കണം എന്നും ഉത്തരവാക്കിയിരിക്കുന്നു.

മൈ ഫോണ്‍ നമ്പര്‍ ഈസ്‌ 09987363720 . നിങ്ങള്‍ വിളിക്കുമ്പോള്‍ ഈ നമ്പര്‍ ബിസി ആണെങ്കില്‍ തെറ്റ് ധരിക്കണ്ട ഞാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചു ഭാവി ജീവിതത്തെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കുന്നതാണ് എന്ന് മാത്രം കരുതിയാല്‍ മതി.


എന്ന് നിങ്ങളുടെ സ്വന്തം
ഒഴാക്കന്‍  (മാര്‍ച്ച്‌ അഞ്ചുവരെ,അത് കഴിഞ്ഞു ഫാര്യയോട്‌ ചോദിക്കണം )

ഒപ്പ് . ( കുത്ത് )