ഒരു കല്യാണവും അതിലെ ചില  'ക' കണക്കുകളും ! 


പതിവുപോലെതന്നെ ഒഴാക്കൻ നല്ല തിരക്കിലായിരുന്നു പെട്ടന്നാണ് ഇന്നാണല്ലോ തൻ്റെ ഭാര്യയുടെ 'ബന്ധുവിൻ്റെ, ന്ധുവിൻ്റെ, ന്ധുവിൻ്റെ' കല്യാണം എന്ന ഓർമ്മ ഒരു വെള്ളിടിപോലെ റഡാറിൽ തെളിഞ്ഞത്. നിൻ്റെ 'ന്ധു' അല്ലല്ലോ എൻ്റെ 'ന്ധു' എന്ന് പറഞ്ഞു കല്യാണ വിരുന്ന് മുടക്കിയാൽ പിന്നെ ഞാൻ 'ന്ത' ക്ക് വിളി കേൾക്കേണ്ടി വരും. സമയം കളയാതെ നേരെ കല്യാണം നടക്കുന്ന പള്ളിയിലേക്ക് വെച്ച് പിടിച്ചു.

ചെന്നപ്പോഴേക്കും ചെക്കൻ്റെ കെട്ടു കഴിഞ്ഞിരിക്കുന്നു. സത്യത്തിൽ 'കെട്ടു മുറുകിയിരിക്കുന്നു' എന്നല്ലേ പറയേണ്ടത്? ഭാര്യയെ വിളിച്ചപ്പോ റെയ്ഞ്ചിന് പുറത്താണ് പോലും!. ആ കുറച്ചുനേരം പുറത്തിരിക്കട്ടെ അങ്ങനെങ്കിലും നമുക്ക് ഒരു റേഞ്ച് കിട്ടുമല്ലോ. വിശപ്പും തിരക്കും ഒരുപോലെ തിരക്കിട്ടപ്പോൾ ചിന്തകളെ അവിടെ മേയാൻ വിട്ട് തൊട്ടടുത്ത കല്യാണ പന്തലിലെ ആദ്യ പന്തിയിലേക്കു തന്നെ ഓടി കയറി ഇരിപ്പുറപ്പിച്ചു. ചുറ്റും പരിചിത മുഖങ്ങളെ പരതിയെങ്കിലും 'നൊ' ഫലം. പരിചിതരെ കണ്ടില്ലങ്കിലും നല്ല പരിചയമുള്ള ചിക്കൻ ബിരിയാണി മുന്നിലെ ഇലയിൽ നിന്നും മാടി മാടി വിളിക്കാൻ തുടങ്ങി. അങ്ങനെ കോഴിയുമായുള്ള പരിചയവും പുതുക്കി നേരെ ചെക്കൻ്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു 2000.ക സമ്മാനമായി നൽകി ഒന്നുകൂടി ഭാര്യയുടെ റെയ്ഞ്ചു ചെക്ക്‌ചെയ്തു, അടിക്കുന്നുണ്ട്, അടിക്കുന്നുണ്ട്! 'എൻ്റെ നെഞ്ചും അവളുടെ മൊഫീലും!. 

നിങ്ങളിതെവിടായാ ഏട്ടാ? ഞാൻ ചോറുണ്ണാതെ കാത്തിരിക്കുവാ.. 

കലിപ്പാണെങ്കിലും കട്ടകലിപ്പല്ല എന്ന് ആ 'ഏട്ടാ' വിളിയിൽ നിന്നും മനസ്സിലായി.

നീ ഇതുവരെ കഴിച്ചില്ലേ? ഞാൻ എപ്പൊഴേ ബിരിയാണി കഴിച്ചു.

'ടും' ഫോൺ കട്ടായി. ഇനി എൻ്റെ കാര്യം കട്ടപ്പൊക.!

പണി ഇത്തവണ ചിക്കൻ ബിരിയാണിയുടെ രൂപത്തിൽ ആണല്ലോ ദൈവമേ. അല്ലങ്കിലും അങ്ങനാ, തേങ്ങാ ഇടാനിരുന്നപ്പോൾ മോങ്ങി.. ശോ പഴഞ്ചൊല്ലും പോലും ഓർക്കുന്നില്ലല്ലോ. പേടിച്ചിട്ടാണോ? 

ഒടുവിൽ തപ്പിത്തടഞ്ഞു മറ്റൊരു പന്തലിൽ എത്തിയപ്പോ അതാ ഇരിക്കുന്നു ഒരു കഞ്ഞി, അയ്യോ അല്ല, ഒരു കഞ്ഞികലത്തിൻ്റെ അത്രയും വീർത്ത മുഖവുമായി എൻ്റെ ഭാര്യ. പെൺ ജനങ്ങൾക്ക് കല്യാണം കഴിക്കുന്നതോടെ കുറഞ്ഞു വരുന്ന ഒരു ഗുണമാണ് 'ശ്രവണ ശേഷി' കലിപ്പായാൽ പിന്നെ പറയുകയേ വേണ്ട. അങ്ങനെ എല്ലാ കുറ്റവും പേറി ആ പന്തൽ വിടുമ്പോ ഒഴാക്കൻ്റെ നഷ്ട്ടവിവരണ കണക്ക് ദേ ദിങ്ങനെ വരും:
  • 2000.ക: വിളിക്കാത്ത കല്യാണത്തിന് പോയി ബിരിയാണി കഴിച്ച വക. 
  • വേറൊരു 2000.ക: വിളിച്ച കല്യാണത്തിന് പോയി ഒന്നും കഴിക്കാതെ വകയായ വക. 
  • നാല് ചിക്കൻ ബിരിയാണി: അറിയാതെ കഴിച്ച ചിക്കൻ ബിരിയാണിയുടെ കുടുംബ വക കടം 
  • സമാധാനം - ഒരാഴ്ച: ഓർമിപ്പിക്കല്ലേ എൻ്റെ പൊന്നെ! 
ഒടുവിലാൻ: അന്ന് മുതൽ ഒഴാക്കൻ ഒരു തീരുമാനത്തിൽ എത്തി 'കലണ്ടർ മനോരമ തന്നെ' ശോ പിന്നയും വിഷയത്തിൽ നിന്നും മാറി. 'കല്യാണം' അത് ഭാര്യ വകയിൽ ആണെങ്കിൽ 'നോ തിരക്ക് നോ വിശപ്പ്'. 'സമാധാനം സർവധനാൽ പ്രധാനം' എന്നാണല്ലോ അതിൻ്റെ ഒരു ഇത്.

വാൽതുണ്ട്: കഥകൾ പലപ്പോഴും ഉണ്ടാകുന്നതാണ് അല്ലാതെ ഉണ്ടാക്കുന്നവ അല്ല. അങ്ങനെ ഉണ്ടാകുന്ന കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എന്നെപ്പോലുള്ള ഒഴാക്കൻമാർ ഒരല്പം നർമ്മം ചേർത്ത് നിങ്ങൾക്ക് മുൻപിൽ വിളമ്പുന്നു എന്ന് മാത്രം. അതിനാൽ തന്നെ ഈ കഥയുമായി ആർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ, ഞാൻ എന്നാ ചെയ്യാനാടാ ഉവ്വേ! 
ഒരു പള്ളിയിൽ ഒരേ ദിവസം ഒരേ സമയം ഒന്നിൽ കൂടുതൽ കല്യാണം നടക്കുകയും അതിൽ വളരെ കൃത്യമായി വിളിക്കാത്ത കല്യാണത്തിന് പോയി ബിരിയാണി കഴിക്കുകയും ചെയ്‌താൽ ചെലവ് കൂടുകയും സമാധാനം കുറയുകയും ചെയ്യുന്നത് സ്വാഭാവികം!