ആട് നാടകം! (കഥ, തിരക്കഥ, സംഭാഷണം: ഒഴാക്കന്‍)


കഥാപാത്രങ്ങള്‍:

തോമേട്ടന്‍ : ജീപ്പ് ഡ്രൈവര്‍
മൊയ്തീന്‍ ഇക്ക : മക്കളെ ഉണ്ടാക്കല്‍/ നാടുകടത്തല്‍, സമയം കളയാന്‍
സുബി: പണിയില്ലാത്ത ഒരു വിദ്യാ സമ്പന്നന്‍ .
കാതര്‍ : ആട് വളത്തല്‍

തോമേട്ടന്‍

തോമേട്ടന്‍ ജനിച്ചതെ കാലിനടിയില്‍ ബ്രേയ്ക്കും കാലിനിടയില്‍ സ്ടിയറിങ്ങും ആയി ആണെന്ന് തോന്നും, എപ്പോ നോക്കിയാലും ഒരു ജീപ്പുമായാണ് നടപ്പ്. ജീപ്പ് എന്ന് തുറന്നു വിളിക്കാന്‍ പറ്റില്ല, ഉണ്ടാക്കിയത് ജീപ്പായാണ് എങ്കിലും ഇപ്പൊ അതൊരുമാതിരി ചീപ്പ് ആണ്. ഒരു കുടുംബത്തിന്‍റെ എല്ലാ ചിലവും കഴിഞ്ഞു പോകുന്നത് ഈ ജീപ്പുകൊണ്ടാണ്. ആരെങ്ങോട്ടു വിളിച്ചാലും തോമേട്ടന്‍ റെഡി. ചന്ദനം മുതല്‍ ചാണകം വരെ ആ ജീപ്പിനു പഥ്യം. ഉറങ്ങുമ്പോഴും വണ്ടി ഓടിക്കുന്ന ഒരു ശീലം ഒഴിച്ചാല്‍ ഒരു പാവം മനുഷ്യന്‍.

മൊയ്തീന്‍ ഇക്ക 

അലാറം വെച്ച് അണുവിട തെറ്റിയ്ക്കാതെ മക്കളെ ഉണ്ടാക്കുന്ന വിധക്തന്‍. നാല് ഭാര്യമാരും അവര്‍ക്ക് പെറാന്‍ പറ്റിയ അത്രയും കുട്ടികളും പിന്നെ മൊയ്തീന്‍ ഇക്കയും. അതാണ്‌ മൂപ്പരുടെ ഫാമിലി സെറ്റപ്പ്. ആദ്യം ഇറക്കിയ വിത്തുകള്‍ മുളച്ചു പന്തലിച്ചു ദുബായി വരെ വളര്‍ന്നു ഫലം പുറപ്പെടുവിക്കാന്‍ തുടങ്ങിയതിനാല്‍ ഇപ്പോഴും പുതിയ് വിത്ത് ഇറക്കാനുള്ള നിലം തിരയലാണ് മൊയ്‌തീന്‍ ഇക്കയുടെ പ്രധാന പരുപാടി

സുബി 

വീട്ടില്‍ ആവിശ്യത്തിന് മിച്ചം കാശ് ഉള്ളതിനാല്‍ ഒരുപാട് പഠിച്ചു പക്ഷെ വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന് പറഞ്ഞ പോലെ വിദ്യ ഒരു ധനമായി മാത്രം കരുതി ഒരു പണിക്കും പോകാത്ത മിടുക്കന്‍. സുബിക്കൊപ്പം വെച്ച തെങ്ങ് കുലച്ചു എന്ന് സുബിയുടെ അപ്പനും തെങ്ങ് മാത്രമല്ല എന്ന് സുബിയ്ക്കും ഒരു അഭിപ്രായം ഇല്ലാതില്ല. ഇതൊക്കെ ആണെങ്കിലും ആളുകളെ വാചക കസര്‍ത്തില്‍ വീഴ്ത്താന്‍ ബഹു മിടുക്കന്‍

കാതര്‍ 

കര്‍ത്താവ്‌ നിര്‍ത്തിയ സ്ഥലത്ത് തുടങ്ങിയവന്‍. കര്‍ത്താവ്‌ ജനിച്ചത്‌ കാലിത്തൊഴുത്തില്‍ ആണെങ്കില്‍ കാതര്‍ ഉറങ്ങുന്നതെ കാലിത്തൊഴുത്തില്‍!
കാലികളും ആടുകളും കാതറിന് ഭാര്യയെപ്പോലെ! അവറ്റകളെ കെട്ടിപിടിച്ചു ഉറങ്ങിയാലെ ആ ദിവസം പൂര്‍ത്തിയാകു എന്നാണ് വിശ്വാസം. ആ കാലിത്തൊഴുത്തിലും കാതറിന് ഒരു ഭാര്യ ഉണ്ടെന്നു നാട്ടുവര്‍ത്തമാനം!

സംഭവം

തോമേട്ടന്‍ അതി സ്പീഡില്‍ തന്‍റെ ജീപ്പിനേയും കാലിനിടയില്‍ തിരുകി അടുത്ത ഓട്ടത്തിനുള്ള തിടുക്കത്തില്‍ വരുന്നു. പുതിയ വിളനിലം തിരഞ്ഞിറങ്ങിയ മൊയ്‌തീന്‍ ഇക്ക നാട്ടിലേക്ക് ഓസിനു ഒരു വണ്ടി കിട്ടിയ സന്തോഷത്തില്‍ തോമെട്ടനോടൊപ്പം ജീപ്പിന്‍റെ മുന്‍ സീറ്റില്‍. പെട്ടന്നതാ വഴി നിറയെ കാതറിന്‍റെ ആടുകള്‍. കാലിലുള്ള മുഴുവന്‍ ബ്രേയ്ക്കും ചവിട്ടിയിട്ടും ഒരു ആട് ജീപ്പിനടിയില്‍. ആടിന്‍റെ " അമ്മെ അമ്മെ " എന്നുള്ള കരച്ചില്‍ കേട്ട മൊയ്തീന്‍ ഇക്കയ്ക്ക് സഹിച്ചില്ല.

"പടച്ചോനെ ആട് മയ്യത്ത് ആയോ"
എന്ന് ചോദിച്ചു മൊയ്‌തീന്‍ ഇക്ക ചാടി ഇറങ്ങി കാലുമാത്രം ഒടിഞ്ഞ ആടിനെ ബിസ്മി ചൊല്ലി അറത്തശേഷം
"ഓ ഇനിയിപ്പം മാണേ ആടിനെ ഞമ്മക്ക് സബൂര്‍ ആക്കി കയിക്കാം "
എന്നുപറഞ്ഞ് ഒരു നല്ലകാര്യം ചെയ്തപോലെ ജീപ്പില്‍ വന്നിരുന്നു.

ആകെ അന്ന് ഓടിയൊത്ത 100 രൂപയുമായി ഇനിയെന്ത് എന്ന് വിചാരിച്ചിരുന്ന തോമേട്ടന്‍റെ മുന്‍പില്‍ അതാ കാതര്‍!

തനിക്കു വയറു നിറയെ പാല് തരുന്ന ആ മുട്ടനാടിനെ കെട്ടിപിടിച്ചു കരയുന്ന കാതറിനോട് എന്ത് പറയും? നഷ്ട്ടബോധം വീണ്ടെടുത്ത കാതര്‍ കറവ പറ്റാത്ത മുട്ടനാടിന് ചോദിച്ചത് വെറും 1000 രൂപ, ഒരുമാസം തോമേട്ടന്‍ സേവ് ചെയ്യുന്ന മണി! എങ്ങനെ രക്ഷപെടാം എന്ന് വിചാരിച്ചു വിഷമിക്കുന്ന തോമേട്ടന്‍റെ മുന്‍പില്‍ അതാ " വിശന്നിരിക്കുമ്പോള്‍ ഞണ്ട് കയറി വന്നു" എന്ന് പറഞ്ഞപോലെ സുബി!
പണ്ടേ ഏന്തിന്‍റെയും ഏതിന്‍റെയും നടുക്കുവന്നു വീണ് നടുക്കഷണം കൊണ്ട് പോകുന്ന മുതല്‍.ഇവിടെയും സുബി കാര്യങ്ങള്‍ ഏറ്റെടുത്തു. തോമേട്ടനോട് നൂറു രൂപ വാങ്ങി ഇത് ഞാന്‍ മാനേജ് ചെയ്തോളാം ഇങ്ങള് വിട്ടോ എന്ന് പറഞ്ഞുതീര്‍ന്നതും തോമേട്ടന്‍ വണ്ടിയെടുത്തു സ്ഥലം സ്കൂട്ട് ചെയ്തു!

വയ്കുന്നേരം ഒരൊത്ത മുട്ടനടിനെയും കൊണ്ട് സുബി വീട് പറ്റി. അങ്ങനെ സുബി ആദ്യമായി 'അദ്വാനിച്ച് ഉണ്ടാക്കിയ ആടിനെ' കൊണ്ട് വീട്ടുകാര്‍ ആ രാത്രി കൊണ്ടാടി. എന്നാലും പഹയാ..നീ എങ്ങനാ ഈ വെറും നൂറു രൂപയ്ക്കു ആടിനെയും അടിച്ചോണ്ട് പോന്നത് എന്നുള്ള തോമേട്ടന്‍റെ ചോദ്യത്തില്‍ നിന്നും പലതവണ സുബി ഒഴിഞ്ഞു മാറിയെങ്കിലും ഒടുക്കം ഒഴാക്കന്‍ ആ സത്യം കണ്ടെത്തി. അന്നെന്താണ് സുബി കാതറിനോട് രഹസ്യമായി പറഞ്ഞത്?

രഹസ്യം 

" കാതറെ കൂതറ ആവരുത്, അനക്ക് ഒരു കാര്യം കേക്കണോ
വണ്ടി ഇടിക്കുമ്പോള്‍ അന്‍റെ ആട് റോങ്ങ്‌ സൈഡില്‍ ആരുന്നു അതും പോരായിട്ടു അന്‍റെ ആടിന് റോഡ്‌ റ്റാക്സ്‌ അടച്ചിട്ടുമില്ല

സംഗതി കോടതിയില്‍ എത്തിയാല്‍ ഇജ്ജും അന്‍റെ മുയ്മന്‍ ആടുകളും ഉണ്ട തിന്നും. അതുകൊണ്ട് കിട്ടിയ കായി മാങ്ങി ആ ആടിനെ ഇങ്ങു തന്നെ.
ഇങ്ങനെ ഒരു ആടുമില്ല തോമേട്ടന്‍റെ വണ്ടി ഈ വഴി വന്നിട്ടുമില്ല ഞാന്‍ അന്നെ കണ്ടിട്ടുമില്ല"

അങ്ങനെ കാതര്‍ സ്കൂട്ട്! ഒരാട് സുബിയുടെ സ്കൂട്ടറിനു പുറകിലും!

മൊഫീല്‍ ഫോണ്‍.. ഫ്രിംഗ്.. ഫ്രിംഗ്

ഓ ഈ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഇന്നത്തെ തലമുറ ബോറടിച്ചു ചത്തേനെ.ഇപ്പൊ മൊബൈല്‍ ഉള്ളത് കൊണ്ട് എന്തൊക്കെ ഗുണമാ.ചുമ്മാ ഇരിക്കുമ്പോ ഏതെങ്കിലും നമ്പര്‍ കറക്കി, ആണുങ്ങള്‍ ആണെങ്കില്‍ തന്തക്കു വിളിക്കാം പെണ്ണാണെങ്കില്‍ ഒന്ന് സൊള്ളി നോക്കാം.ഇനി ഒരു കാമുകനോ കാമുകിയോ ഉണ്ടെങ്കില്‍ ബഹുസന്തോഷം, മൊബൈല്‍ കമ്പനി പൂട്ടും വരെ മുത്തം കൊടുത്തും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നതും ഇപ്പൊ 'പാലക്കാടന്‍ മട്ട അരിയില്‍' കിടക്കുന്നതും ആയ കുട്ടികള്‍ക്ക് പേരിട്ടു കളിക്കാം.

അതല്ല പ്രേമത്തിന്‍റെ ആദ്യകാലങ്ങളില്‍ അനുഭവപ്പെടുന്ന വിഷയ ദാരിദ്ര്യം ആണെങ്കില്‍ ആദ്യം ഇത് പോലെ തുടങ്ങി,

"മോളു ഇന്നെന്താ കഴിച്ചേ
ഞാന്‍ ഇന്ന് പുട്ടും കടലയും
എന്‍റെ ചക്കരയോ ?
ഞാനും പുട്ടും കടലയും
നോക്കു,, നമ്മളുടെ മനസിന്‍റെ ഐക്യം, അതല്ലേ രണ്ടാളും ഒരേ സമയം പുട്ടും കടലയും കഴിച്ചത്
മോളുന്‍റെ അവിടെ കടലയ്ക്ക് എന്താ വില? ഞങ്ങളുടെ ഇവിടെ കിലോ നാപ്പതു രൂപയാ
ഇവിടെ കടലയ്ക്ക് മുപ്പതു രൂപയെ ഉള്ളു
ഹോ എന്തൊരു വില വെത്യാസം അല്ലെ?
അല്ല മോളു, നിങ്ങള്‍ കടല കറി വെക്കുന്നത് ചട്ടിയിലാണോ അതോ കുക്കറിലോ"

ഇങ്ങനെ ഓരോന്നിനെ കുറിച്ച് സംസാരിച്ചു നേരം പുലരും വരെ ഇരിക്കാം.ഇനി അതൊന്നുമില്ലെങ്കില്‍ വായില്‍ തോന്നിയത് മെസ്സേജ് ആയി അയച്ചു മറുതലയില്‍ ഇരിക്കുന്നവന്‍റെ ക്ഷമയെ അളക്കാം ഇനിയും സമയം പോകുനില്ലെങ്കില്‍ മൊബൈലില്‍ പാമ്പിനു തീറ്റ കൊടുക്കാം ( അതൊരു ഗെയിം ആണ് കേട്ടോ )

അതൊന്നും പോരായിട്ടു ഇപ്പൊ മൊബൈല്‍ കമ്പനികള്‍ ടോര്‍ച്ചും, പേനയും, കത്തിയും കടാരയും തോക്കും എല്ലാം ഒരു കുഞ്ഞു മൊബൈല്‍ ഫോണില്‍ ഒളിപ്പിച്ചല്ലേ നമുക്ക് തരുന്നത്. ഇനി എന്നാണാവോ ഒരു കൊല്ലത്തേക്കുള്ള ചോറും കറിയും ഇന്‍ ബില്‍റ്റ് ചെയ്ത മൊബൈല്‍ ഇറങ്ങുന്നത്?.
നമ്മള്‍ മലയാളികള്‍ ശരിക്കും മൊബൈല്‍ വസന്തം ആസ്വദിക്കുകയാണ് എന്ന് തന്നെ വേണം പറയാന്‍. എവിടെയെന്നോ ഏതെന്നോ ഇല്ലാതെ ഉള്ളതില്‍ മാക്സിമം സൌണ്ടില്‍ റിംഗ് ടോണ്‍ വെച്ചും അതും പോരായിട്ടു ഫോണ്‍ വന്നാല്‍ ഒരു മൈക്ക് കൂടി കെട്ടിവെച്ചു നാട്ടുകാരെ മുഴുവന്‍ വീട്ടുവിശേഷങ്ങള്‍ കേള്‍പ്പിച്ചുകൊണ്ടും ഇരിക്കുവാണല്ലോ. അങ്ങനെ തൊണ്ണൂറു കഴിഞ്ഞ അപ്പൂപ്പനും ഇന്നലെ ജനിച്ച, പൊക്കിള്‍ക്കൊടി വിട്ടുമാറാത്ത കൊച്ചു കുഞ്ഞിനും മൊബൈല്‍ ഉള്ള ഈ കാലത്ത് ഉണ്ടായ ഒരു മൊബൈല്‍ തമാശ.

ഞാന്‍ ഓഫീസില്‍ അതി കഠിനമായ പണിയില്‍ ആയിരുന്നു, ഇനി മാനേജര്‍ എങ്ങാനും വായിച്ചാലോ എന്ന് കരുതിയൊന്നും അല്ല ശരിക്കും ഭയങ്കര പണിയായിരുന്നു. തൊട്ടടുത്ത്‌ ഇരിക്കുന്ന സുന്ദരി കൊടിച്ചികള്‍ ( അതൊരു നാടന്‍ പ്രയോഗമാ) 'കെട്ടും' എന്ന് അവകാശപ്പെടുന്നവനോടും അയല്പക്കകാരനോടുമെല്ലാം കുറുങ്ങി കുറുങ്ങി ഇരിക്കുന്നു.പെട്ടന്നതാ ഈ അടുത്ത് കല്യാണം കഴിഞ്ഞ സുന്ദരി സ്മിത തലകറങ്ങി നിലത്ത്. ആദ്യം ഞങ്ങള്‍ എല്ലാവരും ഒന്ന് ഇരുത്തി ചിരിച്ചെങ്കിലും പിന്നീടാണ്‌ തലകറങ്ങി വീണതിന്‍റെ ഗൌരവം വന്നതും എത്രയും പെട്ടന്ന് സ്മിതയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുതുടങ്ങിയതും. അവിടെയാണ് നമ്മുടെ മൊബൈല്‍ രംഗപ്രവേശം ചെയ്യുന്നത്.

എത്രനോക്കിയിട്ടും സ്മിതയുടെ മൊബൈല്‍ കാണുന്നില്ല. കര്‍ണ്ണന്‍റെ കുണ്ഡലം പോലെ എപ്പോഴും സ്മിതയുടെ ചെവിയില്‍ കാണുന്നതാണല്ലോ..
വീണപ്പോള്‍ തെറിച്ചതാവും എന്ന് കരുതി സ്നേഹപൂര്‍വ്വം എന്‍റെ മാനേജര്‍ നമ്മുടെ നായികയുടെ ഫോണിലേക്ക് വിളിച്ചു, ഒരു കുഞ്ഞു പാട്ടോടുകൂടി മൊബൈല്‍ കസേരയുടെ അടിയില്‍ നിന്നും കണ്ടെടുത്തു. അങ്ങനെ കക്ഷിയുടെ ഹസിന്‍റെ നമ്പര്‍ എടുക്കാനായി മാനേജര്‍ മൊബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ കണ്ടത്

1 മിസ്സ്‌ കാള്‍ ഫ്രം വടയെക്ഷി!!

ചുണ്ടിലേക്ക്‌ ഇരച്ചുവന്ന ചിരി ഞങ്ങള്‍ പാവങ്ങള്‍ കടിച്ചമര്‍ത്തി ഹസ്സിന്‍റെ നമ്പര്‍ തിരയല്‍ തുടങ്ങി. നോ രക്ഷ..
കുക്കുടു , ചിപ്പിളി, തക്കാളി, ചാണകം.. എന്നുവേണ്ട എല്ലാ പേരുകളും ഇരട്ടപേരില്‍ ആണ് കിടക്കുന്നത്.ഒടുക്കം കമ്പനിയുടെ രെജിസ്ടര്‍ നോക്കി ആരോ ഹുസൈനെ ശോ ഹസ്സിനെ വിവരം അറിയിച്ചു..
പാവം... കയ്യില്‍ കിട്ടിയ മാണിക്ക്യം കാക്ക കൊത്തി പോയോ എന്നുള്ള വേവലാതിയില്‍ ഉടനടി സ്മിതയുടെ ഫോണിലേക്ക് വിളിച്ചു.
ഫ്രിംഗ്.. ഫ്രിംഗ് ( ഫോണ്‍ ഫ്രിങ്ങിയതാ..)
അപ്പോള്‍ ഞങ്ങള്‍ കണ്ടത്.

ഹണീ ബീ കോളിംഗ്....

പൂച്ച കണ്ണടച്ചു പാലുകുടിച്ചാ ആരും കാണുന്നില്ലെന്നാ പൂച്ചയുടെ വിചാരം. ഇനി ഇപ്പൊ ഈ തേന്‍ കുടിക്കുന്ന ഈച്ചയും കണ്ണടച്ചാണോ കുടിക്കുന്നത്?
എന്നെ കെട്ടാന്‍ പോകുന്നവള്‍ ഇനി ഈ പാവം ഒഴാക്കന് എന്തുപേരിടും എന്നുള്ള ഒരു ആവലാതിയില്‍ ഒഴാക്കന്‍ സൈനിങ്ങ് ഓഫ്‌!!