കുട്ടികാലത്തെ ചില വലിയ കുറുമ്പുകള്‍
പഠനം ഹൈസ്കൂളില്‍ എത്തിയ കാലം. മേല്‍ച്ചുണ്ടില്‍ അതികഠിനമായ കട്ടിംഗ് ആന്‍ഡ് ഷേവിങ്ങിന്‍റെ ഫലമായി മുളച്ചു വരുന്ന ഓരോ കുഞ്ഞു രോമത്തെയും "നീ നാളെയുടെ പ്രതീക്ഷയാണ് മകനെ" എന്ന് ഒരു അമ്മയുടെ വാത്സല്യത്തോടെ പറഞ്ഞ് വളമിട്ട് ( കരടി നെയ്യ്) പരിപാലിച്ചിരുന്ന കാലം. പെണ്‍കുട്ടികളെ കാണുമ്പോള്‍ എന്തോ ഒരു 'ലത്' തോന്നി തുടങ്ങിയ കാലം. അന്നന്ന് പഠിപ്പിക്കുന്നത് വീട്ടില്‍ പോയി പഠിക്കണം എന്നത് ഒഴിച്ചാല്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചിരുന്ന കാലം.
ഞങ്ങളുടെ ഹൈസ്കൂള്‍ യു പി സ്കൂളില്‍ നിന്നും മാറി വേറെ സ്ഥലത്ത് ആണ്. അതിനാല്‍ തന്നെ പുതിയ കോളേജില്‍ ചേരും പോലെ എട്ടാം ക്ലാസ്സില്‍ ചേരുന്ന പാവം പൈതലുകളെ പത്താം ക്ലാസിലെ ഗുണ്ട ചേട്ടന്മാര്‍ നോക്കി വിരട്ടലും ഇടയ്ക്കു പിച്ചലും ഒക്കെ ഉണ്ട്. എന്‍റെ ഭാഗ്യം കൊണ്ട് ഞാന്‍ എട്ടില്‍ എത്തിയപ്പോള്‍ എന്‍റെ കസിന്‍ അവിടെ പത്താം ക്ലാസ്സില്‍ പഠിക്കുന്നു, കൂട്ടുകാര്‍ സ്നേഹത്തോടെ മൂരി എന്ന് വിളിക്കുന്ന ആ മൂരിയുടെ ബന്ധു എന്ന സപ്പോര്‍ട്ടില്‍ ഞാന്‍ പെട്ടന്ന് സ്റ്റാര്‍ ആയി. അങ്ങനെ ഒഴാക്കന്‍ ശരിക്കും ഒഴാക്കന്‍ ആയി!
ഞങ്ങളുടെ ബാച്ച് പത്തില്‍ എത്തിയപ്പോഴേക്കും എല്ലാവര്‍ക്കും എന്നെ കുറിച്ചുള്ള മതിപ്പ് കൂടി വന്നു. "ഹോ ചെറുക്കന്‍ എന്നാ പഠിപ്പാ" എന്ന് വീട്ടുകാരും "ഇവനൊക്കെ എന്തിനാ പഠിക്കുന്നത് "എന്ന് നാട്ടുകാരും "നിന്നെയൊക്കെ പഠിപ്പിക്കുന്ന ഞങ്ങളെ തല്ലണം" എന്ന് ടീച്ചര്‍മാരും പറഞ്ഞു തുടങ്ങി.അങ്ങനെ എട്ടില്‍ എത്തിയ പുതിയ ഉണ്ണികളുടെ പേടിസ്വപ്നവും പത്താം ക്ലാസിലെ തരുണീമണികളുടെ മോഹസ്വപ്നവും ആയി ഒഴാക്കാന്‍ വിലസാന്‍ തുടങ്ങി. ഇടക്കിടക്കുള്ള കോപ്പി എഴുത്തും ഇമ്പോസിഷനും ടീച്ചര്‍മാരുടെ ചോദ്യം ചോദിക്കലും പരീക്ഷയും ഒഴിച്ചാല്‍ ഒരുപരിധി വരെ നല്ല സുഖം .
ഒരുദിവസം പെട്ടന്ന് കണക്കിന്‍റെ പള്ള മാഷ് (ഇരട്ട പേരാ) വഴി തെറ്റി ഞങ്ങളുടെ ക്ലാസ്സില്‍ എത്തി. മാഷിനു ഒരു 'അഞ്ചു പൈസയുടെ' കുറവുണ്ട് അതിനാല്‍ തന്നെ എപ്പോഴാ ഏതു ക്ലാസിലേക്കാ കയറി വരിക എന്നോ എന്താ ചോദിക്കുക എന്നോ പറയുക ദുഷ്കരം. പതിവുപോലെ മാഷ് വന്ന പാടെ ഒരു ചോദ്യം അങ്ങോട്ട് നിരത്തി . എന്നിട്ട് ആദ്യ ബെഞ്ചിലെ പഠിപ്പിസ്റ്റ് മുതല്‍ അവസാന ബെഞ്ചിലെ ഒഴാക്കന്‍ ഒഴിച്ചു എല്ലാവരെയും എണീപ്പിച്ചു നിര്‍ത്തി. ആര്‍ക്കും ഉത്തരം അറിയില്ല, എനിക്ക് അറിയാമോ എന്ന് മാഷ് ചോദിച്ചുമില്ല.അങ്ങനെ ഒരു ക്ലാസ് ഒന്നടങ്കം ഉത്തരം അറിയാതെ ഈ എന്‍റെ മുന്‍പില്‍ എണീറ്റ് നിക്കുന്നു, ഞാന്‍ സാറ് കാണാതെ എണീറ്റ് നിക്കുന്നവന്‍മാരുടെ മൂട്ടില്‍ ഒളിക്കാനുള്ള വിഫല ശ്രമം നടത്തികൊണ്ടിരിക്കുന്നു. എണീറ്റ് നില്‍ക്കുന്ന ഒരാളുടെ ചന്തിപോലും വിടാതെ മാഷ് കയ്യിലിരിക്കുന്ന ചൂരലുകൊണ്ട് തടവി. ദൈവമേ ഇതെന്തൊരു മറിമായം, മാഷിന് എന്നോട് പ്രേമം ആയോ?
തല്ലു കിട്ടിയവര്‍ കിട്ടിയവര്‍ ചന്തി തടവുന്നതോനോടൊപ്പം "എന്നാലും നീ എങ്ങനെ രക്ഷപെട്ടു" എന്നുള്ള ഒരു ചോദ്യചിഹ്നവും ആയി എന്നെ തന്നെ നോക്കുന്നു.
"ക്ലാസില്‍ വന്നാ പോര പഠിക്കണം" എന്നുള്ള മറുപടി ചിഹ്നവുമായി ഞാന്‍ തിരിച്ചും നോക്കുന്നു. അങ്ങനെ അടിപൂരമൊക്കെ കഴിഞ്ഞു മാഷ് ഇരിക്കുന്ന എന്‍റെ നേരെ നടന്നടുത്തു എന്നിട്ട് ഇതാ ഇങ്ങനെ മൊഴിഞ്ഞു:
" നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ് ഒഴുവാക്കിയത്"
അമ്മെ! ഇതിലും നന്ന് ആ ചൂരലുകൊണ്ട് ചറപറ എന്ന് നാല് പൊട്ടിക്കുന്നതായിരുന്നു.
ക്ലാസ് ഒന്നടങ്കം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി, കൂട്ടത്തില്‍ ഏറ്റവും ചിരിക്കുന്നത് തടിയന്‍ ഷിജു ആണ്. അന്ന് മുതല്‍ തടിയന്‍ എന്‍റെ ശത്രു ആയി.
അങ്ങനെ തടിയനോടുള്ള പ്രതികാരവും അഭിമാനക്ഷതവും പേറി വീണ്ടും ഒഴാക്കനായി തുടരുന്ന കാലം. ഓരോ ദിവസവും തടിയന് എങ്ങനെ പണികൊടുക്കാം എന്ന ചിന്തയുമായാണ് കിടന്നുറങ്ങുക. തടിയനെ കുറിച്ച് പറയുകയാണെങ്കില്‍, അവന്‍റെ പൊട്ടത്തരവും തടിയും തൂക്കി നോക്കിയാ ഏതാണ് കൂടുതല്‍ എന്ന് തിരിച്ചറിയാന്‍ പറ്റില്ല. തടി കൂടുതല്‍ ഉള്ളതുകൊണ്ടും ഞങ്ങളുടെ ഒപ്പം ഓടാന്‍ പറ്റില്ല എന്നുള്ളത് കൊണ്ടും തടിയനെ പുറകിലൂടെ ചെന്ന് ഇടിച്ചിട്ടു ഓടുന്നത് ഞങ്ങളുടെ ആ കാലത്തെ ഒരു പ്രധാന കളിആയിരുന്നു.
അങ്ങനെ പത്താം ക്ലാസിലെ എല്ലാവരും ഇഷ്ട്ടപെടുന്ന അറിയാന്‍ വെമ്പിനില്‍ക്കുന്ന ബയോളജിയിലെ "ആ പാഠം " എത്തി. അതെടുക്കുന്നത് ഈ അടുത്ത് കല്യാണം കഴിഞ്ഞ സുന്ദരിയായ ശ്യാമള ടീച്ചറും. പത്താം ക്ലാസുകാരുടെ അതുവരെ പഠിച്ച എല്ലാ ക്ലാസുകളിലെയും സംശയങ്ങള്‍ മുഴുവന്‍ ഈ ഒരു പാഠത്തില്‍ ആണെന്നതിനാല്‍ ടീച്ചര്‍ വള്ളി പുള്ളി തെറ്റാതെ എല്ലാം വിവരിയ്ക്കുന്നുണ്ടായിരുന്നു. ഈ അണ്ഡം എന്താണെന്നും സെമന്‍ എന്താണെന്നും, ഈ സെമന്‍ ആള് പിശകാന്നും അവനാണ് ഗര്‍ഭം ഉണ്ടാക്കുന്നതെന്നും എല്ലാം ടീച്ചര്‍ പറഞ്ഞു പേടിപ്പിച്ചു. ക്ലാസ് കഴിഞ്ഞു ടീച്ചര്‍ പോയ പാടെ ഞാന്‍ കുറച്ചു ഫെവിക്കോള്‍ എടുത്തു ഒരു കടലാസ്സില്‍ പറ്റിച്ചു തടിയന്‍റെ പുറത്തു ഒട്ടിച്ചു, എന്നിട്ട് ഒരു വിളംബരവും നടത്തി
"തടിയന്‍റെ പുറത്ത് അതാ സെമന്‍.. അവനിപ്പോ ഗര്‍ഭണന്‍ആകും " പറഞ്ഞു തീരും മുമ്പേ തടിയന്‍ കരഞ്ഞുകൊണ്ട് ഓഫീസിലേക്ക് ഓടി എന്നിട്ട് ടീച്ചറോട് പറഞ്ഞു
" ടീച്ചറെ ടീച്ചറെ എന്‍റെ പുറത്തു സെമന്‍ തേച്ചു ഞാന്‍ ഇപ്പൊ ഗര്‍ഭണന്‍ ആകും എന്നെ രക്ഷിക്കണേ ....."
'വൃത്തികെട്ടവനെ ' എന്ന് പറഞ്ഞു ടീച്ചര്‍ തടിയനെ ഓഫീസില്‍ നിന്നും ഓടിച്ചു വിട്ടതും തോന്ന്യാസം കാണിച്ചതിന് എന്നെ നിക്കര്‍ കീറുവോളം തല്ലിയതും എല്ലാം ഇപ്പോഴും സുവര്‍ണ്ണ ലിപികളില്‍ ആ സ്കൂളിന്‍റെ ചരിത്രത്തില്‍ കൊത്തി വെച്ചിരിക്കുന്നു.
ഓ ഡോ:
പത്തു പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഈ അടുത്ത് തടിയനെ കാണാന്‍ ഇടയായി. തടിയൊക്കെ കുറച്ചു ഒരു സുന്ദര കുട്ടപ്പന്‍ ആയിരിക്കുന്നു. കൂടെ ആളുടെ ഭാര്യയും മോനും ഉണ്ട്. കണ്ടപാടെ ഞാന്‍ ഓടി ചെന്നു, പക്ഷെ ആ കണ്ണുകളില്‍ അപ്പോഴും ഞാന്‍ കണ്ടത് "സ്വന്തം ചാരിത്ര്യം കവര്‍ന്നെടുത്ത പ്രതിയെ കോടതി വരാന്തയില്‍ കണ്ടുമുട്ടുമ്പോള്‍" ഉണ്ടാകുന്ന ഒരു 'ഭയം', അതായിരുന്നു!
