തൊള്ള തോമസേട്ടന്‍
തൊള്ള തോമസേട്ടന്‍ , "തൊള്ള" എന്നു നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കും.
കറുത്ത് ഇരുണ്ട ഒരു ആജാനുബാഹു. തലമുടിയും തലയും തമ്മില്‍ തിരിച്ചറിയാന്‍ പ്രയാസം. കക്കൂസ് കഴുകുന്ന ബ്രെഷ് പോലും നാണിച്ചു തലകുനിച്ചു പ്രേമം തോനിക്കും വിധമുള്ള തലമുടി. ഒറ്റനോട്ടത്തില്‍ ഒരു ഒന്നാന്തരം കരിമ്പുലി!
കരിമ്പുലി എന്‍റെ നാട്ടിലേക്കു വന്നതാണോ അതോ...... എന്തോ അറിയില്ല!
എന്ത് തന്നെയായാലും തൊള്ള തോമസേട്ടന് ഒരു കരിമ്പുലി ഛായ ഉണ്ടെന്നു മാത്രം നമ്മുടെ നാട്ടുകാര്‍ക്കറിയാം. ലോകത്തിലുള്ള എല്ലാ വിഷയങ്ങളിലും അറിവുണ്ടെന്ന് നടിക്കുകയും വിടുവായത്തം വിളമ്പുകയും ചെയ്യുന്ന "തൊള്ള" ഞങ്ങളുടെ സ്വന്തം നാടായ കൊനൂര്‍കണ്ടിയില്‍ ഉണ്ടായിരുന്നത് ഏതാണ്ട് 1960 -1995 കാലഘട്ടം. ഞാന്‍ ഒക്കെ അന്ന് കുഞ്ഞു വാവ, തൊള്ളയുടെ തൊള്ള കേട്ട് പരിസബോധം നഷ്ട്ടപെട്ടു മൂത്രം ഒഴിക്കുന്ന പ്രായം!
സ്വന്തമായുണ്ടായിരുന്ന ഒരു ഏക്കര്‍ സ്ഥലത്തിന്‍റെ ആധാരം വെക്കാന്‍ സ്ഥലം ഇല്ല എന്ന് പറഞ്ഞു ഉണ്ടായിരുന്ന ഏക്കര്‍ വിറ്റു പുട്ടും കടലയും കുറച്ച് കടുക്ക വെള്ളവും ( കാശ് കൂടുതല്‍ കയ്യിലുള്ളപ്പോള്‍ കടുക്ക വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് ആണ് തൊള്ളയുടെ വെപ്പ്) അടിച്ചു തൊള്ള അങ്ങനെ വിലസുകയായിരുന്നു എന്നുവേണം പറയാന്‍.
ആ കാലഘട്ടത്തില്‍ ഇന്നത്തെ പോലെ ഫോണ്‍, ഇ-മെയില്‍ കുണ്ടാമണ്ടികള്‍ ഇല്ലാത്തതിനാല്‍ കത്തിനെ ആയിരുന്നു ആളുകള്‍ പലപ്പോഴും ആശ്രയിച്ചിരുന്നത്. വയ്കുന്നേരങ്ങളില്‍ എല്ലാ അപ്പാപ്പന്‍മാരും രണ്ടെണ്ണം അടിച്ചും ഇനി രണ്ടെണ്ണം ആരുടെയെങ്കിലും കയ്യില്‍ നിന്നും മേടിക്കുവാനും ആയി കൂട്ടം കൂടുന്ന നമ്മുടെ നാട്ടു കവലയില്‍ ആണ് കത്തുകള്‍ വിതരണം ചെയ്യാറുള്ളത്. എഴുത്തും വായനയും പണ്ടേ തറവാട്ടില്‍ പിറന്നവര്‍ക്ക് പറഞ്ഞിട്ടില്ലാത്തതിനാല്‍ കത്തുകള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം അത് വായിച്ചു കേള്പ്പിക്കുന്നതും നമ്മുടെ "പോസ്റ്റ് മനുഷ്യന്‍" സോമേട്ടന്‍റെ കടമ ആയിരുന്നു!
അങ്ങനെ ഒരു വയ്കുന്നേരം കത്തുമായി വന്ന സോമേട്ടന്‍ ഒരു അഡ്രെസ്സ് വായിച്ചതും എല്ലാവരും ഒരുനിമിഷം ഒന്ന് തരിച്ചു നിന്നു. അഡ്രെസ്സ് ഇങ്ങനെ:
തൊള്ള തോമസ്
കറുത്ത നിറം, 35 വയസ് മതിപ്പ്
പള്ളിക്ക് സൈഡില്‍ ഉള്ള ചായക്കട.
കൊനൂര്കണ്ടി. കേരളം.
എന്‍റെ നാടിന്‍റെ നന്മ്മ കൊട്ണോ എന്തോ കത്ത് കറക്റ്റ് സ്ഥലത്ത് തന്നെ കിട്ടി.നരകത്തില്‍ നിന്നും കത്തുകള്‍ അയക്കാനുള്ള സൌകര്യം ഇല്ലാത്തതിനാലും ബന്ധു മിത്രാതികള്‍ എല്ലാവരും പാകിസ്ഥാന്‍കാര്‍ ആയതിനാലും അങ്ങനെ ഒരു കത്ത് എവിടെ നിന്നു വന്ന് എന്നുമാത്രം തോമസേട്ടനും അറിവുണ്ടായിരുന്നില്ല! വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറഞ്ഞ പോലെ തോമസേട്ടനും വായന വല്യ പിടിയില്ലാത്തതിനാല്‍ കത്ത് സോമേട്ടന്‍ പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി:
"എത്രയും സ്നേഹമുള്ള പ്രീയ "ചോട്ടന്‍" തൊള്ള തോമസേട്ടന്,
തോമസേട്ടന്‍റെ കറുത്ത "സരീരവും" വെളുത്ത മനസും എനിക്ക് വല്ലാതെ പുടിച്ചു.
ഇന്ന് രാത്രി വീടിനടുത്തുള്ള ചാണക കുഴിയില്‍ "വാരണം വാരാതിരിക്കരുത്"
ഞാന്‍ കത്തി നില്‍ക്കും.
എന്ന് ചേട്ടന്‍റെ "പണ്ടാര" മുത്ത് ഒപ്പ് കുത്ത് "
ഒരു കത്തെഴുതുവാന്‍ മാത്രമുള്ള "വിദ്യ ആഭാസം" അന്ന് ആ നാട്ടില്‍ ഏത് പെണ്കൊടിക്ക് ആണ് ഉള്ളതെന്നും അതുപോലതന്നെ ഒരു രാത്രി മുഴുവന്‍ വാരാനുള്ള ചാണക കുഴിയും തമ്മില്‍ മാച്ച് ചെയ്യുകയും ആളെ ഉടനടി കണ്ടു പിടിക്കുകയും ചെയ്തു!
മറ്റാരുമല്ലായിരുന്നു പട്ടാളം മറുത ചേടത്തിയുടെ മൂത്ത മകള്‍ "കെട്ടാച്ചരക്ക് ത്രേസ്യാമ" !
അറിഞ്ഞുകൊണ്ട് "പനാമര്‍ " കലക്കിയ നാരങ്ങ വെള്ളം കുടിക്കുന്നതിലും നന്ന് ദാഹിച്ചു മരിക്കുന്നതാണെന്ന് കരുതി തോമസേട്ടന്‍ അവിടെനിന്നും രായ്ക്കു രാമാനം മുങ്ങി!
വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട് കടല്‍ കാണാന്‍ പോയ ഒരു നാട്ടുകാരന്‍ മീന്മണം അടിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ തൊള്ള തോമസേട്ടന്‍ മുന്പ്പില്‍! അയല, ചാള, വരാല്‍ എന്ന് വേണ്ട എല്ലാ മീനുകളുടെയും ഒരുമിച്ചു ഒരു വാടയും ആയി!
അന്ന് രാത്രി മുങ്ങിയ തൊള്ള പിന്നീടു പൊങ്ങിയത് കോഴിക്കോട് ആയിരുന്നു. എന്തുകൊണ്ടും ചാണകം കോരുന്നതിനെക്കാള്‍ നന്നല്ലേ മീന്‍ കോരുന്നത് എന്നുകരുതി മീന്‍പിടുത്തവും ആയി അവിടെ കൂടി,മീന്‍ തോമസ് ആയി!


