മുളക് പുരാണംസാധാരണഗതിയിൽ കഥയുടെ അവസാനം സൂചിപ്പിക്കുന്ന ഒരു വാചകത്തോടെ നമുക്ക് തുടങ്ങാം.

"ഈ കഥയും, ഇതിലെ കഥാപാത്രങ്ങളും, ഇതെഴുതിയ കഥാകാരനും എല്ലാം വെറും സാങ്കല്പികം മാത്രമാണ്" 

കഥാകാരന്റെ മുന്നോട്ടുള്ള സുഗമമായ നിത്യജീവിതത്തിന് വളരെ അത്യാവശ്യമായ ഒരു മുൻകരുതൽ എടുത്തൂ എന്ന് മാത്രം കരുതിയാൽ മതി !. അപ്പോൾ  കഥയിലേക്ക്‌...

 "വാടകയ്ക്ക് ആണെങ്കിലും താമസിക്കുകയാണെങ്കിൽ വയനാട്ടിൽ താമസിക്കണം".  ഇത് വായനാട്ടുകാർ മാത്രം പറയുന്ന ഒരു വാചകം അല്ല, മറിച്ച് വയനാട് ഒരു തവണയെങ്കിലും താമസിച്ച മിക്കവരുടെയും മനസിലുള്ള ഒരു ആഗ്രഹം ആയിരിക്കും. പ്രകൃതി രമണീയതയും അതോടൊപ്പം ചൂടുകുറഞ്ഞ കാലാവസ്ഥയും ഈ ആഗ്രഹത്തെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കും എന്നതാണ് സത്യം. ചില നേരങ്ങളിൽ വിരുന്നു വരുന്ന വന്യ മൃഗങ്ങളെ ഒഴിച്ചുനിർത്തിയാൽ വയനാട് വാസം ഒരു സുഖവാസം തന്നെയാണ്. ഒഴാക്കന്റെ നല്ലപാതി വയനാട്ടിൽ നിന്നായതിനാൽ കൊറോണയെ പേടിച്ച് നാട് പിടിച്ചപ്പോൾ എവിടെ താമസിക്കും എന്ന ചോദ്യം മുന്നിലേക്ക് വന്നില്ല എന്നതാണ് വാസ്തവം. 

വയനാട്ടിലെ പുതു ജീവതത്തിത്തിൽ ചുറ്റുമുള്ള പ്രകൃതിയും, രമണിയും, രമണീയതയും എല്ലാം ആണ് ഒഴാക്കനെ ആകർഷിച്ചതെങ്കിൽ , വീടിനു തൊട്ടടുത്തുള്ള അരി, മുളക്, മല്ലി, ഇത്യാദി പൊടിക്കുന്ന മില്ല് ആണ് ഒഴാക്കന്റെ മറുപാതിയെ അത്യാകർഷിച്ചത്.

എത്ര കാലമായിന്നറിയാമോ ഈ പാക്കറ്റ്  മുളകുപൊടി തിന്നുന്നു, നിങ്ങൾ പോയി ഒരുകിലോ പിരിയൻ  മുളക് വാങ്ങിവാ, നമുക്ക് മില്ലിൽ നിന്ന് പൊടിക്കാം.

സഹധർമ്മണിയുടെ അപേക്ഷ ആദ്യം നിരുപാധികം തള്ളിക്കളഞ്ഞു എങ്കിലും അപേക്ഷ ഉത്തരവായി മാറിയതോടെ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുകിലോ പിരിയൻ മുളക് വീടുപിടിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കറികളിലെ എരുവ് പതിവുപോലെ നിർബാധം തുടർന്നതിനാൽ ഒരു കുശലാന്വേക്ഷണം എന്ന വ്യാചേന ഒഴാക്കൻ നമ്മുടെ പിരിയൻ മുളക് പൊടിക്കുന്നതിനെക്കുറിച്ച് ഒന്ന് സൂചിപ്പിച്ചു. അതോടെ കറികളിൽ മാത്രമുണ്ടായിരുന്ന എരിവും പുളിയും സഹധർമ്മണിയുടെ വാക്കുകളിലൂടെയും പുറത്തുചാടി.

മുളക് പൊടിക്കുന്നതിനെ കുറിച്ച് ഒഴാക്കനെന്തറിയാം? 

വെറുതെ അങ്ങ് വാങ്ങി പൊടിപ്പിച്ചാൽ പോരാ.. 

തുടയ്ക്കണം,ഞെട്ടുപൊട്ടിക്കണം, ഉണക്കണം, പിന്നയും ഉണക്കണം.. 

അങ്ങനെ ഉണക്കി ഉണക്കി നമുക്ക് നന്നായി ഉണങ്ങി എന്ന് തോന്നുമ്പോൾ മാത്രമാണ് പൊടിപ്പിക്കാൻ കൊടുക്കാൻ പറ്റു. മനസ്സിലായോ? 

ഭാര്യയുടെ വിവരണം മുഴുവനും മനസിലായില്ലെങ്കിലും ഒന്നുരണ്ടുകാര്യങ്ങൾ വെക്തമായി.

1.  ഒഴാക്കന് ഇനിയങ്ങോട്ട് പിടിപ്പത് പണി ഉണ്ട് 

2. മിനിമം രണ്ടുമൂന്നു പാക്കറ്റ് മുളകുപൊടി കൂടി വാങ്ങേണ്ടി വരും.

ആദ്യകാലഘട്ടങ്ങളിലെ ഉണക്കലിന് മഴകൂടി അകമ്പടിയായി വന്നതോടെ ഒഴാക്കനു പണി വീണ്ടും കൂടി. വെയില് വരുന്നത് നോക്കണം, മുളക് എടുത്തു വെയിലത്ത് വെക്കണം, മഴവരുമ്പോൾ മഴയുടെമുൻപേ ഓടി മുളകെടുക്കണം, അങ്ങനെഅങ്ങനെ... കുറ്റം പറയരുതല്ലോ, വയനാട്ടിലെ മഴയ്ക്ക് ഒഴാക്കനേക്കാളും സ്പീഡ് ആണ്. എന്നൊക്കെ ഓട്ടമത്സരം വെച്ചോ അന്നൊക്കെ ഒഴാക്കൻ തോറ്റിട്ടേ ഒള്ളു. ഓരോ തോൽവിയിലും തളരാതെ നമ്മുടെ പിരിയൻ മുളകിനെ തുടച്ചും, തലോടിയും, ഉണക്കിയും ഞാനും ഭാര്യയും മഴയോട് മത്സരിച്ചുകൊണ്ടേ ഇരുന്നു. മാസങ്ങൾ കടന്നു പോയി, ഒരുപാട് മുളകുപൊടി പാക്കറ്റ്സ് വീട്ടുപടിക്കലൂടെ അടുക്കളയിലേക്കും കറികളിലൂടെ വയറ്റിലേക്കും കടന്നു പോയ്കൊണ്ടേ ഇരുന്നു. അങ്ങനെ ഇരിക്കെ പെട്ടെന്നൊരുസുദിനം ആ പ്രഖ്യാപനം എന്റെ ചെവിയിൽ വന്നു പതിച്ചു. 

"മുളക് അത്യാവശ്യം ഉണങ്ങിയിരിക്കുന്നു, ഇനി വേണമെങ്കിൽ പൊടിക്കാൻ കൊടുക്കാം"  

കേട്ടപാതി കേൾക്കാത്തപാതി കിട്ടിയ മാസ്ക്കും വെച്ച് ഞാൻ മുളകുമായി മില്ലിലേക്ക് ഓടി. മഴയോട് മത്സരിച്ചവനെ ആ പ്രഖ്യാപനത്തിന്റെ വില അറിയൂ!. അങ്ങനെ മുളക് പൊടിക്കാൻ  കൊടുത്തു തിരിച്ച് വെറും കയ്യോടെ വന്ന ഒഴാക്കനെ  പ്രിയതമ അതിലും സ്പീഡിൽ വീണ്ടും തിരിച്ചോടിച്ചു. മില്ലിൽ പോയാൽ അവിടെ 'നിന്ന്' പൊടിപ്പിച്ച് പൊടിയുമായിവേണം തിരിച്ച് വരാൻ അത്രേ. ഓരോരോ ആചാരങ്ങൾ!

അപേക്ഷിക്കുന്നത് എനിക്ക് പണ്ടേ ഇഷ്ട്ടമല്ല, പക്ഷെ പേടിച്ചാൽ പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ല. അതിനാൽ തന്നെ പ്രിയതമയുടെ അപേക്ഷയ്ക്ക്  കാത്തുനിൽക്കാതെ പറന്നുപോയി മുളകുപൊടിയുമായാണ് പിന്നെ വീട് പിടിച്ചത്. തുടർന്നുള്ള ദിനങ്ങളിലും കറികളിലെ എരിവിനും രുചിക്കും മാറ്റം ഒന്നും തോന്നിയില്ലെങ്കിലും.. "എടിയേ.. നമ്മുടെ പൊടിപ്പിച്ച മുളകുതന്നയല്ലേ  കറിക്ക് ഇട്ടത്" എന്ന് ചോദിക്കാനുള്ള ധൈര്യം മുന്നോട്ടുള്ള എന്റെ ഭാവിയെ ഓർത്തപ്പോൾ സാവധാനം ചോർന്നുപോയി.

ദിവസങ്ങൾ കടന്നുപോയി, പെട്ടെന്നതാ മറ്റൊരു ഇടിനാദം എന്റെ ചെവിയിൽ വന്നു പതിച്ചു.

"ഈ പാക്കറ്റ് മല്ലിപൊടി ഒരു വകയ്ക്ക് കൊള്ളൂല" 

അയ്യോ മഴവരുന്നു.. കഥ നിർത്തുതുവാൻ സമയമായി.. മുളക് പോലെയല്ല, മല്ലി   നനഞ്ഞാൽ ഉണക്കാൻ പിന്നെ വല്യ പാടാ..

1 Response to " "

  1. Shalu says:

    അടുത്തത് മല്ലി പുരാണം ആയിരിക്കും അല്ലെ😂👍

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..