ഒരൽക്കുൽത്ത് റോഡുപണി



പലപ്പോഴായി പലരിൽനിന്നായി കേട്ടിട്ടുള്ള ഒരു ചോദ്യമാണ് “ഒഴാക്കൻ ഏതാണ് പാർട്ടി”
വലതുപക്ഷമാണോ ഇടതുപക്ഷമാണോ അതോ രണ്ടിലും പെടാത്ത നടുപക്ഷമാണോ എന്ന്.
ചോദ്യം ചോദ്യമായി ബാക്കി വെച്ചുകൊണ്ട് തന്നെ ഒരു ചെറിയ സംഭവം വിവരിക്കാം.

മൂന്നുമാസം മുൻപ് മാനന്തവാടി ഗവൺമെന്റ് കോളജിനു അടുത്തേക്ക് താമസം മാറ്റേണ്ടതായി വന്നപ്പോൾ ആദ്യമേ നേരിട്ട തടസ്സം കോളേജ് ക്യാമ്പസ്സിലേക്കുള്ള ദുർഘടം പിടിച്ച റോഡ് തന്നെ ആയിരുന്നു. നാട്ടുകാരുമായുള്ള കുശലാന്വേക്ഷണത്തിൽ നിന്നും മനസിലായി കുറച്ച് കാലമായി ആ റോഡ് അങ്ങനെ തന്നെ ആണെന്നും എന്ന് നന്നാകുമെന്ന് അറിയില്ലെന്നും.

പതിവായി നമ്മുടെ പൊതുമരാമത്ത് മന്ത്രിയുടെ പല വാർത്തകളും നടപടികളും വായിക്കാറുള്ള ഒഴാക്കൻ ഒരു പരീക്ഷണം എന്ന നിലക്ക് PWD4U എന്ന ആപ്പിൽ രണ്ട് ഫോട്ടം പിടിച്ചു ഒരു പരാതി അങ്ങ് കീച്ചി. പരാതിക്കു ശേഷം പതിവുപോലെ പലരെയും സ്മരിച്ച് ഒഴാക്കനും ഒഴാക്കന്റെ വണ്ടിയും ആ ഗട്ടറുകളുടെ ഭാഗമായി ഓടിത്തുടങ്ങി. കുറ്റം പറയരുതല്ലോ ആഴ്ചകൾക്കുള്ളിൽ തന്നെ PWD ഓഫീസിൽ നിന്ന് വിളിക്കുകയും പരാതിയിൽ നടപടി സ്വീകരിക്കും എന്ന് ഉറപ്പുപറയുകയും ചെയ്തു. മാസം ഒന്നുകൂടി കൊഴിഞ്ഞുപോയി എന്നിരുന്നാലും പരാതിയിൽ തന്ന ഉറപ്പും പരാതി കൊടുത്ത കുഴിയും അതുപോലെതന്നെ കിടപ്പുണ്ടായിരുന്നു. ഏതായാലും മെനക്കെട്ടതല്ലേ എന്നുകരുതി പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പൊതുജനങ്ങൾക്ക് ബന്ധപ്പെടാനുള്ള ഇ-മെയിൽലിൽ ഈ ഉള്ളവനറിയാവുന്ന ഭാക്ഷയിൽ ഒരു ഓൺലൈൻ പരാതികൂടി അങ്ങ് കീച്ചി. അന്ന് രാത്രി രണ്ടു ഗവൺമെൻറ് വണ്ടികൾ വീടിനടുത്തുകൂടി പോയപ്പോൾ അമ്മച്ചിയാണേ ഈയുള്ളവൻ  ഒന്ന് ഞെട്ടി, ഭഗവാനെ എവിടെയോ ഇരുന്ന പാമ്പിനെ ആണോ ഈ ഞാൻ… ആ വണ്ടികൾ അവരുടെ വഴിക്ക് പോയപ്പോഴാണ് ഒന്ന് സമാധാനം ആയത്.

പക്ഷെ പിന്നീടായിരുന്നു ട്വിസ്റ്റ്, ഒരു സുപ്രഭാത്തിൽ റോഡ് പണി തുടങ്ങുകയും നല്ല ഭംഗിയായി അത് പൂർത്തികരിക്കുകയും ചെയ്തു.


ഇതുകണ്ട ഒഴാക്കൻ ഭാര്യയോട് പറഞ്ഞു “കണ്ടോടി ഒഴാക്കന്റെ പിടിപാട്. റോഡ് വരും എന്ന് പറഞ്ഞു റോഡ് വന്നു"!


ഉണ്ട! എട്ടുകാലി മമ്മൂഞ്ഞ് എന്നൊരു കഥാപാത്രത്തെ കുറിച്ചു കേട്ടിട്ടുണ്ടോ?


അവളുടെ എടുത്തടിച്ച മറുപടിയിൽ ഒഴാക്കൻ പടമായി. റോഡ് വന്നല്ലോ സമാധാനം!!


ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ PWD ഓഫീസിൽ നിന്ന് വിളിക്കുകയും താങ്കളുടെ മന്ത്രിക്കുള്ള പരാതിയിൽ മന്ത്രിയുടെ ഓഫീസ് ഇടപെടുകയും അതിന്റെ ഭാഗമായി റോഡ് പണി പൂർത്തീകരിക്കുകയും ചെയ്തിരിക്കുന്നു എന്നു ബോധിപ്പിച്ചു. കാൾ റെക്കോർഡ് ചെയ്തില്ല, ഇല്ലെങ്കിൽ ഭാര്യയെ ഒന്ന് കേൾപ്പിക്കാമായിരുന്നു എന്നുവിചാരിച്ച് കോൾമയിർകൊണ്ടിരുന്ന ഒഴാക്കന്റെ ഇന്ബോക്സിൽ അതാ കിടക്കുന്നു ഇ-മെയിൽ ഫ്രം PWD വിത്ത് പ്രൂഫ്!!

ഈ ഒരു ചെറിയ സംഭവത്തിൽ നിന്നും ഒരുകാര്യം ഉറപ്പിച്ച്‌ പറയാം, ഒഴാക്കൻ എന്നും നേർപക്ഷത്തോടൊപ്പം തന്നെയാണ്.

NB: ഇതൊരു പൊളിറ്റിക്കൽ പോസ്റ്റ് അല്ല. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ഡാധാരണക്കാരിൽ സാധാരണക്കാരനായ ഒരുവന് മന്ത്രിയെ കോണ്ടാക്ട് ചെയ്യാൻ പറ്റുകയും മന്ത്രിയുടെ ഓഫീസ്‌ ഓരോ പരാതിയേയും അതിന്റെ പ്രാധാന്യത്തോടുകൂടി സമീപിക്കുകയും അതിന്റെ പ്രോഗ്രസ്സ് പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾ നല്ല ഒരു സിസ്റ്റത്തിന്റെ ഭാഗമാണ്. ആയതിനാൽ ആ സിസ്റ്റത്തെ കുറിച്ചും അതിന്റെ നല്ല നടപ്പിനെ കുറിച്ചും ഉള്ള വിവരം ഈ ഉള്ളവൻ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നില്ല എങ്കിൽ ഒഴാക്കൻ വെറുമൊരു ഒഴപ്പൻ ആയിപ്പോകില്ലേ..

3 Response to " "

  1. Shaji Nair says:

    Adipoli, Ozhakkan ki Jai !

    Unknown says:

    Nee oru Mahan thanneda

    Unknown says:

    മമച്ച ഇതാണ് പാവങ്ങളുടെ സർക്കാർ

Post a Comment

മിണ്ടാതെ പോകുവാണോ? ഒരു തല്ല് എങ്കിലും തന്നിട്ടു പോ എന്‍റെ മാഷേ..