കാഴ്ച്ചകളും..... കാഴ്ച്ചപാടുകളും.....

സൂസി ആന്‍ഡ്‌ മരിയ.
നിങ്ങള്‍ വിചാരിക്കും പോലെ വെറും രണ്ടു വീട്ടമ്മമാര്‍ അല്ല മറിച്ച് ഇന്ന് ഈ ലോകം വെട്ടിപിടിക്കാന്‍ പുറപെട്ടിറങ്ങിയ രണ്ടു മദ്ധ്യമിഥുനങ്ങള്‍. "നാമൊന്ന് നമുക്കൊന്നും വേണ്ട" എന്ന ചിന്താഗതിക്കാര്‍.ജനിച്ചതെ മുതലാളി വര്‍ഗ്ഗത്തിന്‍റെ കലവറയില്‍ ആയതിനാല്‍ തന്നെ രാജ്യാന്തര ഏഷണികളും കുശുമ്പികളും കെട്ടിയോന്മാരുടെ ചെവിതിന്നുന്ന രണ്ടു മൊതലുകള്‍!

സാധരണ വീട്ടമ്മമാരുടെ സ്ഥിരം ഏഷണികളായ,

തെക്കേതിലെ ലീല പെറ്റ കുട്ടിയ്ക്ക് അപ്പുറത്തെ ചന്ദ്രന്‍റെ ചായ ഉണ്ടോ എന്നുള്ള സംശയവും, ഈയടുത്ത് കല്യാണം കഴിഞ്ഞ തോമേട്ടന്‍റെ മോള്‍ക്ക്‌ വിശേഷം ഒന്നും കാണുന്നില്ലാലോ എന്നുള്ള വിഷമവും, ഇനി എന്നാണാവോ ഒരു മദ്യദുരന്തം വന്നു കെട്ടിയോന്‍ കൂമ്പിനിടി നിര്‍ത്തി വീട്ടില്‍ ഇരിക്കുന്നത് എന്നുള്ള വാചാലതയും ഒന്നും നമ്മുടെ കഥാപാത്രങ്ങള്‍ക്ക് ഒരിക്കലും ഒരു ചര്‍ച്ചാ വിഷയമേ അല്ല.

മറിച്ച് അവരുടെ ലോകത്തേക്ക് ചെല്ലുകയാണെങ്കില്‍

മിസ്സിസ് ഡിസൂസയുടെ പോമേറിയന്‍ പട്ടിയുടെ കുട്ടികളെ കുറിച്ചും നാളെ ക്ലബ്ബില്‍ നടക്കാന്‍ പോകുന്ന "ടെസ്റ്റ്‌ ട്യൂബ് ശിശുക്കളെ" എങ്ങനെ വളര്‍ത്താം എന്നുതുടങ്ങിയ രാജ്യാന്തര വാര്‍ത്തകള്‍ മാത്രമാണ് വിഷയങ്ങള്‍. ഇതൊക്കെ തന്നെ ആണെങ്കിലും ഇടയ്ക്ക് സൂസിയും മരിയയും അവരുടെ സൊകാര്യ ജീവിതത്തിലെ ചില നിമിഷങ്ങളെക്കുറിച്ചും സംസാരിയ്ക്കാതില്ല. അങ്ങനെ അപൂര്‍വമായി സംസാരിച്ച ഒരു സായാന്ഹം!

എടീ മരിയ, ഹൌ വാസ് യുവര്‍ യെസ്റ്റര്‍ഡേ ഡാ?
ഓ ഒന്നും പറയേണ്ട, അതിയാന്‍ എവിടുന്നോ കുറെ കള്ളും മോന്തിവന്നു
എന്നോടൊന്നും മിണ്ടാതെ മേശയില്‍ വിളമ്പി വെച്ച സകല ഭക്ഷണവും എടുത്തു തിന്നു , എന്നിട്ട് ഒരക്ഷരം മിണ്ടാതെ പോയി കിടന്നുറങ്ങി.ഷുഗറും പ്രഷറും എന്ന് വേണ്ട ഈ ലോകത്തുള്ള എല്ലാ രോഗവും ഉള്ള മനുഷ്യനാ പക്ഷെ വല്ലതും പറയാനൊക്കുമോ.വെള്ളമടിച്ചാ പിന്നെ അതിയാന്‍ എന്നാ പറയുന്നതെന്നും ചെയ്യുന്നതെന്നും അതിയാനെ അറിയാന്‍ മേല.ഒടുക്കം ഞാന്‍ 'പട്ടിയെയും അഴിച്ചു വിട്ടിട്ടു' കിടന്നുറങ്ങി.എന്നും ഇങ്ങനെ ആകാതിരുന്നാ മതിയാരുന്നു !

നിന്റെയോടി സൂസി?

ഇന്നലെ ചേട്ടന് എന്നോട് എന്തൊരു സ്നേഹമാരുന്നെന്നോ.
വന്നപാടെ അടുക്കളിയിലേക്ക് കയറി വന്നു എന്നിട്ട് എന്‍റെ കണ്ണില്‍ തന്നെ കുറച്ചുനേരം നോക്കി നിന്നു, ഓ എനിക്കെന്തോ ആയി പോയി.അതിനുശേഷം ഞങ്ങള്‍ ഒരുപാട് നാളുകൂടി പുറത്തു പോയി ഫുഡ്‌ കഴിച്ചു.ഫുഡ്‌ എന്ന് പറഞ്ഞാ വെറും ഫുഡ്‌ അല്ല ഒരു ഒന്നൊന്നര ഫുഡ്‌! ഹോ, ഇപ്പോഴും നാക്കില്‍ നിന്നും ആ രുചി പോയിട്ടില്ല.അതും കഴിഞ്ഞു ഞങ്ങള്‍ അരണ്ട വെളിച്ചത്തിലൂടെ മുട്ടിയുരുമി ഒരുപാട് നേരം നടന്നു.
വീട്ടിലെത്തിയപ്പോ എന്നും പെട്ടന്ന് കിടക്കാറുള്ള ചേട്ടന്‍ ലൈറ്റ് ഒന്നും ഓണ്‍ ചെയ്യാതെ മെഴുകുതിരി കത്തിച്ചു വെച്ചു, ഓ.. ഈ മെഴുകുതിരികൊണ്ടുള്ള ഓരോ ഉപകാരമേ!
വീടാകെ അരണ്ട മെഴുകുതിരി വെളിച്ചം മാത്രം!
ഞങ്ങള്‍ രണ്ടിണക്കിളികളെ പോലെ ഒരുപാടുനേരം കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു പിന്നീടെപ്പോഴോ ഉറങ്ങി പോയി!
ഹോ!! എന്നും അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് കൊതിച്ച് പോകുവാ..

മറുപുറം 

സൂസിയുടെയും മരിയയുടെയും കണവന്മാരാണ് ടോമിയും മാത്യുവും.
സ്നേഹപൂര്‍വ്വം തൊമ്മിച്ചന്‍ എന്നും മത്തച്ചനെന്നും വിളിക്കും.ഭാര്യമാര്‍ അകില ലോക ചര്‍ച്ചകളില്‍ ആണെങ്കില്‍ ഇവരുടെ ചര്‍ച്ച എല്ലാ തയ്കുട്ടന്മാരെയും പോലെ തൊട്ടടുത്തവീട്ടിലെ ആന്റിമാരുടെ ഒഴിവുകളും കഴിവുകളും, അന്നന്ന് കുടിയ്ക്കാനുള്ള ബ്രാന്റും കൂടെ നക്കാന്‍ ഏത് അച്ചാര്‍ വേണം എന്നെല്ലാമുള്ള നാട്ടു വിഷയങ്ങള്‍ മാത്രം.

പതിവുപോലെ തൊമ്മിച്ചന്‍ മത്തച്ചനോട്

മത്തച്ചോ, രണ്ടെണ്ണം അടിച്ചോണ്ട് വീട്ടിപോയിട്ടെന്തായി?ആകെ മൊത്തം അലമ്പ് ആയോ?
എന്‍റെ തൊമ്മി, ഇന്നലെ ആരുന്നെടാ ദിവസം!
രണ്ടെണ്ണം അടിച്ചോണ്ട് ചെന്നതിനാല്‍ മരിയ 'കമ' എന്ന് മിണ്ടിയില്ല,
ഞാന്‍ കിട്ടിയ ചാന്‍സിന് കയ്യില്‍ കിട്ടിയ എല്ലാ ഫുഡും ശരിക്ക് വയറു നിറച്ചു തിന്നു. ഇല്ലെങ്കില്‍ അവളുടെ അമ്മൂമെടെ പ്രെഷര്‍, ഷുഗര്‍ എന്ന് പറഞ്ഞു ഒരു വസ്തു വായിലേക്ക് വെക്കാന്‍ സമ്മതിക്കില്ല.എന്നാ പോയി കിടക്കാന്നു വെച്ചാലോ, കുശു കുശു എന്ന് പറഞ്ഞോണ്ടിരിക്കും.ഇന്നലെ അവള്‍ ആ ഭാഗത്തേക്ക് വന്നില്ല.
ഹോ.. ഇനി എന്നും രണ്ടെണ്ണം അടിച്ചാലോ എന്നു വിചാരിച്ചു പോകുന്നെടാ

ഹും, നിന്‍റെ ടൈം മത്താ!
നിനക്ക് കേള്‍ക്കണോ ഞാന്‍ ഇന്നലെ ചെന്ന് കയറുമ്പോ വീട്ടില്‍ ഒരു വസ്തു ഉണ്ടാക്കി വെച്ചിട്ടില്ല ഗ്യസ് തീര്‍ന്നു പോലും!ഞാന്‍ കുറച്ചു നേരം അവളെ നോക്കി പേടിപ്പിച്ചു!
നോക്കി പേടിപ്പിക്കാനല്ലാതെ കയ്യെങ്ങാനും വെച്ചാ അവളുടെ തടിമാടന്മാര് ആങ്ങളമാര് എന്‍റെ പെടലി നിരപ്പാക്കും.വിശപ്പുസഹിക്കാതെ വന്നപ്പോ അവളെ കൂട്ടി പുറത്തു പോയി കഴിയ്ക്കാന്നു വെച്ചു.പുറത്തു പോയപ്പോഴോ, അവള്‍ക്കു ഏറ്റവും വലിയ ഹോട്ടലില്‍ തന്നെ പോകണം. അവസാനം കയറിയ ഹോട്ടലിലെ സകല ചട്ടിയും വടിച്ചു നക്കിയിട്ടാ അവള്‍ ഇറങ്ങിയത്‌.കുരുത്തം പോലെ പോക്കറ്റില്‍ അഞ്ചിന്‍റെ പൈസ ഇല്ല ഒടുക്കം ക്രെഡിറ്റ്‌ കാര്‍ഡ്‌ വെച്ച് അഡ്ജസ്റ്റ് ചെയ്തു.ഒരു ഓട്ടോ വിളിച്ച് വീട്ടിപോകാന്നു വെച്ചാ കാശ് വേണ്ടേ, പിന്നെ കുറെ നേരം നടന്നു. ഒടുക്കം വീടെത്തിയപ്പോ കറന്റ്‌ ഇല്ല.അതിന്‍റെ ബില്ലടച്ചില്ല അവന്മാര് ഫ്യൂസ് ഊരിക്കൊണ്ട് പോയി.പിന്നെ ഒടുക്കം മെഴുകുതിരി കത്തിച്ചു വെച്ചു. കിടന്നുറങ്ങാന്നു വെച്ചാ ഉറക്കം വരണ്ടേ. അവള് വന്ന് അടുത്തിരുന്നു കിന്നാരം പറച്ചില്‍ തുടങ്ങി. ഓ.. ഒടുക്കം എങ്ങനയോ ഒന്ന് ഉറങ്ങിയെന്നു പറഞ്ഞാ മതി.
ദൈവമേ ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാതിരുന്നാ മതിയാരുന്നു.!

വാല്‍ക്കഷണം:

ഞങ്ങളുടെ നാട്ടില്‍ ഒരു മറിയാമ ചേടത്തിയും പാപ്പച്ചന്‍ ചേട്ടനും ഉണ്ടാരുന്നു. പാപ്പച്ചന്‍ ചേട്ടന്‍ കെട്ടുകഴിഞ്ഞ അന്ന് മുതല്‍ എന്നും രണ്ടെണ്ണം അടിച്ചിട്ടേ വീട്ടില്‍ വരൂ.വന്നു കഴിഞ്ഞാ കിടക്കുന്നതിനു മുന്‍പ്പ് മറിയാമചേടത്തിയെ കുനിച്ചു നിര്‍ത്തി മിനിമം രണ്ടിടിയെങ്കിലും കൂമ്പിനു കൊടുക്കാതെ ഉറങ്ങാറില്ല!

കാലം കുറെ കഴിഞ്ഞു പാപ്പച്ചന്‍ ചേട്ടന് 'കരളുസാന്ദ്രം' വന്നു ഒരു സുപ്രഭാതത്തില്‍ കള്ളുകുടി എന്നന്നേയ്ക്കുമായി നിര്‍ത്തി.അന്ന് രാത്രി പതിവ് പോലെ പാപ്പച്ചന്‍ ചേട്ടന്‍ കിടക്കാന്‍ വന്നപ്പോ മറിയാമ ചേടത്തി വെരുകുപോലെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, കാര്യം എന്താണെന്ന് മനസ്സിലാകുന്നില്ല.ഒടുക്കം ചോദിച്ചപ്പോ ചേടത്തി പറയുവാ

"എന്‍റെ മനുഷ്യാ നിങ്ങള്‍ എന്നെ ഇടിയ്ക്കുന്നുണ്ടേ ഒന്ന് പെട്ടന്ന് ഇടിയ്ക്കു.
എനിക്ക് കിടന്നുറങ്ങണം"

ഓരോരോ ശീലങ്ങളെ!