കോര്‍ണ്ണര്‍ ക്കുരു

ഡാ.. അതികം ചിക്കന്‍ കഴിക്കണ്ട
ഡാ.. അതികം സമയം ഇരിക്കണ്ട, ഓഫീസില്‍ അല്ല കക്കൂസില്‍
ഡാ.. അതികം സമ്മര്‍ദം ചെലത്തണ്ട, വേറെ എവിടയുമല്ല മുകളില്‍ പറഞ്ഞ സ്ഥലത്ത്
 അവന്‍ വരും, മുതലാളിമാര്‍ക്ക് രഹസ്യ സബന്ധത്തില്‍ ഉണ്ടായ വ്യാജ  സന്താനം പോലെ!
ചന്തി പിളര്‍ന്നും അവന്‍ വരും...
ചെറുപ്പം മുതലേ  കേള്‍ക്കുന്ന ഒന്നാണിത്. അവനാരാന്നല്ലേ?
മുതലാളിമാര്‍ ഭയക്കുന്ന, ഷട്ടി വില്‍പ്പനക്കാര്‍ വെറുക്കുന്ന, കോഴി കച്ചവടക്കാര്‍  പുച്ചിക്കുന്ന, ചോരയില്‍ കിളുര്‍ത്ത അവന്‍,  മൂലക്കുരു!
അവന്‍ വന്നാലോ?  റേഡിയോ മാന്ഗോ പോലെ പിന്നെ നാട്ടിലെങ്ങും പാട്ടായി!
 അയ്യേ എന്ന് വരാത്തവര്‍ പുച്ചിക്കുന്നു,  പാവം എന്ന് വന്നവര്‍ സഹതപിക്കുന്നു കഷ്ട്ടം എന്ന് ഉള്ളവര്‍  പറയുന്നു.
സന്തോഷത്തോടെ കക്കൂസില്‍ പോകുവാന്‍ കൊതിക്കുന്ന നാളുകള്‍. ഒരിക്കലും വേണ്ട എന്ന് വെച്ച ഷട്ടി ധരിക്കുവാന്‍ മനസ് വെമ്പുന്ന ദിനങ്ങള്‍.

ഇത്രയൊക്കെ ആയിട്ടും അവന്‍ വരട്ടെയെന്ന് അല്ലെങ്കില്‍ അവന്‍ ഉണ്ടെന്നു അവകാശപ്പെടുന്ന  ദിനങ്ങള്‍ അതാണ്‌ വേള്‍ഡ് കപ്പ്‌ ഫുട്ബോള്‍! എന്താണെന്നല്ലേ? എവിടെയെങ്കിലും ഇരുന്നു ( നിന്നു)  സമാധാനമായി കളി കാണാം. ഓഫീസിലും പോകണ്ട! ഇത് ഞാന്‍ പറഞ്ഞതല്ല എന്‍റെ സഹമുറിയന്‍റെ കണ്ടുപിടുത്തങ്ങളില്‍ ഒന്ന് മാത്രം. മൂലക്കുരുവിനോടുള്ള  ഇഷ്ട്ടമല്ല മറിച്ച് ഫുട്ബോളിനോടുള്ള സ്നേഹം മാത്രമാണ് അവനെ ഇത് പറയാന്‍ പ്രേരിപ്പിച്ചത്.

ഓഫീസില്‍ നിന്നും ഒരു രണ്ടാഴ്ച ലീവ് വേണേ ഇവന്‍ തന്നെ വേണം. പനി എന്ന് പറഞ്ഞാ മാനേജര്‍ തലയില്‍ തൊട്ടു നോക്കും. തൂറ്റെന്നു  പറഞ്ഞാ  മിനിമം പത്തു തവണ എങ്കിലും ബാത്‌റൂമില്‍ പോകുകയും മൊത്തത്തില്‍ ഒരു തളര്‍ച്ച വരുത്തുകയും വേണം, ഇനി മറ്റെന്തെങ്കിലും നൊക്കിണി  അസുഖം പറഞ്ഞാലും രണ്ടാഴ്ച ലീവ് വലിയ പാടാ. അവിടാണ് മൂലക്കുരുവിന്‍റെ സ്ഥാനം.  പണ്ടു കണ്ണൂരൊരു മൂലക്കുരു വൈദ്യന്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്, ആള്‍ക്ക് രോഗികളുടെ മുഖം കണ്ടാല്‍ തിരിച്ചറിയാന്‍ വലിയ പാടാ എന്നാ വേറെ ചില സ്ഥലം കണ്ടാല്‍ എത്ര നാള്  കഴിഞ്ഞാലും തിരിച്ചറിയും പോലും. അതുപിന്നെ ഡോക്ടര്‍ ആണ് പോട്ടെ. പക്ഷെ മാനേജര്‍ക്ക് ഒരു തിരിച്ചറിയല്‍ പരേട്‌  നടത്തി രോഗം സത്യമാണോ എന്ന് നോക്കാന്‍ ഉള്ള ആ ചമ്മല്‍, അവിടാണ് നമ്മുടെ വിജയം.  

വല്യപ്പന്‍ ‍  പല തവണ മരിച്ചപ്പോഴും  ലീവ് കൊടുത്ത മാനേജര്‍ വല്യമ്മ രണ്ടാമത് മരിച്ചപ്പോ, "നടപ്പില്ല വല്യ്യപ്പന്‍ പലതുണ്ടാകും പക്ഷെ വല്യമ്മ ഒന്നേ ഉണ്ടാകു"  എന്ന പ്രസ്താവനയോടെ ആണ് എന്‍റെ സഹമുറിയന്‍ പുതിയ അടവ് തേടി പുറപ്പെട്ടതും ഒടുക്കം മൂലനുമായി  തിരികെ വന്നതും. ആ അടവില്‍
അവന്‍ വിജയിച്ചു എന്നുമാത്രമല്ല എത്ര ലീവ് വേണമെങ്കിലും എടുത്തോ എന്ന മൂലക്കരാര്‍  പതിച്ചു കിട്ടുകയും ചെയ്തു.
പക്ഷെ പ്രശ്നങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്.

മാനേജരുടെ പാരമ്പര്യ രോഗം ആണ് മൂലന്‍,  അതിനാല്‍ തന്നെ ഒരു കുടുംബ വൈദ്യന്‍ ഇവനെ കരിക്കാനുമായി മാത്രം അവരുടെ കുടുംബ ഡോക്ടര്‍ ആയി ജീവിച്ചു പോകുന്നു. ഇവിടെയാണ്‌ ലഡ്ഡു എണ്ണം ഇല്ലാതെ ചറപറ പൊട്ടിയത്! മാനേജര്‍  എത്രയും പെട്ടന്ന് അവനോടു അവരുടെ കുടുംബ ഡോക്ടറെ കാണാന്‍ പറയുകയും തുടര്‍ന്ന് വിശ്രമം അനുവദിക്കുകയും ചെയ്തു!

ഇല്ലാത്ത മൂലക്കുരു ഇനി എങ്ങനെ മൂലത്തില്‍ സൃഷ്ട്ടിക്കും?. ഫുട്ബോള്‍ ആണേ ഒരു കോര്‍ണ്ണറും പിന്നെ ഒരു കുരുവും വച്ചു അട്ജെസ്റ്റ് ചെയ്യാം ഇത് ജീവിതം ആയി പോയില്ലേ.  തന്ത്രങ്ങളും കുതന്ത്രങ്ങളും മെനഞ്ഞു തുടങ്ങി. ഒടുക്കം ഒരു കുരുവുള്ള മൂലം നോക്കിയുള്ള യാത്ര തന്നെ തുടങ്ങി.അങ്ങനെ ഒരു മൂലക്കുരു വൈദ്യന്‍റെ മുന്‍പില്‍ നിന്നും ഒരുത്തനെ അടിച്ചു മാറ്റി, കുരുവോടു കൂടി. അങ്ങനെ കുരുവും മൂലവും എല്ലാം മാനേജരുടെ ഡോക്ടറുടെ മുന്‍പില്‍ പ്രതിഷ്ട്ടിച്ചു. ഡോക്ടര്‍ക്ക്‌ കുരുവിനെ അല്ലെ  അറിയൂ ആളെ അറിയില്ലാലോ!  ആ തന്ത്രത്തില്‍ എന്‍റെ സഹമുറിയന്‍ വിജയിച്ചു!  ഇല്ലാത്ത കുരുവും പേറി നാടുപിടിച്ച അവന്‍ ഫുട്ബോള്‍ വേള്‍ഡ്കപ്പില്‍  മുഴുകി .

പണ്ടാരോ  തന്‍റെ കഥാപാത്രത്തെ പുഴയില്‍ മുക്കി കൊന്ന്  ഒടുക്കം അദ്ദേഹവും പുഴയില്‍ മുങ്ങി മരിച്ചു എന്നും  പിന്നെ ഒരാശാന്‍ ഇത് കണ്ടു  പേടിച്ചു വായടിയെ കൊണ്ട് (കിളി) കഥ  പറയിച്ചു എന്നുമെല്ലാം കേട്ടു കേള്‍വിയുണ്ട്.
ഇപ്പൊ എന്‍റെ  പേടി ഈ പാവം ഒഴാക്കന്‍ അവസാനം മൂലക്കുരു വന്നു മരിക്കുമോ എന്ന് മാത്രമാണ്. ഞാനും ഒരു എഴുത്തുകാരന്‍ അല്ലെ? അല്ലെ?

ഒരു ഫുട്ബോള്‍ ഓര്‍മ്മ കുറിപ്പ്.

രാജ്യ മത രാഷ്ട്രീയ ഭേദം അന്യേ കാല്‍പന്തു കളിയുടെ ജ്വരം എല്ലാവരുടേയും തലയ്ക്കു പിടിച്ചിരിക്കുന്നു . ഈ പാവം ഒഴാക്കനും ഇച്ചിരി പിടിച്ചിരിക്കുന്നു എന്ന് തന്നെ കൂട്ടിക്കോ,ഫുട്ബോള്‍ ഭ്രാന്ത്. പണ്ടു ഞാന്‍ നല്ല ഒരു കളിക്കാരന്‍ ആയിരുന്നു, ഇപ്പോഴും ഉണ്ട് കളിയൊന്നു മാറ്റി പിടിച്ചു എന്ന് മാത്രം!. ഫുട്ബോള്‍ , ഫൂട്ട് ബോര്‍ഡ്‌ അങ്ങനെ എത്ര എത്ര കളികള്‍. കളിച്ചു കൈഒടിഞ്ഞതും ഒടിഞ്ഞ കൈകൊണ്ട് വീണ്ടും കളിച്ചു മൂക്കിന്‍റെ പാലം തകര്‍ന്നതും ഫൂട്ട് ബോര്‍ഡ് കളിയില്‍ താഴെ വീണതും എല്ലാം മനസിലെ ഒരു കോണ് വഴി ചെറുകുടലില്‍ തൂങ്ങി പിടിച്ചു എന്‍റെ വായിലേക്ക് വരുന്നു ഒരു ഓക്കാനമായി.

 മനസ് പ്രക്ഷുബ്ധമാകുമ്പോള്‍ നാം പഴയ പല തമാശകളും ചിന്തിക്കാറുണ്ട് അങ്ങനെ ചിന്തിച്ചപ്പോള്‍ ആണ് എന്‍റെ കൂട്ടുകാരുടെ ഒരു പഴയ പന്ത് കളി മനസിലേക്ക് കയറി വന്നത് അങ്ങിനെ അതിതാ ഒരു ഓക്കാനമായി നിങ്ങളുടെ മുന്‍പിലേക്കും. പന്ത് കളിയ്ക്കാന്‍ പണ്ടേ മിടുക്കന്‍മാര്‍ എന്‍റെ കൂടെയുണ്ട് എന്നാലും പതിനൊന്നെണ്ണം തികയില്ലലോ. അങ്ങനെയാണ് ഒഴാക്കന്‍ "പതിനൊന്നേ കാലാമന്‍" ‍ ആയും കഞ്ചു ആസിഫ് പത്താമന്‍ ആയും മൂട്ട രജീഷ് പതിനാലാമന്‍ ആയും കളത്തില്‍ വരുന്നത്.

 ആസിഫ് ഒരു സംഭവം തന്നെയാ അതായത് ഒരു ട്യൂബ് ലൈറ്റ് പോലത്തെ സംഭവം . ഒരു ട്യൂബ് ലൈറ്റ് തെളിയാനുള്ള ടൈം എടുക്കും അളിയന് കാര്യങ്ങള്‍ ഒന്ന് തെളിയാന്‍. പിന്നെ മൂട്ട രജീഷ്, കാണാന്‍ മൂട്ടയെ പോലെ ഇരിക്കും എങ്കിലും അവന്‍ കോളേജിന്‍റെ ഓമന പുത്രന്‍ ആണ്! അമ്മയുടെ തെറ്റുകൊണ്ടല്ല മറിച്ച് അവന്‍റെ കഴിവുകൊണ്ട് കോളേജിന്‍റെ ഓമന പുത്രന്‍ ആയവന്‍. കറുപ്പിന്‍റെ കാര്യത്തില്‍ ആനയും കുറുമ്പിന്‍റെ കാര്യത്തില്‍ കുരങ്ങനും മാറി നിന്നുപോകുന്ന മൊതല്‍.ഇവരാണ് കഥയിലെ നായകന്‍മാര്‍ ഞാന്‍ വെറുമൊരു കാഴ്ച്ചകാരനും.

 കളി നല്ല ഭങ്ങിയായി ആടാന്‍ (കളി) തുടങ്ങി. ഞാനും ആസിഫും അടക്കമുള്ളവര്‍ ചക്കപഴത്തിന്‍റെ ഓള്‍ സൈല്‍ ഈച്ചകളെ പോലെ പന്തിനു പുറകെയും. പന്ത് കാലില്‍ കൊള്ളുന്നില്ല എങ്കിലും ഗ്രൌണ്ടിലുള്ള എല്ലാ കൊച്ച് കല്ലുകളും ഞങ്ങള്‍ കറക്റ്റ് ആയി തൊഴിച്ചു ദൂരേയ്ക്ക് കളയുന്നുണ്ടായിരുന്നു. അങ്ങനെ കല്ല്‌ നീക്കിയ എനിക്ക് ഏറ്റവും നല്ല കല്ല്‌പെറുക്കിക്കുള്ള, (വെറും പെറുക്കി അല്ല) "പെറുക്കി അവാര്‍ഡ്‌" കിട്ടിയത് വേറെ കഥ!. നേരത്തെ പറഞ്ഞ പോലെ കഞ്ചു ആസിഫ് ബോളിനു പുറകെ മറുപോസ്റ്റ് വരെ ഓടി അവിടെ നിന്നുപോകും ചിലപ്പോള്‍, കാരണം കുറച്ചു സമയം എടുക്കും ആശാന് എന്തിനാ അവിടം വരെ ഓടി വന്നതെന്ന് ചിന്തിച്ചെടുക്കാന്‍. അങ്ങനെ ഒരു തവണ പന്തിനു പുറകെ ഓടിയ അസിഫ് പന്ത് പോയതറിയാതെ എന്തിനാ ഓടിയത് എന്നുള്ള ചിന്ത വരുന്നതും കാത്തു നിക്കുമ്പോള്‍ അതാ മറുപോസ്റ്റിലെ ഒരു പാവം കളിക്കാരന്‍ പന്തടിച്ചു കളഞ്ഞതിന്‍റെ സന്തോഷത്തില്‍ ദീര്‍ഘശ്വാസം വിടുന്നു. ഇത് കണ്ടതും കഞ്ചുവിനു കാര്യം പിടികിട്ടി അവന്‍ പറന്നു ചെന്ന് മറ്റവനെ കാലു വച്ചു വീഴ്ത്തി പന്ത് തിരയാന്‍ തുടങ്ങി. ഭാഗ്യം, വീണുകിടന്നവന്‍ ആസിഫിന്‍റെ അമ്മേടെ വീടിനു അടുത്ത് ആയത് കാരണം അവനോടു ക്ഷമിച്ചു! കാണികള്‍ അറിഞ്ഞു ചിരിക്കുമ്പോളും ആസിഫ് പന്തിനായുള്ള ഓട്ടം വീണ്ടും തുടങ്ങിയിരുന്നു.

അപ്പോഴാണ് അടുത്ത കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. രാവിലെ പത്തു ദോശയും ഉച്ചക്ക് ഒരു ചെമ്പ് ചോറും തിന്നു കളിക്കുള്ള പരിശീലനം ചെയ്യുന്ന മൂട്ട രജീഷ്. പതിനാലാം നമ്പര്‍ എന്ന് വരുമെന്നത് ഒരു ചോദ്യ ചിന്നം മാത്രം ആണെങ്കിലും ആശാന്‍ അതി കഠിനമായ പരിശീലനത്തില്‍ ആണ് . പെട്ടന്നതാ ഞങ്ങളുടെ ടീമിലെ ഒരു കുരുന്ന് നെഞ്ചും തല്ലി മൂന്നാം വടി കുത്തി പൊത്തി അടിച്ചു വീഴുന്നു. ഇത് കണ്ടതും മറ്റൊന്നും ആലോചിക്കാതെ രജീഷ് ചാടിഇറങ്ങി പന്തിനു പുറകെ ഓടി. കാണികള്‍ രജീഷിനെ രജീഷ് .. രജീഷ് ... എന്ന ആരവത്തോടെ ഗ്രൌണ്ടിലേക്ക് ആനയിച്ചു. കളി മുഴുവന്‍ ഓടിയ എനിക്കുപോലും പന്ത് ഒന്ന് കിട്ടിയിട്ടില്ല പിന്നാ ആദ്യമായി ഓടിവന്ന മൂട്ടക്ക്. പന്തുകിട്ടിയില്ലെങ്കിലും പന്തിനു പുറകിലായി ഓടി വന്ന രജീഷിനെ ഞങ്ങളുടെ കോച്ച് കയ്യോടെ പിടികൂടി
"കയറിപോടാ മൂട്ടേ" എന്ന് സ്നേഹത്തോടെ തെറി പറഞ്ഞു. കാണികള്‍ രജീഷിനെ ഇറങ്ങിയപ്പോള്‍ കൊടുത്തതിലും ഭങ്ങിയായി മൂട്ടേ... മൂട്ടേ എന്ന ആരവത്തോടെ സ്വീകരിച്ച് ആനയിച്ച് ഇരുത്തി.

ജീവിതത്തില്‍ ആദ്യമായി പന്തുതട്ടുവാന്‍ കൊതിച്ച് സബ് ആയി ഇറങ്ങി പന്തുപോയിട്ടു ഒരു കല്ലുപോലും തൊഴിക്കാന്‍ ആവാതെ പാവം മൂട്ട ഫുട്ബോള്‍ ജീവിതത്തോട് വിടവാങ്ങി. അന്നവന് തൊഴിക്കാന്‍ ഒരു കല്ലുപോലും ബാക്കി വെക്കാന്‍ ആയില്ലല്ലോ എന്ന സങ്കടവും പേറി ഈ ഒഴാക്കാന്‍ ഇന്നും ജീവിക്കുന്നു, ബ്ലോഗിലൂടെ..

അമേരിക്ക.. അമേരിക്ക..

അമേരിക്ക.. അമേരിക്ക..
ഈ ഒരു ചിന്തയില്‍ നിന്നാണ്  കേരള ജനത മുഴുവന്‍ 'മൃതുവായ കുടവയറും' 
( സോഫ്റ്റ്‌ വയര്‍ ) പേറി നാടാകെ പരക്കം പാഞ്ഞതും  എങ്ങനെങ്കിലും കള്ള ടിക്കെറ്റ്  എടുത്ത് സിലിക്കന്‍ വാലിയില്‍  എത്തിയിരുന്നതും, ഈ അടുത്തകാലം വരെ.  എന്നാല്‍ മാന്ദ്യം  മന്തുപോലെ പടര്‍ന്നു പിടിച്ചതോടെ  സിലിക്കന്‍ വാലി കാടുപിടിക്കുകയും മലയാളികള്‍ പെട്ടികടകള്‍ തുടങ്ങുകയും അമേരിക്കകാര്‍ പിച്ചയെടുപ്പ് തുടങ്ങുകയും, ഏറക്കാടന്‍ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും   ചെയ്തു എന്നത് ഒരു 'തുണി ഉടുക്കാത്ത സത്യം' ആണ്. 

ഉള്ള ഒരു ഉണ്ണി കുടവയറും താങ്ങി ഞാനും ഒരുപാടു നടന്നു അമേരിക്കയില്‍ ഒന്ന് ചെന്ന് പെടാന്‍. മാനേജരുടെ അടിവസ്ത്രം, ഭാര്യയുടെ മേല്‍ വസ്ത്രം ഇത്യാദി അലക്കുക ചോറും കൂട്ടാനും വെച്ചുകൊടുക്കുക തുടങ്ങിയ ജോലികള്‍ വളരെ ഭംഗി ആയി  നിര്‍വഹിച്ചെങ്കിലും അമേരിക്ക  എനിക്കൊരു കിട്ടാ കനിയായി തന്നെ കിടന്നു. ഒടുക്കം എന്‍റെ കൈ  പുണ്യം കൊണ്ടോ അതോ അലക്കിയ തുണിയുടെ വൃത്തികൊണ്ടോ എന്തോ എനിക്കും കിട്ടി അമേരിക്ക,
എന്ന് വെച്ചാല്‍ അമേരിക്കയിലേക്ക് പോകുവാനുള്ള അനുമതി!

അങ്ങനെ  ഷര്‍ട്ടും മുണ്ടും തയ്ച്ചു കഴിഞ്ഞപ്പോള്‍  ആണ്  അറിഞ്ഞത് ആദ്യം അമേരിക്കന്‍ എംബസി പിന്നെ അമേരിക്ക.
"എം സി"  എന്ന് കേട്ടിട്ടുണ്ട്  പല ബ്രാന്‍ഡില്‍ ഇതിപ്പോ എംബസി ആ...
പിന്നീടുള്ള ചാരപ്രവര്‍ത്തിയില്‍ നിന്നും എംബസി എന്താണെന്നും എന്തിനാണെന്നും എല്ലാം ഞാന്‍ മനസിലാക്കുകയും വീണ്ടും ഒരു ഒരു ചെന്നൈ യാത്രയ്ക്ക്   തിരികൊളുത്തുകയും  ചെയ്തു. അവിടാ എംബസി!

കമ്പനിയുടെ പരുപാടി ആയതിനാല്‍ ഫ്ലൈറ്റ് ടിക്കറ്റ്‌ ഫ്രീ, ബാംഗ്ലൂര്‍ ടൂ  ചെന്നൈ.  ഒരു ചക്കകുരുവില്‍ രണ്ട് വെടി !
ഫ്ലൈറ്റില്‍ കയറിയ ഉടനെ  ഇഷ്ട്ടമുള്ള ഒരു പേപ്പര്‍ തന്നു, വായിക്കാനല്ല നിലത്തു  വിരിച്ചു ഇരിക്കാന്‍ പിന്നെ രണ്ട് പൊള്ളിച്ച പപ്പടവും, കൊറിക്കാന്‍. കൊള്ളാം നല്ല ഫ്ലൈറ്റ്. 
അങ്ങനെ ചെന്നൈയില്‍ രാവിലെ ലാന്‍ഡ്‌ ആയി നക്ഷത്ര  ഹോട്ടലിലേക്ക് കാല്‍ നടയായി നടന്നു നടകയറി റൂമില്‍ ഉപവിഷ്ട്ടനായി. ഇനി എംബസിയില്‍ പോകണം അതിരാവിലെ ആര് വിളിച്ച് ഉണര്‍ത്തുമോ ആവോ?

അമേരിക്ക കാണാനുള്ള കൊതിയില്‍ ഉറക്കം ശരിയായില്ലെങ്കിലും കറക്റ്റ് സമയം തന്നെ കുളിച്ചു ഒഴാക്കനായി എംബസിയില്‍ ഹാജര്‍. അവിടെ ആണെങ്കിലോ  ഒരു ബീവറേജസ് കോര്‍പ്പറേഷന്   മുന്നില്‍ ഉള്ളതിലും വലിയ ക്യൂ. അമേരിക്ക കള്ളിനെക്കാള്‍ കിക്ക് നല്‍കുമെന്ന് ആ ക്യൂവില്‍ നിന്നും  എനിക്ക് മനസിലായി. ഉള്ളില്‍ അതാ  ഒരു മദാമ സുന്ദരി ഇരിക്കുന്നു, മദാമ ആളൊരു  അമ്മച്ചി ആണെങ്കിലും  ഇപ്പൊ എനിക്ക് സുന്ദരിയാണ്. അങ്ങിനെ ഞാന്‍ അമേരിക്ക അമേരിക്ക എന്ന സ്വപ്നവുമായി ക്യൂ വില്‍ നിന്നു.

സ്വപ്നത്തിനിടയില്‍  എപ്പോഴോ  എന്‍റെ നമ്പറും വന്നു, മദാമ  കുഞ്ഞ്  ചോദ്യം തുടങ്ങി 
എവിടെ പോകുന്നു 
എന്തിനാ പോകുന്നെ ( എന്തിനാ ... എന്നല്ല കേട്ടോ )
എങ്ങനെ പോകുന്നു 
ഒരു പാട് ചോദ്യങ്ങള്‍... എനിക്കാണേ  എല്ലാത്തിനും ഒരേ ഒരു ഉത്തരം  മാത്രം 
"അമേരിക്ക അമേരിക്ക"
അവസാന ചോദ്യം: ഒഴാക്കാ സാലറി എത്രയാ?
അമ്മെ! ഈ ചോദ്യത്തിന്  ഉത്തരം പറഞ്ഞുതുകൊണ്ട് മാത്രം  മുടങ്ങിയ എത്രയോ കല്യാണങ്ങള്‍? ഒരു നിമിഷം ആ സുന്ദരികള്‍  മനസിലൂടെ ഒരു തീവണ്ടിയുടെ  പല ബോഗികള്‍ ആയി പാഞ്ഞു !
ഒടുക്കം എന്‍റെ സാലറി കേട്ട മദാമ അമ്മച്ചി എന്നോട് പറഞ്ഞത് ഇങ്ങനെ

"ഒഴാക്കന്‍, നിങ്ങളുടെ സാലറി വച്ചു വെറും 3 ദിവസം മാത്രമേ അമേരിക്കയില്‍ ജീവിക്കാന്‍ സാധിക്കു. അമേരിക്കയില്‍ പിച്ചക്കാരെ ആവശ്യം ഇല്ലാത്തതിനാലും നീ അവിടെ പിച്ച എടുക്കും എന്ന് ഉറപ്പ് ആയതിനാലും നോ, നോ അമേരിക്ക!!"

അല്ലെങ്കിലും അമേരിക്കയില്‍ എന്തിരിക്കുന്നു ഒരു വൃത്തികെട്ട രാജ്യം അല്ല പിന്നെ.ഇനി എന്‍റെ പട്ടി പോകും അമേരിക്കയില്‍. വേണേ അമേരിക്ക ഇവിടെ വന്നു എന്നെ കാണട്ടെ. പിന്നെ ചോദിക്കുന്നവരോട് ഞാന്‍ പറയും അമേരിക്കയില്‍ കപ്പ കൃഷി നിരോധിച്ചു എന്നും അതിനാല്‍ പോകാനുള്ള താല്പര്യം നഷ്ട്ടപെട്ടു എന്നെല്ലാം അവരത് വിശ്വസിക്കുകയും ചെയ്യും. വിശ്വാസം അതല്ലേ എല്ലാം!