ഒരു കല്യാണവും അതിലെ ചില  'ക' കണക്കുകളും ! 


പതിവുപോലെതന്നെ ഒഴാക്കൻ നല്ല തിരക്കിലായിരുന്നു പെട്ടന്നാണ് ഇന്നാണല്ലോ തൻ്റെ ഭാര്യയുടെ 'ബന്ധുവിൻ്റെ, ന്ധുവിൻ്റെ, ന്ധുവിൻ്റെ' കല്യാണം എന്ന ഓർമ്മ ഒരു വെള്ളിടിപോലെ റഡാറിൽ തെളിഞ്ഞത്. നിൻ്റെ 'ന്ധു' അല്ലല്ലോ എൻ്റെ 'ന്ധു' എന്ന് പറഞ്ഞു കല്യാണ വിരുന്ന് മുടക്കിയാൽ പിന്നെ ഞാൻ 'ന്ത' ക്ക് വിളി കേൾക്കേണ്ടി വരും. സമയം കളയാതെ നേരെ കല്യാണം നടക്കുന്ന പള്ളിയിലേക്ക് വെച്ച് പിടിച്ചു.

ചെന്നപ്പോഴേക്കും ചെക്കൻ്റെ കെട്ടു കഴിഞ്ഞിരിക്കുന്നു. സത്യത്തിൽ 'കെട്ടു മുറുകിയിരിക്കുന്നു' എന്നല്ലേ പറയേണ്ടത്? ഭാര്യയെ വിളിച്ചപ്പോ റെയ്ഞ്ചിന് പുറത്താണ് പോലും!. ആ കുറച്ചുനേരം പുറത്തിരിക്കട്ടെ അങ്ങനെങ്കിലും നമുക്ക് ഒരു റേഞ്ച് കിട്ടുമല്ലോ. വിശപ്പും തിരക്കും ഒരുപോലെ തിരക്കിട്ടപ്പോൾ ചിന്തകളെ അവിടെ മേയാൻ വിട്ട് തൊട്ടടുത്ത കല്യാണ പന്തലിലെ ആദ്യ പന്തിയിലേക്കു തന്നെ ഓടി കയറി ഇരിപ്പുറപ്പിച്ചു. ചുറ്റും പരിചിത മുഖങ്ങളെ പരതിയെങ്കിലും 'നൊ' ഫലം. പരിചിതരെ കണ്ടില്ലങ്കിലും നല്ല പരിചയമുള്ള ചിക്കൻ ബിരിയാണി മുന്നിലെ ഇലയിൽ നിന്നും മാടി മാടി വിളിക്കാൻ തുടങ്ങി. അങ്ങനെ കോഴിയുമായുള്ള പരിചയവും പുതുക്കി നേരെ ചെക്കൻ്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു 2000.ക സമ്മാനമായി നൽകി ഒന്നുകൂടി ഭാര്യയുടെ റെയ്ഞ്ചു ചെക്ക്‌ചെയ്തു, അടിക്കുന്നുണ്ട്, അടിക്കുന്നുണ്ട്! 'എൻ്റെ നെഞ്ചും അവളുടെ മൊഫീലും!. 

നിങ്ങളിതെവിടായാ ഏട്ടാ? ഞാൻ ചോറുണ്ണാതെ കാത്തിരിക്കുവാ.. 

കലിപ്പാണെങ്കിലും കട്ടകലിപ്പല്ല എന്ന് ആ 'ഏട്ടാ' വിളിയിൽ നിന്നും മനസ്സിലായി.

നീ ഇതുവരെ കഴിച്ചില്ലേ? ഞാൻ എപ്പൊഴേ ബിരിയാണി കഴിച്ചു.

'ടും' ഫോൺ കട്ടായി. ഇനി എൻ്റെ കാര്യം കട്ടപ്പൊക.!

പണി ഇത്തവണ ചിക്കൻ ബിരിയാണിയുടെ രൂപത്തിൽ ആണല്ലോ ദൈവമേ. അല്ലങ്കിലും അങ്ങനാ, തേങ്ങാ ഇടാനിരുന്നപ്പോൾ മോങ്ങി.. ശോ പഴഞ്ചൊല്ലും പോലും ഓർക്കുന്നില്ലല്ലോ. പേടിച്ചിട്ടാണോ? 

ഒടുവിൽ തപ്പിത്തടഞ്ഞു മറ്റൊരു പന്തലിൽ എത്തിയപ്പോ അതാ ഇരിക്കുന്നു ഒരു കഞ്ഞി, അയ്യോ അല്ല, ഒരു കഞ്ഞികലത്തിൻ്റെ അത്രയും വീർത്ത മുഖവുമായി എൻ്റെ ഭാര്യ. പെൺ ജനങ്ങൾക്ക് കല്യാണം കഴിക്കുന്നതോടെ കുറഞ്ഞു വരുന്ന ഒരു ഗുണമാണ് 'ശ്രവണ ശേഷി' കലിപ്പായാൽ പിന്നെ പറയുകയേ വേണ്ട. അങ്ങനെ എല്ലാ കുറ്റവും പേറി ആ പന്തൽ വിടുമ്പോ ഒഴാക്കൻ്റെ നഷ്ട്ടവിവരണ കണക്ക് ദേ ദിങ്ങനെ വരും:
  • 2000.ക: വിളിക്കാത്ത കല്യാണത്തിന് പോയി ബിരിയാണി കഴിച്ച വക. 
  • വേറൊരു 2000.ക: വിളിച്ച കല്യാണത്തിന് പോയി ഒന്നും കഴിക്കാതെ വകയായ വക. 
  • നാല് ചിക്കൻ ബിരിയാണി: അറിയാതെ കഴിച്ച ചിക്കൻ ബിരിയാണിയുടെ കുടുംബ വക കടം 
  • സമാധാനം - ഒരാഴ്ച: ഓർമിപ്പിക്കല്ലേ എൻ്റെ പൊന്നെ! 
ഒടുവിലാൻ: അന്ന് മുതൽ ഒഴാക്കൻ ഒരു തീരുമാനത്തിൽ എത്തി 'കലണ്ടർ മനോരമ തന്നെ' ശോ പിന്നയും വിഷയത്തിൽ നിന്നും മാറി. 'കല്യാണം' അത് ഭാര്യ വകയിൽ ആണെങ്കിൽ 'നോ തിരക്ക് നോ വിശപ്പ്'. 'സമാധാനം സർവധനാൽ പ്രധാനം' എന്നാണല്ലോ അതിൻ്റെ ഒരു ഇത്.

വാൽതുണ്ട്: കഥകൾ പലപ്പോഴും ഉണ്ടാകുന്നതാണ് അല്ലാതെ ഉണ്ടാക്കുന്നവ അല്ല. അങ്ങനെ ഉണ്ടാകുന്ന കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എന്നെപ്പോലുള്ള ഒഴാക്കൻമാർ ഒരല്പം നർമ്മം ചേർത്ത് നിങ്ങൾക്ക് മുൻപിൽ വിളമ്പുന്നു എന്ന് മാത്രം. അതിനാൽ തന്നെ ഈ കഥയുമായി ആർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ, ഞാൻ എന്നാ ചെയ്യാനാടാ ഉവ്വേ! 
ഒരു പള്ളിയിൽ ഒരേ ദിവസം ഒരേ സമയം ഒന്നിൽ കൂടുതൽ കല്യാണം നടക്കുകയും അതിൽ വളരെ കൃത്യമായി വിളിക്കാത്ത കല്യാണത്തിന് പോയി ബിരിയാണി കഴിക്കുകയും ചെയ്‌താൽ ചെലവ് കൂടുകയും സമാധാനം കുറയുകയും ചെയ്യുന്നത് സ്വാഭാവികം!

ചാണ്ടിച്ചായന്‍റെ കൊമ്പന്‍ മീശ!

ചാണ്ടിച്ചായന്‍റെ ജീവിത അഭിലാഷമായിരുന്നു ഒരു കറുത്ത പെടപ്പന്‍ കൊമ്പന്‍ മീശ!പക്ഷെ വിധിയുടെ വിളയാട്ടം കൊണ്ടോ അതോ തേച്ച കരടിനെയ്യിന്‍റെ വീര്യ കുറവുകൊണ്ടോ എന്തോ മീശ പോയിട്ട് നെഞ്ചില്‍ ഒരു പൂട പോലും നിവര്‍ന്നു നിന്ന് ചാണ്ടിച്ചായനോട് 'ഹായ്' എന്ന് പറഞ്ഞില്ല. സ്വന്തം അപ്പന്‍റെയും എന്തിനു വീട്ടിലെ പൂച്ചയുടെ മീശ കാണുമ്പോള്‍ പോലും ചാണ്ടിച്ചനു തന്നോട് തന്നെ പുച്ഛം തോന്നി തുടങ്ങി, എന്നാലും ദൈവമേ നീ എനിക്ക് വേണ്ടതെല്ലാം തന്നു. കയ്യും കാലും ചെവിയും മൂക്കും എല്ലാം. പക്ഷെ കത്രികകൊണ്ട് വെട്ടിയൊതുക്കി പേന്‍ചീപ്പുകൊണ്ട് മൃദുവായി ഈരി ദേഷ്യം വരുമ്പോള്‍ മുകളിലേക്ക് പിരിച്ചു വെക്കാനും വെറുതെ ഇരുന്നു ചിന്തിക്കുമ്പോള്‍ പിടിച്ചു വലിക്കാനും പുരുഷനെ പുരുഷനാക്കുന്ന മീശയെ നീ എനിക്ക് നിക്ഷേധിച്ചല്ലോ എന്ന സങ്കടവാര്‍ത്ത മാത്രമായിരുന്നു ചാണ്ടിച്ചായന്‍റെ ഡെയിലി ന്യൂസ്‌ ഹവറില്‍ എന്നും ദൈവത്തോട്.


കാലങ്ങള്‍ ചാണ്ടിച്ചായന്‍റെ മീശയ്ക്കു കാത്തുനിക്കാതെ അതിന്‍റെ ചക്രങ്ങളില്‍ കറങ്ങി.ചാണ്ടിച്ചനൊഴികെ നൂറുകണക്കിന് ആണ്‍പെണ്‍  തരികള്‍ക്ക് അനുദിനം മീശയും താടിയും മുളച്ചുകൊണ്ടേ ഇരുന്നു. മീശയില്ലെങ്കിലും മേശ പോലെ ദോശ ചുടുന്ന ശോശാമയെയും കെട്ടി ചാണ്ടിച്ചന്‍ ദാമ്പത്യം എന്ന ട്രിപ്പീസ് കളി ആരംഭിച്ചിരുന്നു. ആ കളികളുടെ ശുഭ ലക്ഷണം എന്ന കണക്കെ ഈനാശു എന്ന നാശം അവരുടെ കളിയിലെ റഫറി ആയി ആ കളിയില്‍ കയറി പറ്റി. അങ്ങനെ ചാണ്ടിച്ചന്‍ മീശയില്ലെങ്കിലും മീശയിലെ 'ശ' വെച്ച് മോന് ഈനാശു എന്ന് പേരിട്ടു ആശ ഒതുക്കി തനിക്കു നിക്ഷേധിച്ച മീശ തന്‍റെ ഈനാശുവിനെങ്കിലും കൊടുക്കണേ എന്ന് ദിനം പ്രതി ദൈവത്തിനു ഇ-മെയില്‍ അയച്ചു കഴിയുന്ന കാലം.ഒരു ദിവസം അതി രാവിലെ ശോശാമ്മയുടെ ദോശപോലെ മയമുള്ള അരുളപ്പാട് കേട്ട് ദോശക്കുള്ള മാവ് വാങ്ങാന്‍ സൈക്കിള്‍ എടുത്തു പറന്നു പോയ ചാണ്ടിച്ചന്‍ തൊട്ടടുത്ത വീട്ടിലെ അമ്മിണി ചേച്ചിയെ കണ്ട് ഒരുനിമിഷം ചിന്ത കാട് കയറിയ വേളയില്‍ അതാ കിടക്കുന്നു അച്ചായനും സൈക്കിളും കൂടി തൊട്ടടുത്തുള്ള തോമാച്ചായന്‍റെ തെങ്ങും കുഴിയില്‍!


വീഴ്ചയുടെ ആഘാതത്തില്‍ പണ്ടേ ഒരല്പം മങ്ങലുണ്ടായിരുന്ന ബോധം ഒന്നുകൂടി മങ്ങുകയും പെരുവിരല്‍ മുതല്‍ അങ്ങ് നെറുകും തലവരെ നല്ല ചിന്തേര് ഇട്ടപോലെ ചുവന്നു തുടുക്കുകയും ചെയ്തു. നൊടിയിടയില്‍ ചാണ്ടിച്ചായനെ തൊട്ടടുത്തുള്ള അയല്‍കൂട്ടം തൂക്കി എടുത്തു ആശുപത്രിയില്‍ എത്തിച്ചു. അവിടെ എത്തിയപ്പോഴാണ്  അറിയുന്നത് അച്ചായന്‍റെ ട്രിപ്പീസ് കളിയിലെ മെയിന്‍ താരമായ റബ്ബര്‍ പന്തുകള്‍ക്കും അല്ലറ ചില്ലറ കേടുപാടുകള്‍ വന്നിരിക്കുന്നു. പന്തില്‍ കാറ്റു നിറക്കണോ ബ്ലാഡര്‍ മാറ്റണോ അതോ പഞ്ചര്‍ മാത്രം ഒട്ടിച്ചാല്‍ മതിയോ ഇത്യാതി സംശയങ്ങള്‍ തുടച്ചു നീക്കുന്നതിനായി ഡോക്ടര്‍ പുഷ്ക്കരന്‍ തന്‍റെ കൊമ്പും കുഴലുമായി ചാണ്ടിച്ചനു നേരെ പറന്നടുത്തു. വന്ന പാടെ താന്‍ ഒരു ഹോമോ ആണോ എന്ന് തോന്നിക്കും വിധം ചാണ്ടിച്ചായന്‍റെ വസ്ത്രങ്ങള്‍ ഓരോന്നായി ഊരാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ നമ്മുടെ അച്ചായന്‍റെ വിധം മാറി!


ചികിത്സിക്കുന്നതൊക്കെ  കൊള്ളാം പക്ഷെ മറയ്ക്കു  പുറത്തുള്ള ചികില്‍ത്സ മതി, മറ നീക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ചാണ്ടിച്ചായന്‍റെ കടും പിടുത്തം കണ്ടപ്പോള്‍ കൂടി ഇരുന്നവര്‍ എല്ലാവരും കരുതി അച്ചായന് അണ്ടര്‍ സ്റ്റാന്റ്
 (അടി താങ്ങി) ഇല്ലാത്ത പ്രോബ്ലം ആണെന്നും സാരമില്ല ഒരബദ്ധം ഒക്കെ ആര്‍ക്കും പറ്റും എന്ന് പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നോ രക്ഷ. അച്ചായന്‍ തുണി മാറ്റാന്‍ സമ്മതിക്കില്ല അത്ര തന്നെ. 


ഒടുക്കം സമയത്തിന്‍റെ പരിമിതി കൊണ്ടോ കാണാനുള്ള വെമ്പല്‍ കൊണ്ടോ എന്തോ പുഷ്ക്കരന്‍ ഡോക്ടറും കൂടയുള്ള മാലാഖ കുഞ്ഞുങ്ങളും കൂടി പാവം ചാണ്ടിച്ചായനെ "നിഷ് തുണിയന്‍" ആക്കിയതും ആര്‍ത്തു ചിരിക്കാന്‍ തുടങ്ങിയതും ഒന്നിച്ചായിരുന്നു. കാര്യം മറ്റൊന്നും ആയിരുന്നില്ല, അച്ചായന്‍ മറ്റാരും കാണാതെ തനിക്കു മുഖത്ത് പിറക്കാതെ പോയ കൊമ്പന്‍ മീശ അതിലും കരുത്തുറ്റതാക്കി തന്‍റെ അന്തര്‍ സംസ്ഥാനത്ത് നട്ടു പരുപാലിച്ചു പോന്നിരുന്നു അവന്‍റെ ആ തലെയെടുപ്പ് ആയിരുന്നത്രെ അവരെ ചിരിപ്പിച്ചത്. ആ കൊമ്പന്‍റെ വിരിഞ്ഞുള്ള നിപ്പു കണ്ടു ചിരി തുടങ്ങിയ നാട്ടുകാര്‍  അങ്ങനെ ആ ഒരൊറ്റ സംഭവത്തോട് കൂടി വെറും ചാണ്ടിച്ചായനെ "കൊമ്പന്‍ ചാണ്ടിച്ചായന്‍" എന്ന് സ്നേഹപൂര്‍വ്വം വിളിക്കാനും  തുടങ്ങി. 


ഓ ഡോ:
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം ആണെന്നും ഇത് വായിക്കുന്ന ചാണ്ടി  അച്ചായന്‍മാര്‍ ഇതില്‍ ആവേശം പൂണ്ട് ഈ പാവം ഒഴാക്കനെ തല്ലി കൊല്ലരുതെന്നും വിനീതമായി അപേക്ഷിച്ചിരിക്കുന്നു!