ഒരു വാലന്റൈൻസ് ഡേ അപാരത



ഫെബ്രുവരി 13 രാത്രി ആകുമ്പോഴേ ചങ്ക് കിടന്നു പടപടാ ഇടി തുടങ്ങും , ദൈവമേ പെങ്ങമ്മാരെ പോലെ കരുതുന്ന തരുണീ മണികൾ ആരും വാലന്റൈൻസ് ദിനത്തിൽ വന്ന് ഒഴാക്കൻ ഇല്ലാതെ ഇനി മുന്നോട്ടൊരു ജീവിതം ഇല്ലെന്നൊന്നും വെച്ച് കാച്ചാതിരുന്നാൽ മതിയെന്ന ഒറ്റ പ്രാർത്ഥനയോടെയാണ് 'കെട്ട്പ്രായം' വരെ തള്ളി നീക്കിയത്. പ്രാർത്ഥനയുടെ ഫലമാണോ, സൗന്ദര്യമാണോ അതോ ഇനി സ്വഭാവ ഗുണമാണോ എന്തോ ദൈവാധീനം കൊണ്ട് ഒരൊറ്റ പെങ്ങമ്മാരുപോലും ഒഴാക്കനെ ധർമ്മ സങ്കടത്തിലേക്ക് തള്ളിവിട്ടില്ല എന്നത് ചരിത്രം.

കാലത്തിന്റെ തള്ളിക്കയറ്റത്തിൽ വീട്ടുകാരുടെയും നാട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി ഒഴാക്കനും പെണ്ണ് കെട്ടേണ്ടി വന്നു. കല്യാണം കഴിഞ്ഞു പിള്ളാര് രണ്ടായാലും പണ്ടത്തെ പോലെ തന്നെ ഫെബ്രുവരി 13 രാത്രി ആകുമ്പോഴേ ഒഴാക്കന്റെ ചങ്ക് കിടന്നു പടപടാ ഇടി തുടങ്ങും, പണ്ടത്തെപ്പോലെ പെങ്ങമ്മാരെ കുറിച്ചോർത്തല്ല മറിച്ച്  ഏതെങ്കിലും സുന്ദരിമാർ കുടുംബം കലക്കാൻ ചുമ്മാ വല്ല വാലന്റൈൻസ് ഡേ ആശംസകളും നേരുമോ എന്നുള്ള ആവലാതി, അത്രമാത്രം. അല്ലാതെ അസൂയാലുക്കൾ പറഞ്ഞു പരത്തുന്ന പോലെ പണ്ട് നടത്തിയ കോഴിക്കടയുടെ ബാക്കിപത്രമൊന്നുമല്ല.

പതിവുപോലെ 2023 ഫെബ്രുവരി 14 പടി കടന്നെത്തി, സ്നേഹം നിറഞ്ഞ എന്റെ പെൺപിറന്നവൾ നേരം വെളുത്തതെ സ്നേഹത്തിൽ പൊതിഞ്ഞ ഒരു ചെമ്പനിനീർ പൂവ് നീട്ടി വാലന്റൈൻസ് ആശംസകൾ നേർന്നു. പക്ഷെ പതിവ് പോലെ ഒഴാക്കന്റെ ചങ്ക് കിടന്നു പടപടാ ഇടി തുടർന്ന് കൊണ്ടേ ഇരുന്നു. 'കുറുക്കൻ ചത്താലും കണ്ണ് കോഴി കൂട്ടിൽ തന്നെ' എന്ന് പറയുമ്പോലെ പനിനീർ പൂവ് തന്നെങ്കിലും ഭാര്യയുടെ ഇടക്കിടക്കുള്ള നോട്ടം ഒഴാക്കന്റെ  ഫോണിലേക്കു ആയിരുന്നു, വേറെ ഏതെങ്കിലും പൂവോ കായോ വല്ലതും വരുന്നുണ്ടോ എന്നറിയാൻ. അല്ലെങ്കിലും മധ്യ വയസ്കരെ ഭാര്യമാർക്ക് പണ്ടേ സംശയമാണത്രെ, സർവത്ര സംശയം.

മണിക്കൂറുകൾ ദിനങ്ങളായി തോന്നി, പണ്ട് സഹായിച്ച ദൈവം ഇത്തവണയും കൈവിട്ടില്ല. പെങ്ങമ്മാരു പോയിട്ട് ഒരു ബാങ്കിൽ നിന്ന് പോലും നോ കാൾ, നോ മെസ്സേജ്. ഒഴാക്കൻ ഹാപ്പി, ഭാര്യ ഹാപ്പി.. ഹാപ്പി വാലന്റൈൻസ് ഡേ! ഇങ്ങനൊക്കെ ആയിരുന്നു കാര്യങ്ങൾ പോയതെങ്കിലും വൈകുന്നേരം ഒരു ആറുമണിയോട് അടുപ്പിച്ച് ഫോണിൽ ഒരു 'കിണിം' സൗണ്ട്. തുറന്നു നോക്കിയപ്പോ ദാണ്ടെ കിടക്കുന്നു പണ്ടെങ്ങാണ്ടോ വെറും വെറുതെ.. ചുമ്മാ.. ഒരു രസത്തിനു.. 'ഹായ്' പറഞ്ഞ ഒരു പാവം പെങ്ങൾ ഒരു ചെറിയ വാലന്റൈൻസ് ഡേ ആശംസകൾ ഹൃദയത്തിൽ ചാലിച്ച് അയച്ചിരിക്കുന്നു!

പെട്ടന്ന് തിരിഞ്ഞു നോക്കിയ ഒഴാക്കൻ കണ്ടത് രാവിലെ പറിച്ച ചെമ്പനീർ പൂവിന്റെ ഒരു മുട്ടൻ കൊമ്പുമായി പുറകിൽ നിൽക്കുന്ന എന്റെ സ്വന്തം വാലന്റൈനെ ആണ്.

ആലോചിക്കാൻ ഒന്നും നിന്നില്ല, ചാടി ബാത്റൂമിൽ കയറി കതകടച്ചു,

അല്ല പിന്നെ!

ഇനി ഇവിടിരുന്നു വേണം കരഞ്ഞു കാലു പിടിക്കാൻ ( എന്റെ പട്ടി കാല് പിടിക്കും, ബൗ ബൗ)

മറുപുറം: കരഞ്ഞു കാലുപിടിക്കുന്നതിനിടയിൽ കിട്ടിയ സമയം കൊണ്ട് തട്ടി കൂട്ടിയതാണ് ഇത്, നമ്മുടെ വാലന്റൈൻ ഇപ്പോഴും നിറയെ മുള്ളുകളുള്ള റോസാ കമ്പുമായി പുറത്തു കറങ്ങുന്നുണ്ട് എന്നാണ് എന്റെ നിഗമനം, ഒഴാക്കന്റെ നിഗമനങ്ങൾ തെറ്റാറില്ല!

കാലുപിടുത്തം ഏറ്റാൽ... ഇനി പുതിയ മെസ്സേജ് ഒന്നും വന്നില്ലെങ്കിൽ..

അടുത്ത വാലന്റൈൻസ് ഡേയ്ക്ക് കാണാം.

അപ്പോൾ എല്ലാ പെങ്ങമാർക്കും ഒഴാക്കന്റെ ഹൃദയം നിറഞ്ഞ 'പെങ്ങൾസ് ഡേ' ആശംസകൾ.




പേര് മഹാത്മ്യം 



ചെറുക്കൻ ആർട്ടിസ്റ് ആകുവാണെങ്കിൽ അന്നേരംപേരുമാറ്റാൻ നിൽക്കണ്ടല്ലോ എന്ന് കരുതി അപ്പൻ കണ്ടറിഞ്ഞിട്ട പേരാണ് ‘ക്ലിൻറ്’. ആർട്ടിസ്റ് ആയില്ലെങ്കിലും മോശം പറയരുതല്ലോ നല്ല കിടുക്കാച്ചി പേരാ, 'ആർ ' ഒഴികെ ലൈഫിലെ എല്ലാ അക്ഷരങ്ങളും ട്വിസ്റ്റോടു ട്വിസ്റ്റ്.


പണ്ട് സ്‌കൂളിൽ പഠിക്കുന്ന സമയം ഏതു പുതിയ ടീച്ചർ വന്നാലും ആദ്യം കലങ്ങുന്ന പേരുകളിൽ ഒന്നായിരിക്കും ക്ലിൻറ്, ദി വൺ ആൻഡ്‌ ഒൺലി ക്ലിൻറ് - ചോദ്യങ്ങളുടെ ശരവർഷവും ഉത്തരം അറിയാത്തവന്റെ നിസ്സഹായതയും. അല്ലെങ്കിലും അവർക്കറിയില്ലല്ലോ ക്ലിൻറ് എന്ന് പറഞ്ഞാൽ ആർട്ടിസ്റ് ആണ് അല്ലാതെ പഠിപ്പിസ്റ് അല്ലെന്ന്.


പണ്ട് ചെറിയ ക്‌ളാസ്സുകളിൽ പഠിക്കുമ്പോൾ എൻ്റെ ചെറിയ സംസാരങ്ങൾ ഒന്നും വർത്തമാനം പറഞ്ഞവരുടെ ലിസ്റ്റിൽ വരാറില്ലായിരുന്നു. 'ക്ലിൻറ്' ആളിത്തിരിക്കുഞ്ഞൻ ആണെങ്കിലും മലയാളത്തിൽ എഴുതി എടുക്കാൻ നല്ല ചടങ്ങാണ്, അതാണ് കാര്യം. എന്തിനേറെ പറയുന്നു ഞാൻതന്നെ ഒരാഴ്ച ട്യൂഷന് പോയിട്ടാണ് എൻ്റെ പേര് ശരിക്ക് എഴുതാൻ പഠിച്ചത്, പുറത്ത് പറയണ്ട!

കാലചക്രം തിരിഞ്ഞു തിരിഞ്ഞു ഒടുവിൽ എനിക്കും ജോലി കിട്ടി. ആദ്യമാദ്യം ക്ലിൻറ് എന്ന പേരുകേൾക്കുമ്പോഴേ കൂടെ ജോലിചെയ്യുന്നവരെല്ലാം ചാടിയെണീറ്റു ഭവ്യതയോടെ നിൽക്കും. "ക്ലിൻറ് - ദി സായിപ്പ്", അതെ ഇത് സായിപ്പിന്റെ പേരാണത്രെ. ഭവ്യതയോടെ നിൽക്കുന്ന അവരോടു എനിക്കറിയാവുന്ന ഇംഗ്ലീഷിൽ ഐ ആം ദി ക്ലിൻറ് , ഹൌ ആർ യൂവ്, ഐ ആം ഫൈനാ, തേങ്ക്സ് തുടങ്ങിയ എൻ്റെ ഇംഗ്ലീഷ് ഭാഷയിൽ നാല് കീച്ചു കീച്ചുന്നതോടെ അവരെല്ലാം ഒരേ സ്വരത്തിൽ പറയും ഹി ഈസ് നോട്ട് ഫ്രം കൺട്രി ഓഫ് USA, ഹി ഈസ് ജസ്റ്റ് എ കൺട്രി! അപ്പോൾ ഞാൻ  മനസ്സിൽ  പറയും 'അതേടാ ഞാൻ നല്ല ഒന്നാന്തരം കൺട്രിയാ.. വെറും കൺട്രി അല്ല 'ദി ഫ്ലോർ കൺട്രി''.


കസ്റ്റമർ കെയറിൽ വിളിക്കുന്ന കസ്റ്റമറിന് ക്ലിൻറ് എന്ന് പറഞ്ഞാൽ ക്ലൈന്റ് ആണ്.വിളിക്കുന്ന കസ്റ്റമറിന്റെ വരെ വിചാരം ഞാനാണു ക്ലയന്റ് എന്ന്. അപ്പൊ പിന്നെ അവനാരാ. പിന്നെ നാട്ടിൽ ചിലർക്ക് ഞാൻ ക്ലിന്റൻ ആണ്.. തങ്കൻ, രമണൻ, വിശ്വൻ… ക്ലിന്റൻ. കുറ്റം പറയാൻ പറ്റൂല!

ഈ അടുത്ത് ഒരു ടയർ കടയിൽ കയറി വണ്ടിയുടെ ടയർ ഒന്ന് മാറ്റി. വാറന്റിയുടെ ഭാഗമായി കടയിലെ ആശാൻ പതിവുപോലെ പേര് ചോദിച്ചു, ക്ലിൻറ്.
"C L I N T" അല്ലെ? അത്ഭുതം, ലോകാദ്ഭുതം. ആദ്യമായി ഒരാൾ എന്റെ സ്പെല്ലിങ് കറക്റ്റ് ആയി പറഞ്ഞിരിക്കുന്നു. കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്താലോ, വേണ്ട ഇനി ബിൽ ക്ലിന്റൺ ആണെന്നെങ്ങാനും വിചാരിച്ചാലോ!


ആകാംഷയോടെ ഞാൻ പറഞ്ഞു ആദ്യമായാണ് ഒരാൾ എന്റെ പേരിന്റെ സ്പെല്ലിങ് കറക്റ്റ് പറയുന്നത്, എങ്ങനെ സാധിച്ചു? ഒരു ചെറു പുഞ്ചിരിയോടെ പുള്ളി പറഞ്ഞു “ പണ്ട് ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു ഒഴപ്പൻ ചെറുക്കൻ ഉണ്ടായിരുന്നു, ഒരു ക്ലിൻറ് . കാണുന്നിടത്തെല്ലാം അവൻ അവൻ്റെ പേരെഴുതി വെക്കും, അതുകാരണം ആ സ്പെല്ലിങ് ഇപ്പോഴും നല്ല ഓർമ്മയിലുണ്ട്”


അതുപിന്നെ ഞാൻ.. ഒഴപ്പൻ... ഹേ ചുമ്മാ തോന്നിയതായിരിക്കും..


ക്ലിൻറ് ഈസ് സൈനിങ്‌ ഓഫ് (അഥവാ ഒഴാക്കൻ, നോട്ട് ഒഴപ്പൻ )

NB: എന്റെ വല്യപ്പൻ എന്നെ വിളിച്ചിരുന്നത് കിൻറാ എന്നായിരുന്നു,, ഒരുപക്ഷെ ഞാൻ കേട്ടതിൽ, ആസ്വദിച്ചതിൽ വെച്ച് ഏറ്റവും നല്ല സ്പെല്ലിങ്!