വാരിയെല്ല്

തിരിഞ്ഞും മറിഞ്ഞും  എണ്ണി നോക്കി സംഭവം കറക്റ്റ് ആണ്. എന്നാലും ഒരു സംശയം.
ഓ എന്താന്ന് പറഞ്ഞില്ല അല്ലെ?.  മറ്റൊന്നുമല്ല എന്‍റെ വാരിയെല്ല്. തപ്പി നോക്കിയതാ. കര്‍ത്താവു നമ്മുടെ  രണ്ടാം പകുതി ഉണ്ടാക്കാന്‍ എടുത്തിട്ടുണ്ടോ അതോ അവിടെത്തന്നെ ഉണ്ടോ എന്ന്. ഒടുക്കം നെഞ്ചിനു വേദന ആണെന്ന്  പറഞ്ഞു   x - ray വരെ എടുത്തുനോക്കി.  ഇല്ല ആ എല്ല് അവിടെ ഇല്ല, സാധനം എടുത്തുകൊണ്ടു പോയിട്ടുണ്ട് ഇനി എവിടെങ്കിലും ഫിറ്റ്‌ ചെയ്തോ എന്നാണ്  അറിയണ്ടത്. അതാണല്ലോ ഈ പെണ്ണ് കാണല്‍.

ആദ്യം ഞാന്‍ ചുറ്റുപാടും ഒക്കെ നോക്കി ഇനി വല്ല പട്ടിയും കടിച്ചു കൊണ്ട്  നടപ്പുണ്ടോ എന്ന്. പറയാന്‍ പറ്റില്ല ഫിറ്റ്‌ ചെയ്യാന്‍ വെച്ചിടത്ത് നിന്നും "പിടുക്കു സെറ്റ്" വരെ അടിച്ചോണ്ട് പോകുന്ന കാലം ആണ്. അവസാനം തെങ്ങിനിട്ട വളം വരെ ചെകഞ്ഞു നോക്കി, എല്ലുപൊടിയിലും ഇല്ല. എന്നാല്‍ പിന്നെ  എവിടെങ്കിലും ഫിറ്റ്‌ ചെയ്തു കാണണം!അങ്ങനെ ഞാന്‍ പെണ്ണ് കാണാന്‍ തന്നെ തീരുമാനിച്ചു!
 
ആദ്യം കാണുന്ന വാരിയെല്ല് തന്നെ വരിക്കണം എന്നായിരുന്നു ആശ, എന്‍റെ സ്വന്തം എല്ലല്ലെങ്കില്‍ പോലും. പക്ഷെ അവിടെ വിധി എന്നെ ചതിച്ചു! മറ്റൊന്നുമല്ല, ആദ്യ ദിനം തന്നെ മൂന്ന് പെണ്ണ് കാണല്‍.   മൂന്നു വാരിയെല്ല് തിരിച്ചു ഫിറ്റ്‌ ചെയ്യാന്‍ പറ്റിയ ഒരു ശരീരം ഒന്നുമില്ല താനും. ആ ഏതായാലും എല്ല് കാണട്ടെ പട്ടി കടിക്കാത്ത എല്ലെടുക്കാം ഒരു ചെറിയ അഡ്ജസ്റ്റ്മെന്റ്. 

ആദ്യ വീട്ടില്‍ വലതു കാല്‍ വച്ചു കയറി. നെഞ്ചില്‍  ആകെ പിടപിടപ്പ്. ഒരുപാടു പെണ്ണുങ്ങളെ കണ്ടിട്ടുണ്ട് പക്ഷെ ഇതുവരെ  സ്വന്തമായി കണ്ടിട്ടില്ല, ആരാന്‍റെ പെണ്ണ്  കൊച്ചു പെണ്ണ് " അത്രമാത്രം. ഇത് അങ്ങനയല്ല. എല്ല് നോക്കണം, എല്ലിന്‍റെ  സ്വഭാവ ശുദ്ധി പരിശോധിക്കണം, വല്ല പട്ടിയും  നക്കിയിട്ടുണ്ടോ എന്നറിയാന്‍, അങ്ങനെ അങ്ങനെ ഒരു പാട് ഐറ്റംസ്. ആദ്യ വീട്ടില്‍ കയറിയപ്പോഴെ അബദ്ധം പറ്റി വയ്കുന്നേരം നാലു മണിക്കുവരാം എന്നായിരുന്നു പറഞ്ഞതെങ്കിലും രാവിലെ പത്തു മണിക്ക് ഞങ്ങള്‍ ഹാജര്‍, cordination പ്രോബ്ലം. പാവം കൊച്ച് നല്ല ഉറക്കമായിരുന്നു എന്ന് തോനുന്നു. ഒരു ഉറക്ക ചവടും "ഈത്ത" ഒലിച്ചതിന്‍റെ   പാടും ആ  മുഖത്ത് ഇല്ലേ? തോന്നലാവും.
കയ്യില്‍ നാല്  ലഡുവും കുറച്ച് ചമ്മന്തിയും ആയി അവള്‍ എന്‍റെ അടുത്തെത്തി.  നെഞ്ചില്‍ ഒരു ഉരുള്‍ പൊട്ടന്‍ റെഡി ആയി നില്‍ക്കുന്നു. അടുത്ത് എത്തിയപ്പോഴെ   എനിക്കൊരു സംശയം ആ വാരിയെല്ലിനു ഒരു "കോങ്കണ്ണ്" ഇല്ലേ എന്ന്. അത് ഒന്ന് തീര്‍ച്ച പെടുത്താമല്ലോ എന്ന് കരുതി കൊച്ചിനെ  തറപ്പിച്ചു ഒന്ന് നോക്കി. എന്‍റെ കൂടെ വന്നതും തൊട്ടടുത്ത്‌ ഇരുന്നതുമായ  പാപ്പന്‍ ഇതിനിടയില്‍ എന്‍റെ തുടയില്‍ ഒരു പിടുത്തം, " അയ്യേ പാപ്പന്‍ ഇത്തരക്കാരന്‍ ആണോ?" പിന്നെയാണ് മനസിലായത് എന്‍റെ "ചക്കപഴം കണ്ട ഈച്ചയുടെ ആര്‍ത്തി കണ്ടാണ്‌" പാപ്പന്‍ തുടയില്‍  ഞോണ്ടിയത് എന്ന്. പെണ്‍കുട്ടി ഇടയ്ക്കിടയ്ക്ക് ചാറ്റല്‍ മഴയില്‍ വൈപ്പര്‍ തുടക്കുന്നപോലെ ആ കണ്ണുകള്‍  കൊണ്ട് എന്നെ തഴുകികൊണ്ടിരുന്നു. കണ്ണ് ഇല്ലാതാകുമ്പോള്‍ ആണ് കാഴ്ച്ചയുടെ വില അറിയുന്നത് അപ്പോള്‍ അത് കോങ്കണ്ണ് കൂടി ആയാലോ?. ആ ഉദ്യമം അവിടെ ഉപേക്ഷിച്ചു ഞങ്ങള്‍  അടുത്ത വീട് പിടിച്ചു.

എല്ലാ വീടുകളും ഏതാണ്ട് ഒരേ ലൈനില്‍ ആയതിനാല്‍ യാത്ര എളുപ്പം ആയിരുന്നു
എന്‍റെ ആദ്യ പേടി ഒക്കെ മാറി. ഒരു വയ്ക്ലഭ്യം മാത്രം ബാക്കി.  പതിവുപോലെ ഞാന്‍ ചെറുക്കന്‍റെ  കസേരയില്‍ പൊടിതട്ടി കയറി ഇരുന്നു, ഇല്ലെങ്കില്‍ ഏതെങ്കിലും ശുനകന്‍സ് കയറി ഇരുന്നാലോ. ദൈവമേ ഇവിടെ ഇനി ഹല്‍വയും മീന്‍കറിയും ആണോ കടി. പെണ്‍കുട്ടിയെ സൂക്ഷിച്ചൊന്നു നോക്കി, അടിമുടി.    കാലുകൊണ്ട്‌ ഒരു അര്‍ദ്ധ വട്ടം വരഞ്ഞില്ലേ, അതോ തോന്നിയതാണോ. പെട്ടന്നാണ് പെണ്ണിന്‍റെ  കുഞ്ഞനുജന്‍ അങ്ങോട്ട്‌ ആഗതന്‍ ആയത്. കണ്ടപാടെ ഞാന്‍ " ച്ചുക്കുടു കുക്കുടു" എന്നൊക്കെ പറഞ്ഞു അടുത്തേക്ക് വിളിച്ചു. ഉടനടി അവന്‍ വാ തുറന്നു, " നീ അണോടാ പറ്റി ഇവളെ കെട്ടുന്നേ" ഞാന്‍ പിടിച്ചുവെച്ചിരുന്ന എല്ലാ മസില്സും നിമിഷ നേരം കൊണ്ട് പശളയായി  മാറി. ഉടനടി ഒരു മാന്യന്‍ കുട്ടിയെ വിളിച്ചു അയ്യേ ഇങ്ങനാണോ മാമനോട് പറയുന്നത് എന്ന് പറഞ്ഞു അന്തരീക്ഷം തണുപ്പിച്ചു. എന്നാലും വിളിച്ചത് "മ്യാമ്യാ" എന്നല്ലേ എന്നൊരു തോന്നല്‍. അനുജന്‍റെ  പ്രകടനം തീര്‍ന്നിരുന്നില്ല, അതാ  അവന്‍ പറന്നു വന്നു എന്‍റെ മടിയില്‍ കയറി കറക്റ്റ് നെഞ്ചും കൂടി നോക്കി രണ്ടിടി, വീണ്ടും അവളെ കെട്ടുമോ എന്ന ചോദ്യവും.
അമ്മച്ചി!!! പെണ്ണ് കാണുമ്പോള്‍ ഇതാ ഇടിയെങ്കില്‍ ഇനി കെട്ടിയാല്‍ എന്താവും അയ്യോ. മതി, ഇതുമതി. അങ്ങനെ രണ്ടാം അങ്കവും ക്ലോസ്.
   
ഒടുക്കം മൂനാമത്തെ അങ്കത്തട്ടില്‍ എത്തി. രണ്ട് അങ്കം തോറ്റ ഒരു പോരാളിയുടെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും എന്‍റെ അങ്ക  തട്ടിലെ  പോരാളിയെ കണ്ടപ്പോഴെ  ഞാന്‍ ഹാപ്പി!
" അതിലോല വിലോചിതനായി അതിലേറെ മോഹിതനായി". പക്ഷെ അങ്കത്തട്ടിന്‍റെ  മുതലാളി  റെഡി അല്ലായിരുന്നു ആ അങ്കത്തിന്. ഈ പാവം അങ്ക ചേകവന് ശരിക്കൊന്നു  വാള്‍ ഉയര്‍ത്താനുള്ള ശേക്ഷി പോലും  ഇല്ല എന്നാരോപിച്ച് " ഇഷ്ട്ടമില്ലടാ  എനിക്കിഷ്ട്ടമില്ലെടാ" എന്ന ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌  ഇട്ട് അവിടെനിന്നും കുത്തിനുപിടിച്ച്‌ ഇറക്കി വിട്ടു.


ഇപ്പോഴും ആ കാണാതെ പോയ വാരിയെല്ലിനായി ഞാന്‍ അന്വേഷണം തുടരുകയാണ്. മുകളില്‍ എന്‍റെ കാണാതായ എല്ലിന്‍റെ  ചിത്രം കൊടുത്തിട്ടുണ്ട്‌ ആരെങ്കിലും ഇതുവായിച്ച ശേഷം  അത് കണ്ടെത്തുകയാണ് എങ്കില്‍ ദയവായി എന്നെയോ അടുത്തുള്ള പോലീസ്
സ്റ്റേഷനിലോ   അറിയിക്കാന്‍ താത്പര്യപെടുന്നു.

" മകനെ വാരിയെല്ലേ, നീ പോയതില്‍ പിന്നെ ഈ അച്ഛന്‍  ഇവിടുള്ള എല്ലാ പട്ടികളില്‍ നിന്നും കടി കൊണ്ടുകൊണ്ടിരിക്കുവാണ്, നിന്നെ അന്വേഷിക്കുന്നതിനിടയില്‍ ‍. എത്രയും പെട്ടന്ന് തിരിച്ചു വന്നു നിന്‍റെ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കില്‍ ഞാന്‍ പ്ലാസ്റ്റിക്‌ എല്ല് വാങ്ങി വെക്കുന്നതായിരിക്കും"

ഒരു ചെന്നൈ യാത്ര

ഒടുക്കം ചെന്നൈ  വരെ ഒന്ന്  പോകേണ്ടിവന്നു, സാഹചര്യ സമ്മര്‍ദം!
ആദ്യമായാ ചെന്നൈ യാത്ര, ഒരുപാടു പ്രതീക്ഷകള്‍ മനസ്സില്‍ നട്ടുവളര്‍ത്തി ഞാന്‍ യാത്ര തുടങ്ങി . കയറിയ ബസില്‍ നിന്നും ആദ്യമേ തന്നെ ഒരു കുപ്പി വെള്ളവും ഒരു പേനയും തന്നു.തുടക്കം മോശമില്ല! തമിഴ്നാട്ടില്‍ വെള്ളം ഇല്ല എന്ന് കേട്ടിടുണ്ട്, ദൈവമേ, ഇനി ഈ ഒരു കുപ്പികൊണ്ട് വേണോ എല്ലാം?   ശുഭാപ്തി വിശ്വാസം കൈവിടാതെ  യാത്ര തുടങ്ങി.എങ്കിലും ആ പേന എന്തിനാണെന്ന് മനസിലായില്ല, ചിലപ്പോ ബോര്‍ അടിക്കുമ്പോ ചെവിയില്‍ തോണ്ടാന്‍ ആവും.

യാത്രയില്‍  പ്രത്യേക തടസങ്ങള്‍ ഒന്നും കൂടാതെ തന്നെ "കൊയിന്പേട്‌" എന്ന തമിഴ്  മുദ്ര പതിഞ്ഞ സ്ഥലത്ത് അതിരാവിലെ 5 മണിക്ക് തന്നെ കൂടണഞ്ഞു. നാടോടികാറ്റില്‍ മോഹന്‍ലാലും ശ്രീനിവാസനും ചെന്ന് പെട്ടപോലെതന്നെ ഓട്ടോക്കാര്‍ പുറകെ കൂടി.ചെന്നൈ ആണെന്ന് അറിയാവുന്നതുകൊണ്ടും ( ഒരു ഗഫൂര്‍ ഈ യാത്രയുടെ പുറകില്‍ ഇല്ലാത്തതുകൊണ്ടും)   ഒരല്പം തമിഴ് കൈ മുതലായി ഉള്ളതുകൊണ്ടും അവിടുന്ന് ജീവനും കൊണ്ട് ഓടി കുറച്ച് ദൂരം ഓടിയപ്പോള്‍ ആണ് മനസിലായെ ഓടിയ ദിക്ക് മാറിപോയി എന്ന്. ഇനിയിപ്പോ എന്തുചെയ്യും എന്നുകരുതി നിക്കുമ്പോള്‍ നല്ല കട്ടി മീശയും എണ്ണ മെഴുക്ക്‌ ഉള്ള മുടിയും ഒക്കെ ഉള്ള ഒരു മാന്യന്‍ വന്നു ഒരു കട തുറക്കുന്നു ഞാന്‍ ഓടി അവിടെത്തി
ഒഴാ: അണ്ണാ ഇങ്കെ റൂം കടയ്ക്കുമാ
മാന്യ: അങ്ങ് മാറി നിക്കട അപ്പാ
ഒഴാ: അയ്യോ ചേട്ടന്‍ മലയാളി ആയിരുന്നോ 
മാന്യ: എന്തെ ഇഷ്ട്ടയില്ലേ?...
ഒഴാ: ചേട്ടാ അത് പിന്നെ ഞാന്‍ ഇവിടെ ആദ്യമായാ വരുന്നത് അതാ
മാന്യ: ആദ്യം വന്നാലെ പിന്നെ വരാന്‍  ഒക്കു. മലയാളികളുടെ ശല്യം കാരണം നാട് വിട്ടവനാണ്  ഞാന്‍, ഒരു ഗുണവും ഇല്ല എവിടെ ചെന്നാലും മലയാളികള്‍ ആണ്.

ഞാന്‍ മെല്ലെ അവിടെ നിന്നും സ്കൂട്ട് ആയി ഇനി നിന്ന ചിലപ്പോ അടിയാകും അടുത്തത്.
വീണ്ടും കുറച്ച് നടന്നപ്പോ ഒരു "കൂതറ" റൂം കണ്ടു. അതില്‍ താമസിക്കുന്നതിലും നന്ന് ആ നടുറോട്ടില്‍ നിന്ന് കാര്യം സാധിക്കുന്നതാ. കുറച്ചുകൂടി നടന്നപ്പോ നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് ഒക്കെ  പറ്റുന്ന ഒരു ഹോട്ടല്‍  കണ്ടു, ചാടി കയറി. കണ്ടപാടെ സെക്ക്യുരിറ്റി നീട്ടി ഒരു സല്യൂട്ട്, സല്യൂട്ട് കണ്ടിട്ട് ഒരു നടക്കു പോകും എന്ന് തോനുന്നില്ല. ചാര്‍ജ് ചോദിച്ചപ്പോളാണ് സല്യൂട്ടിന്‍റെ  കാര്യം മനസിലായത്, 2000 രൂപ ഒരു സിംഗിള്‍ ബെഡ് റൂമിന്. കയറിയതിനെകാള്‍ സ്പീഡില്‍ ചാടി ഇറങ്ങി. ഒടുക്കം ഒരു റൂം കണ്ടു പിടിച്ചു, 500 രൂപ.
റൂമില്‍ കയറിയപ്പോ  ഒരു വൃത്തി കെട്ട നാറ്റം. ചിലപ്പോ ഇത് തമിഴ് നാടിന്‍റെ ഗന്ധം  ആവും പാവം റൂമിനെ വെറുതെ സംശയിച്ചു. ടാപ്പ് തുറന്നപ്പോ എന്തൊക്കയോ കരടും തുണികഷണവും  ഒക്കെ  വരുന്നു. ദൈവമേ! ഞാന്‍ മുല്ലപെരിയാരില്‍ കളഞ്ഞ എന്‍റെ ആ പഴയ "കോണകം" പ്രതികാരം തീര്‍ക്കാന്‍ ഈ പൈപ്പ് വഴി വരുന്നതാണോ.ഒരുവിധം കുളിച്ചു എന്ന് വരുത്തി തീര്‍ത്തു പുറത്തു ചാടി

ഇനി എന്തെങ്കിലും കഴിക്കണം, ഒരു കടയില്‍ കയറാന്‍ കാല്‍ വെച്ചപ്പോ  കറുത്ത് ഇരുണ്ടു 3 അടി   പൊക്കവും 4 അടി വീതിയും ഉള്ള ഒരുത്തന്‍ കുറെ പൂരി കയ്യിലും നെഞ്ചിലും ഒക്കെ താങ്ങിപിടിച്ച് അവിടെ കൊണ്ട് വച്ചു ഇനി അത് കഴിച്ചാ  അവന്‍റെ നെഞ്ചിലെ പൂട എന്‍റെ വയറ്റില്‍ ആവും. അടുത്ത കടയില്‍ എത്തി പൂരി കഴിക്കല്‍ തുടങ്ങി നല്ല രുചി , നല്ല ഉപ്പ്, കൊള്ളാമല്ലോ! ഒരു പൂരികൂടെവേണം എന്ന് പറയാന്‍ പുറം തിരിഞ്ഞപ്പോളാണ്‌ പൂരിയുടെ ഉപ്പിന്‍റെ കഥ മനസിലായത്. നമ്മുടെ കോഴിക്കോടന്‍ ഹല്‍വ ഉണ്ടാക്കുന്നത് പോലെ  ഒരു അണ്ണന്‍ വിയര്‍പ്പൊക്കെ നന്നായി കൂട്ടി പൂരി മാവു കുഴയ്ക്കുന്നു . വായിലുള്ളത് ഇറക്കണോ. അതോ തുപ്പണോ. തുപ്പിയാ ആ പാവം അണ്ണന്‍റെ  കൈയ്ക്ക് പണി ആകുമല്ലോ എന്ന് കരുതി വിഴുങ്ങി പുറത്തു ചാടി. എന്തൊരാശ്വാസം, എന്തൊരു ചൂട്. ആ ഹാ.

വന്ന കാര്യം സാധിക്കണം എങ്കില്‍  കുറച്ച് ദൂരം പോകണം ബസ്‌ പിടിച്ചു പോകാമെന്ന് വെച്ചാ ചിലപ്പോ നാളെ ആവും  എത്തുന്നത്, അങ്ങനെ ഒരു ഓട്ടോ വിളിക്കാം എന്ന് കരുതി
ചാര്‍ജ് ചോദിച്ചപ്പോ 150  പിന്നെ ഞാന്‍ ആയതുകൊണ്ട് 100 രൂപയ്ക്കു  പോകാം പോലും
എന്ത് നല്ല അണ്ണന്‍, ഇനി ചിലപ്പോ ആ 50  അണ്ണന്‍റെ  മോളെ എനിക്ക് കെട്ടിച്ചു തരുമ്പോ സ്ത്രീ ധനത്തില്‍ നിന്ന് പിടിക്കുമായിരിക്കും. അണ്ണാ മീറ്റര്‍ ചാര്‍ജ് പോരെ?
"ഇങ്ക ചെന്നയില്‍ ഒറ്റ ഓട്ടോയ്ക്കും മീറ്റര്‍ വര്‍ക്ക്‌ ആകാത് സര്‍" പാവം അണ്ണനെ സംശയിച്ചു, ചെന്നൈയ്ക്ക്  ഇങ്ങനെ ഒരു കുഴപ്പം ഉള്ളത് നമ്മള്‍ അറിഞ്ഞില്ലലോ അതാ.
അങ്ങനെ 100 കൊടുത്തു സ്ഥലത്തെത്തി. കാര്യം സാധിച്ചു ഓടി റൂമില്‍ എത്തി പായ്ക്ക് ചെയ്തു ചാടി ഇറങ്ങി അടുത്ത വണ്ടി പിടിച്ചു. ആ വണ്ടിയിലും കിട്ടി  ഒരു കുപ്പി വെള്ളം. ദൈവമേ ഇനി ബാംഗ്ലൂര്‍ ചെന്നൈ പോലെ ആയോ? അവിടയും തീര്‍ന്നോ വെള്ളം  ??

ഇത് ഞാന്‍ കണ്ട ചെന്നൈ! ഇതില്‍ മിഥ്യ ഒന്നുമില്ല പക്ഷെ സത്യം ചിലപ്പോ മറിച്ചും ആകാം
"ഞാന്‍ കാണാതെ പോയ  ചെന്നൈ!"

എന്‍റെ എഴുത്ത് ഇഷ്ട്ടമായാല്‍ ആ ഫോളോ ബട്ടണ്‍ ഒന്ന് അമര്‍ത്തു!