പ്രായം പ്ലസ്‌ വികാരം = പ്രായപൂര്‍ത്തി

പത്താം ക്ലാസ് വരെ കൂടെ പഠിച്ചിരുന്നത് ആണാണോ പെണ്ണാണോ എന്നുപോലും നോക്കിയിരുന്നില്ല, അല്ലെങ്കില്‍ ആ വെത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഒന്നുകൂടി വളര്‍ന്നപ്പോള്‍ ആണ് പ്രേമം എന്ന വാക്കും പെണ്‍ എന്ന പക്ഷിയുടെ കളകൂജനവും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ശരിയാ.. പെണ്‍കുട്ടികളെ കാണുമ്പോള്‍ മനസിനും ശരീരത്തിനും എന്തൊക്കയോ ഒരു വയ്ക്ലഭ്യം. ആദ്യം ഒരു രോഗമാണെന്ന് കരുതി വീട്ടില്‍ കരുതിവെച്ചിരുന്ന സകല ആയുര്‍വേദ മരുന്നുകളും കഷായങ്ങളും എടുത്തു കഴിച്ചു നോക്കി, മരുന്ന് കാലിയായതല്ലാതെ രോഗത്തിന് യാതൊരു ശമനവും കാണുന്നില്ല. ദൈവമേ ഞാന്‍ ഒരു മാറാരോഗി ആയി മാറിയോ എന്നുള്ള ആ സംശയത്തില്‍ നിന്നും രക്ഷപെടുത്തിയത് അന്ന് കൂടെ പഠിച്ചതും എന്നെ പഠിപ്പിക്കാന്‍ പ്രായം ഉള്ളതുമായ ലത്തീഫ് ആയിരുന്നു.


" എടാ പഹയാ ഇത് രോഗമല്ല പ്രായപൂര്‍ത്തി ആകുന്നതിന്‍റെ ലക്ഷണം ആണ്"


എന്ത്? എനിക്ക് പ്രായ പൂര്‍ത്തി ആയെന്നോ?. വിശ്വസിക്കാന്‍ കഴിയുന്നില്ല. കയ്യില്‍ പിച്ചി നോക്കി. ഇല്ല , ജീവനുണ്ട്! കേട്ട പാടെ കേള്‍ക്കാത്ത പാതി വീട്ടിലേക്ക് ഓടി


അപ്പാ.. അമ്മെ.. അറിഞ്ഞോ എനിക്ക് പ്രായ പൂര്‍ത്തി ആയി!


"ഫാ, ആരാടാ കുരുത്തം കെട്ടവനെ പറഞ്ഞെ നിനക്ക് പ്രായ പൂര്‍ത്തി ആയി എന്ന്?

ഇവിടെ എനിക്ക് തന്നെ പ്രായ പൂര്‍ത്തി ശരിക്കായില്ല അപ്പോഴല്ലേ നിനക്ക്"

ഇല്ല.. വീട്ടുകാര്‍ വിശ്വസിക്കുന്നില്ല. എങ്കിലും പ്രായപൂര്‍ത്തി ആയി എന്ന് തെളിയിപ്പിക്കാന്‍ എനിക്ക് സപ്പ്രിടിക്കെറ്റ് ഒന്നും ഇല്ലല്ലോ ആകെ ഉള്ളത് ഈ ഞരമ്പ്‌ രോഗം മാത്രം. വീണ്ടും ലത്തീഫ് ഗുരുവിനെ കണ്ടപ്പോഴാണ് അറിഞ്ഞത് പൂര്‍ത്തി ആയിട്ടില്ല എന്നും പക്ഷെ അധികം വൈകാതെ പൂര്‍ത്തിയാകും എന്നും. ഏതായാലും പൂര്‍ത്തിയാകുമ്പോള്‍ ഒന്നറിയിക്കണേ എന്ന് പറഞ്ഞു ലത്തീഫിന്‍റെ അനുഗ്രഹവും വാങ്ങി വീണ്ടും ക്ലാസ്സുകളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.


പക്ഷെ പണ്ടത്തെ പോലെ ആ ശ്രദ്ധ അങ്ങോട്ട്‌ പതിയുന്നില്ല. പണ്ടു നാലില്‍ പഠിക്കുമ്പോള്‍ മൂക്കള ഒലിപ്പിച്ചു നടന്ന കവിതയുടെ മൂക്കിനു ഇപ്പൊ എന്തൊരു സൌന്ദര്യം. പണ്ടു പേനുകളുടെ കൂടായിരുന്ന സുമയുടെ മുടിക്ക് എന്തൊരു അഴക്. പണ്ടു മാങ്ങാച്ചുന പറ്റി തുട പോള്ളിയപ്പോ ഓടി വന്ന് കാണിച്ച രേഷ്മയെ പൊള്ളിയത്‌ ഒന്ന് നോക്കുക പോലും ചെയ്യാതെ ഓടിച്ചതില്‍ ഉള്ള കുറ്റ ബോധം. ഓ... ഈ പ്രായപൂര്‍ത്തി ആകണ്ടായിരുന്നു എന്ന് തോന്നി പോയ നിമിഷങ്ങള്‍. അങ്ങനെ മനസ് പ്രായപൂര്‍ത്തിയാകാന്‍ മടിച്ചും ശരീരം മറുപടി കാത്തു നിക്കാതെ പ്രായപൂര്‍ത്തിയിലേക്ക് കുതിച്ചും പോയ്കൊണ്ടേ ഇരുന്നു.


ഡിഗ്രി എത്തിയതോടെ പ്രായപൂര്‍ത്തി ആയത് നന്നായി എന്നും വേണമെങ്കില്‍ ഒന്നുകൂടി പ്രായപൂര്‍ത്തി ആയാലും കുഴപ്പമില്ല എന്നും തോന്നി തുടങ്ങി. അങ്ങനെ രണ്ട് വട്ടം പൂര്‍ത്തി ആയതുകൊണ്ടോ എന്തോ അറിയില്ല ക്ലാസ്സില്‍ തൊട്ട് മുന്നില്‍ ഇരുന്ന രാജിയോടു മാത്രം എന്തോ ഒരു ലത്‌. അങ്ങനെ ആ ലത് കായ്ച്ചു.. വീണ്ടും കായ്ച്ചു പക്ഷെ ശരിക്കങ്ങു പൂത്തില്ല. മരം, പൂക്കാനും വെള്ളം ഒഴിക്കാന്‍ ഞാനും റെഡി ആയിരുന്നെങ്കിലും മരം നിക്കുന്ന പറമ്പിന്‍റെ ഉടമ അമ്പിനും വില്ലിനും അടുക്കുന്നില്ല. അതിനിടയില്‍ ഡിഗ്രി കഴിഞ്ഞു ഞാന്‍ വീണ്ടും ഒരു പീജി കൂടെ ഒപ്പിച്ചു. "നോ രക്ഷ". മരം വെട്ടാന്‍ മാത്രം മുതലാളി സമ്മതിക്കുന്നില്ല. അങ്ങനെ പൂക്കാതെ വെറും കായ്കള്‍ മാത്രംമായി അവളും, ഇപ്പൊ പൂ "പറിക്കാം" എന്ന് കരുതി ഈ ഞാനും നാളുകള്‍ തള്ളി നീക്കി.


കാലങ്ങള്‍ പിന്നീടും ഒരുപാട് കൊഴിഞ്ഞു, അവളുടെ ഇലകളും. വര്‍ഷങ്ങള്‍ പ്രേമിച്ചു പ്രേമിച്ചു എന്നിലെ പ്രേമം പ്രീമിയം അടച്ചുള്ള ഒരു പ്രേമത്തിനായി കൊതിക്കാന്‍ തുടങ്ങി. എന്‍റെ മരം കാലം തെറ്റി ഇലകള്‍ പൊഴിച്ചും കാറ്റ് വരുമ്പോള്‍ ചില്ലകള്‍ അനക്കാതെ നിന്നും അതിന്‍റെ ഉടമകളെ ആവശ്യം ഉന്നയിച്ചു കൊണ്ടേ ഇരുന്നു. ആദ്യം 'പിച്ചകാരന് കൊടുത്താലും നിനക്ക് തരില്ല' എന്നുള്ള അവളുടെ അപ്പന്‍റെ ഡയലോഗിനു ചെറുതായി മാറ്റം വന്ന് തുടങ്ങി. ഒടുക്കം 'ഏത് എംബിയെ കാരന് കൊടുത്താലും നിനക്ക് തരില്ലെടാ' എന്നുള്ള പുതു മൊഴിയില്‍ എനിക്ക് പ്രതീക്ഷ മുളച്ചു. വീണ്ടും നിരന്തരമായ ശല്യവും മരത്തിനു പുഴുക്കേട്‌ പിടിക്കുമോ എന്നുള്ള പേടിയും കാരണം അവളുടെ അപ്പന്‍ ആ കല്യാണത്തിന് സമ്മതിച്ചു. പക്ഷെ ഒരു ഉറപ്പ് മാത്രം അപ്പന്‍ പറയുന്ന ഡേറ്റില്‍ തന്നെ കല്യാണം നടത്തണം. ഒന്നല്ല, എല്ലാ കൊല്ലവും ആ ദിവസം കല്യാണം കഴിച്ചുകൊണ്ടേ ഇരുന്നോളാം എന്നുള്ള വാക്കില്‍ മുതലാളി മരം മുറിക്കാനുള്ള ലൈസന്‍സ് തന്നു.


"വരുന്ന ഫെബ്രുവരി മുപ്പതാം തിയതി നീ വന്ന് മരം മുറിച്ചുകൊണ്ട് പൊയ്ക്കോ കാശൊന്നും തരണ്ട "


കേട്ട പാതി കേള്‍ക്കാത്ത പാതി മുദ്ര പേപ്പറില്‍ സൈന്‍ ചെയ്തു. അതിനു ശേഷം എന്‍റെ മരത്തിലേക്ക് നോക്കിയപ്പോള്‍ മാത്രമാണ് ദൈവമേ ഇനി എന്നാണാവോ ഒരു കൊല്ലത്തിനു മുന്നൂറ്റി അറുപത്തി ഏഴു ദിവസം ഉണ്ടാകുക എന്നുള്ള തത്വ ചിന്ത എന്‍റെ മനസിലേക്ക് കടന്നു വന്നത്. അങ്ങനെ വീണ്ടും ഞാന്‍ ആ ദിനത്തിനായി കാത്തിരിപ്പ് തുടങ്ങി!


പിന്‍ കുറിപ്പ്:

എന്‍റെ "കൂടെ പിറക്കാതെ" പോയ ആത്മാര്‍ത്ഥ കൂട്ടുകാരനും സഹമുറിയനും ആയ ഷിജോയുടെ അതി കഠിനമായ പത്തു കൊല്ലത്തെ പ്രണയത്തിനു പച്ചക്കൊടി കിട്ടിയത് ഈ അടുത്ത ദിവസത്തിലാണ്. അവനെ പരിചയപ്പെട്ട അന്ന് മുതല്‍ എല്ലാ കൊല്ലവും പത്തു ദിവസം അവന്‍റെ കല്യാണത്തിനായി മാറ്റി വെച്ച് പോന്ന ഞാന്‍ ഈ അടുത്താണ് അറിഞ്ഞത് ആ സുദിനം ഉടന്‍ വരാന്‍ പോകുന്നു എന്ന്. പക്ഷെ അപ്പോഴും അവന്‍റെ കല്യാണം ഉറപ്പിച്ചത് ഫെബ്രുവരി മുപ്പതിനാണോ എന്നൊരു സംശയം. ചിലപ്പോ എന്‍റെ ചെവിയുടെ കുഴപ്പം ആയിരിക്കും. ഒന്ന് കൂടി വിളിച്ച് നോക്കട്ടെ...