സപ്പ്രിടിക്കെറ്റ് അഥവാ സര്‍ട്ടിഫിക്കറ്റ്


സപ്പ്രിടിക്കെറ്റ്.. ശോ .. സര്‍ഫിടിക്കെറ്റ് .. എന്തുവാ ആ സര്‍ട്ടിഫിക്കറ്റ്. പറയാന്‍ ഇതാ പാടെങ്കില്‍ കിട്ടാനുള്ള പാടൊന്നു ആലോചിക്കാവുന്നതെ ഒള്ളു അല്ലെ.ഇപ്പൊ എന്തിനും ഈ സുനാപ്പി വേണം കാശുള്ളവന്‍ കാശു കൊടുത്തും മാനം ഉള്ളവന്‍ മാനം കൊടുത്തും ഒന്നും ഇല്ലാത്തവന്‍ ഒന്നും ഇല്ലാതെ നിന്ന് കൊടുത്തും ഇവനെ ഒപ്പിക്കുന്നു. ഞാന്‍ ഡിഗ്രി കഴിഞ്ഞു നില്‍ക്കുന്ന കാലം. ഇനി ഏതെങ്കിലും ഒരു സപ്പ്രി .. അല്ലെ വേണ്ട ആ സാധനം ഒന്ന് ഒപ്പിക്കണം. അങ്ങനെ ആദ്യമായി പേപ്പര്‍ വായന തുടങ്ങി.


പേപ്പറില്‍ നിറയെ എം ബി എ, എം സി എ .. ആകെ 'എ' ബഹളം. നാം ആകെ ചെയ്യേണ്ടത് കയ്യിലുള്ള കാശു അവരുടെ മേശ പുറത്തു വെക്കുക അവര്‍ സമയാ സമയം ആ കാശിനു തീറ്റ കൊടുത്ത് സമയം ആകുമ്പോള്‍ നമുക്ക് ഒരു ഡിഗ്രി ആക്കി കയ്യില്‍ തരും. കൊള്ളാലോ! കാശ് മുടക്ക് മാത്രമല്ലേ ഒള്ളു, ഉപയോഗിച്ച് തളര്‍ന്ന തലച്ചോറ് വീണ്ടും ഉപയോഗിക്കണ്ടല്ലോ. അങ്ങനെ ഞാന്‍ ഒരു പ്രൊഫഷണല്‍ സപ്പ്രിടിക്കെറ്റ് എടുക്കാന്‍ തീരുമാനിച്ചു. അപ്പനെ അറിയിച്ചപ്പോ " നീ നല്ല പഠിപ്പാ എന്നാലും ഒരു പ്രൊഫഷണല്‍ എടുപ്പുകാരന്‍ ആകാനുള്ള പ്രായം ആയോ" എന്ന് ചോദിച്ചോ? ഹേ ഇല്ല, പാവം അപ്പന്‍ ബുദ്ധിമാന്‍മാരായ മക്കള്‍ ഉണ്ടായാല്‍ കുടുംബം കലങ്ങുമല്ലോ ദൈവമേ എന്ന് മനസ്സില്‍ വിചാരിച്ച് ഉണ്ടായിരുന്ന പറമ്പിനെ നടുവേ മുറിച്ചു കാശാക്കി എന്‍റെ പോക്കെറ്റില്‍ ഇട്ടു തന്നു.


അങ്ങനെ, വീട്ടുകാരെ കടത്തിലും നാട്ടുകാരെ കണ്ണീരിലും ആഴ്ത്തി ഞാന്‍ മംഗലാപുരത്തിനുള്ള വണ്ടി പിടിച്ചു. ചെന്ന് കയറിയത് ഒരു സിംഹത്തിന്‍റെ മടയില്‍, ലാലേട്ടന്‍ കയറിയ മട അല്ല കേട്ടോ. വരവിന്‍റെ ഉദ്ദേശം നേരത്തെ പറഞ്ഞപോലെ ഒരു സപ്പ്രിട്ടിക്കെറ്റ്, പിന്നെ പറ്റുകയാണെങ്കില്‍ ഒരു മംഗലാപുരം സുന്ദരിയെ അതും കാശുള്ള വീട്ടിലെ സുന്ദരിയെ വളക്കണം പിന്നെയും സമയം കിട്ടിയാല്‍ ഒരല്‍പം പഠിക്കണം. പക്ഷെ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ച് കാശ് വാങ്ങി വെച്ചു മടയിലിരുന്ന സിംഹം എന്നോട് പോയി പഠിക്കെടാ എന്ന് ആജ്ഞാപിച്ചു. സുന്ദരിയും സപ്പ്രിയും എല്ലാം സ്വാഹ. പഠിച്ചില്ലേ അപ്പന്‍ പോക്കറ്റില്‍ മടക്കി തന്ന പറമ്പ് പോക്കാ. അങ്ങനെ പഠിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ അപ്പോഴും പ്രശ്നം. ഈ ബുക്ക്‌ ഒക്കെ ഇംഗ്ലീഷില്‍ ആണ് എഴുതി വെച്ചിരിക്കുന്നത്. പിന്നെ ആകെയുള്ള ആശ്വാസം എന്നെ പോലെ തന്നെ ബുദ്ധിയുള്ള ഒരുപാട് മലയാളികള്‍ അവിടെ കൂടെ ഉണ്ട്. എല്ലാവരും ഓരോരോ ബ്ലോഗുകള്‍.

അങ്കനവാടി ദുബായിയിലും ബാക്കി മുഴുവന്‍ നമ്മുടെ നാട്ടിലും പഠിച്ച ആഭി മുതല്‍ കോളേജ് തപ്പി നടന്നു മൂന്നു കൊല്ലം കളഞ്ഞ മുത്തു മുതല്‍ ഇപ്പോഴും അവിടെ പഠനം തുടരുന്ന ഷമ്മി വരെ ഈ കൂട്ടത്തില്‍ പെടും. ആകെ മൊത്തം നാല്‍പ്പതു പുലികള്‍ അതില്‍ എഴു പെണ്‍പുലികളും ബാക്കി ആണ്‍പുലികളും. എഴു പെണ്‍ പുലികളില്‍ ആറെണ്ണം ആദ്യ ക്ലാസ്സില്‍ തന്നെ ഹാജര്‍. ആരെ വളയ്ക്കും ആരെ വളയ്ക്കും എന്നുള്ള സംശയത്തില്‍ നില്‍ക്കുമ്പോഴേക്കും ഉണ്ടായിരുന്ന ആറിനെയും ആണ്‍പിള്ളാര്‍ വളച്ചോണ്ട് പോയി.
വാ പിളര്‍ന്ന ദൈവം ചോറ് തരാതിരിക്കില്ലലോ.


അങ്ങനെ ആ ഏഴാമത്തെ സുന്ദരിക്കായി കണ്ണില്‍ 'റം' ഒഴിച്ചു കാത്തിരുന്നു. അങ്ങനെ തുടര്‍ച്ചയായ മൂനാഴ്ച്ചത്തെ കാത്തിരിപ്പിന് ശേഷം അവള്‍ അവതരിച്ചു.ഐശ്വര്യയുടെ കണ്ണുകളും, നയന്‍താരയുടെ ചുണ്ടുകളും, ശോഭനയുടെ ശരീര വടിവും, കാവ്യയുടെ ഓമനത്തവും .. അതെ ഇതെല്ലാമായിരുന്നു എന്‍റെ മനസ്സില്‍ പക്ഷെ മുന്നില്‍ വന്നു നിന്നതോ.. മമ്മൂക്കയുടെ നടപ്പും ലാലേട്ടന്‍റെ തോളും സലിമിക്കാന്‍റെ ചിരിയും ഒക്കെ കൂടിയ ഒരു ആന പെണ്‍കുട്ടി.അതോടുകൂടി വളയ്ക്കുന്ന ദൌത്യം ഒഴുവാക്കി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. തീരുമാനത്തിന് കാശുമുടക്കൊന്നും ഇല്ലാത്തതിനാല്‍ അതൊരു തീരുമാനമായി തന്നെ എന്നും നില നിന്നു.


ക്ലാസുകള്‍ ഓരോന്നായി കഴിഞ്ഞു കയ്യിലുള്ള കാശുകളും. അങ്ങനെ ഒടുക്കം പ്രൊജക്റ്റ്‌ വന്നെത്തി. കൂടെയുള്ള പലരും പ്രൊജക്റ്റ്‌ ചെയ്യാനായി ദുബായി, അമേരിക്ക, ലണ്ടന്‍ എന്നിവിടെയ്ക്കൊക്കെ പറന്നപ്പോ ഞാന്‍ മെല്ലെ മലപ്പുറത്തേക്ക് വണ്ടി കയറി. രണ്ടുമാസകാലം വീട്ടില്‍ നിന്നു ശരീരം ഒക്കെ ഒന്ന് നന്നാക്കി തൊട്ടടുത്ത വീട്ടിലെ എട്ടാംക്ലാസ്സിലെ കൊച്ചിന്‍റെ പ്രൊജക്റ്റ്‌ വാങ്ങി ഒരു കോപ്പി എടുത്തു കോളേജില്‍ എത്തി. അവിടെ എത്തിയപ്പോ ആകെ പ്രൊജക്റ്റ്‌ മയം. പാവം മുത്തപ്പന്‍ മാത്രം ആകെ ടെന്‍ഷന്‍ അടിച്ചു നിക്കുന്നു. കാര്യം ചോദിച്ചപ്പോഴാണ് മനസിലായത് മുത്തുവിന്‍റെ പ്രോജക്റ്റ് ചെയ്തു എന്ന് തെളിവിനായി കമ്പനിയില്‍ നിന്നും തരുന്ന സര്‍ട്ടിഫിക്കറ്റില്‍ 'സര്‍ട്ടിഫിക്കറ്റ്' എന്ന് എഴുതിയിട്ടില്ല. ഇനി ആ കമ്പനിയില്‍ പോയി മാറ്റി അടിപ്പിക്കാം എന്ന് കരുതിയാ മുത്തുവിന്‍റെ പ്രൊജക്റ്റ്‌ കഴിഞ്ഞതോടെ ആ കമ്പനി പൂട്ടി.. നോ രെക്ഷ


അങ്ങനെ മുത്തു കാര്യങ്ങള്‍ ടീച്ചറോട് അവതരിപ്പിക്കാന്‍ തീരുമാനിച്ചു
" ടീച്ചര്‍, ഐ ഹാവ് "എ " സര്‍ട്ടിഫിക്കറ്റ് ബട്ട്‌ ഇന്‍ ദാറ്റ്‌ സര്‍ട്ടിഫിക്കറ്റ് ദേര്‍ ഈസ്‌ നോ സര്‍ട്ടിഫിക്കറ്റ്" മുത്തുവിന്‍റെ ഇംഗ്ലീഷ് കേട്ടു ഞാന്‍ അടക്കമുള്ള മലയാളികള്‍ കോരി തരിച്ചു പോയി! പക്ഷേ പാവം ടീച്ചറിന് മാത്രം കാര്യം മനസിലായില്ല. മുത്തു തലങ്ങും വെലങ്ങും ഒക്കെ പറഞ്ഞ് നോക്കി. ഒരു രക്ഷയുമില്ല. മലയാളം ആയിരുന്നെ ഞാനും ഒരു കൈ നോക്കിയേനെ ഇതിപ്പോ ഇംഗ്ലീഷ് ആണ് എനിക്ക് പണ്ടേ വെറുപ്പാ ആ വിദേശ ഭാഷയോട്. കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് കണ്ട്. ദുബായിയില്‍ നിന്നും അങ്കനവാടി ഡിഗ്രി സ്വന്തമാക്കിയ ആഭി കാര്യങ്ങള്‍ ഏറ്റെടുത്തു. എന്നിട്ട് ടീച്ചറോട് വായുവില്‍ ഒരു സര്‍ട്ടിഫിക്കറ്റ് വരച്ചു കൊണ്ട് " ടീച്ചര്‍, ദിസ്‌ ഈസ്‌ എ സര്‍ട്ടിഫിക്കറ്റ് ഓക്കെ? "
ടീച്ചര്‍ ഓക്കെ പറഞ്ഞു, ദെന്‍ ആഭി " ഇന്‍ ദിസ് സര്‍ട്ടിഫികറ്റ് ദേര്‍ ഈസ്‌ നോ സര്‍ട്ടിഫിക്കറ്റ്". അമ്മെ....


ഒടുക്കം ആഭി ഓടിപോയി ഒരു പ്രൊജക്റ്റ്‌ എടുത്തു കാണിച്ചിട്ട് ടീച്ചറോട് പറഞ്ഞു എന്‍റെ പൊന്നു ടീച്ചറെ ഈ സര്‍ട്ടിഫിക്കറ്റില്‍ സര്‍ട്ടിഫിക്കറ്റ് എന്ന് എഴുതിയിട്ടില്ല എന്ന്. ഹാവു, ഒടുക്കം ഒരു വില്ലാളി വീരനെ പോലെ ആഭി ടീച്ചറെയും ഞങ്ങളെയും മാറി മാറി നോക്കി. ആഭിയുടെ അപാര ബുദ്ധിയില്‍ ഞങ്ങള്‍ ഊറ്റം കൊള്ളുന്നതിനിടയില്‍ പാവം ടീച്ചര്‍ അവിടെ നിന്നും തടി എടുത്തു.ഇല്ലെങ്കില്‍ ടീച്ചറുടെ സര്‍ട്ടിഫിക്കറ്റ് കൂടി ചിലപ്പോ നഷ്ട്ടപെട്ടലോ.


കാലങ്ങള്‍ ഒരുപാട് കഴിഞ്ഞു.ആഭി അവന്‍റെ സര്‍ട്ടിഫിക്കറ്റുമായി വീണ്ടും ദുബായില്‍ എത്തിച്ചേര്‍ന്നു ഇപ്പൊ അവിടെ ഒട്ടകത്തെ കറക്കുന്നെന്നോ ഷെയ്ക്കിന് കഞ്ഞി വെച്ച് കൊടുക്കുന്നെന്നോ ഒക്കെ അസൂയാലുക്കള്‍ പറഞ്ഞു നടക്കുന്നു. മുത്തു അവന്‍റെ സര്‍ട്ടിഫിക്കറ്റ് വിറ്റ് സ്വന്തമായൊരു കരിഓയില്‍ ബിസ്നെസ്സ് തുടങ്ങി നാട്ടുകാരെയും വീട്ടുകാരെയും കരി ഓയില്‍ അടിക്കുന്നു. പിന്നെ ഈ പാവം ഒഴാക്കന്‍,ഇപ്പോഴും ഒരു സര്‍ട്ടിഫിക്കറ്റിനായുള്ള പരക്കം പാച്ചിലില്‍ ആണ്.


അതെ ഒരു "കല്യാണ സര്‍ട്ടിഫിക്കറ്റിനായി"

കുട്ടികാലത്തെ ചില വലിയ കുറുമ്പുകള്‍

പഠനം ഹൈസ്കൂളില്‍ എത്തിയ കാലം. മേല്‍ച്ചുണ്ടില്‍ അതികഠിനമായ കട്ടിംഗ് ആന്‍ഡ്‌ ഷേവിങ്ങിന്‍റെ  ഫലമായി  മുളച്ചു വരുന്ന ഓരോ കുഞ്ഞു രോമത്തെയും "നീ നാളെയുടെ പ്രതീക്ഷയാണ് മകനെ" എന്ന് ഒരു അമ്മയുടെ വാത്സല്യത്തോടെ പറഞ്ഞ് വളമിട്ട് ( കരടി നെയ്യ്) പരിപാലിച്ചിരുന്ന കാലം. പെണ്‍കുട്ടികളെ കാണുമ്പോള്‍ എന്തോ ഒരു 'ലത്‌' തോന്നി തുടങ്ങിയ കാലം. അന്നന്ന് പഠിപ്പിക്കുന്നത് വീട്ടില്‍ പോയി പഠിക്കണം എന്നത് ഒഴിച്ചാല്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചിരുന്ന കാലം. 

ഞങ്ങളുടെ ഹൈസ്കൂള്‍ യു പി സ്കൂളില്‍ നിന്നും മാറി വേറെ സ്ഥലത്ത് ആണ്. അതിനാല്‍ തന്നെ പുതിയ കോളേജില്‍ ചേരും പോലെ എട്ടാം ക്ലാസ്സില്‍ ചേരുന്ന പാവം പൈതലുകളെ പത്താം ക്ലാസിലെ ഗുണ്ട ചേട്ടന്മാര്‍ നോക്കി വിരട്ടലും ഇടയ്ക്കു പിച്ചലും ഒക്കെ ഉണ്ട്. എന്‍റെ ഭാഗ്യം കൊണ്ട് ഞാന്‍ എട്ടില്‍ എത്തിയപ്പോള്‍ എന്‍റെ കസിന്‍ അവിടെ പത്താം ക്ലാസ്സില്‍ പഠിക്കുന്നു, കൂട്ടുകാര്‍ സ്നേഹത്തോടെ മൂരി എന്ന് വിളിക്കുന്ന ആ മൂരിയുടെ ബന്ധു എന്ന സപ്പോര്‍ട്ടില്‍ ഞാന്‍ പെട്ടന്ന് സ്റ്റാര്‍ ആയി. അങ്ങനെ ഒഴാക്കന്‍ ശരിക്കും ഒഴാക്കന്‍ ആയി!

ഞങ്ങളുടെ ബാച്ച് പത്തില്‍ എത്തിയപ്പോഴേക്കും  എല്ലാവര്‍ക്കും  എന്നെ കുറിച്ചുള്ള മതിപ്പ് കൂടി വന്നു. "ഹോ ചെറുക്കന്‍ എന്നാ പഠിപ്പാ" എന്ന് വീട്ടുകാരും "ഇവനൊക്കെ എന്തിനാ പഠിക്കുന്നത് "എന്ന് നാട്ടുകാരും "നിന്നെയൊക്കെ പഠിപ്പിക്കുന്ന ഞങ്ങളെ തല്ലണം" എന്ന് ടീച്ചര്‍മാരും പറഞ്ഞു തുടങ്ങി.അങ്ങനെ എട്ടില്‍ എത്തിയ പുതിയ ഉണ്ണികളുടെ പേടിസ്വപ്നവും പത്താം ക്ലാസിലെ തരുണീമണികളുടെ മോഹസ്വപ്നവും ആയി ഒഴാക്കാന്‍ വിലസാന്‍ തുടങ്ങി. ഇടക്കിടക്കുള്ള കോപ്പി എഴുത്തും ഇമ്പോസിഷനും ടീച്ചര്‍മാരുടെ ചോദ്യം ചോദിക്കലും പരീക്ഷയും ഒഴിച്ചാല്‍ ഒരുപരിധി വരെ നല്ല സുഖം .

ഒരുദിവസം പെട്ടന്ന് കണക്കിന്‍റെ പള്ള മാഷ്‌ (ഇരട്ട പേരാ) വഴി തെറ്റി ഞങ്ങളുടെ ക്ലാസ്സില്‍ എത്തി. മാഷിനു ഒരു 'അഞ്ചു പൈസയുടെ' കുറവുണ്ട് അതിനാല്‍ തന്നെ എപ്പോഴാ ഏതു ക്ലാസിലേക്കാ  കയറി വരിക എന്നോ എന്താ ചോദിക്കുക എന്നോ പറയുക ദുഷ്കരം. പതിവുപോലെ മാഷ് വന്ന പാടെ ഒരു ചോദ്യം അങ്ങോട്ട്‌ നിരത്തി . എന്നിട്ട് ആദ്യ ബെഞ്ചിലെ പഠിപ്പിസ്റ്റ് മുതല്‍ അവസാന ബെഞ്ചിലെ ഒഴാക്കന്‍ ഒഴിച്ചു എല്ലാവരെയും എണീപ്പിച്ചു നിര്‍ത്തി. ആര്‍ക്കും ഉത്തരം അറിയില്ല, എനിക്ക് അറിയാമോ എന്ന് മാഷ് ചോദിച്ചുമില്ല.അങ്ങനെ ഒരു ക്ലാസ് ഒന്നടങ്കം ഉത്തരം അറിയാതെ ഈ എന്‍റെ മുന്‍പില്‍ എണീറ്റ്‌ നിക്കുന്നു, ഞാന്‍ സാറ് കാണാതെ എണീറ്റ്‌ നിക്കുന്നവന്‍മാരുടെ മൂട്ടില്‍ ഒളിക്കാനുള്ള വിഫല ശ്രമം നടത്തികൊണ്ടിരിക്കുന്നു. എണീറ്റ്‌ നില്‍ക്കുന്ന ഒരാളുടെ ചന്തിപോലും വിടാതെ മാഷ് കയ്യിലിരിക്കുന്ന ചൂരലുകൊണ്ട് തടവി. ദൈവമേ ഇതെന്തൊരു മറിമായം, മാഷിന് എന്നോട് പ്രേമം ആയോ?
തല്ലു കിട്ടിയവര്‍ കിട്ടിയവര്‍ ചന്തി തടവുന്നതോനോടൊപ്പം "എന്നാലും നീ എങ്ങനെ രക്ഷപെട്ടു" എന്നുള്ള ഒരു ചോദ്യചിഹ്നവും ആയി എന്നെ തന്നെ നോക്കുന്നു.
 "ക്ലാസില്‍ വന്നാ പോര പഠിക്കണം" എന്നുള്ള മറുപടി ചിഹ്നവുമായി ഞാന്‍ തിരിച്ചും നോക്കുന്നു. അങ്ങനെ അടിപൂരമൊക്കെ കഴിഞ്ഞു മാഷ് ഇരിക്കുന്ന എന്‍റെ നേരെ നടന്നടുത്തു എന്നിട്ട് ഇതാ ഇങ്ങനെ മൊഴിഞ്ഞു:

" നിന്നെ കാണാഞ്ഞിട്ടല്ല ചോദ്യം ചോദിച്ചാ മിനിമം ഒരു പ്രതീക്ഷയെങ്കിലും വേണ്ടേ എന്തെങ്കിലും പറയും എന്ന്, അതുപോലും ഇല്ലാത്തതിനാല്‍ ആണ്  ഒഴുവാക്കിയത്"

അമ്മെ! ഇതിലും നന്ന് ആ ചൂരലുകൊണ്ട് ചറപറ എന്ന് നാല് പൊട്ടിക്കുന്നതായിരുന്നു.
ക്ലാസ് ഒന്നടങ്കം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി, കൂട്ടത്തില്‍ ഏറ്റവും ചിരിക്കുന്നത് തടിയന്‍ ഷിജു ആണ്. അന്ന് മുതല്‍ തടിയന്‍ എന്‍റെ ശത്രു ആയി.

അങ്ങനെ തടിയനോടുള്ള പ്രതികാരവും അഭിമാനക്ഷതവും പേറി വീണ്ടും ഒഴാക്കനായി തുടരുന്ന കാലം. ഓരോ ദിവസവും തടിയന് എങ്ങനെ പണികൊടുക്കാം എന്ന ചിന്തയുമായാണ് കിടന്നുറങ്ങുക. തടിയനെ കുറിച്ച് പറയുകയാണെങ്കില്‍, അവന്‍റെ പൊട്ടത്തരവും തടിയും തൂക്കി നോക്കിയാ ഏതാണ് കൂടുതല്‍ എന്ന് തിരിച്ചറിയാന്‍ പറ്റില്ല. തടി കൂടുതല്‍ ഉള്ളതുകൊണ്ടും  ഞങ്ങളുടെ ഒപ്പം ഓടാന്‍ പറ്റില്ല എന്നുള്ളത് കൊണ്ടും തടിയനെ പുറകിലൂടെ ചെന്ന് ഇടിച്ചിട്ടു ഓടുന്നത് ഞങ്ങളുടെ ആ കാലത്തെ  ഒരു പ്രധാന കളിആയിരുന്നു.

 അങ്ങനെ പത്താം ക്ലാസിലെ എല്ലാവരും ഇഷ്ട്ടപെടുന്ന അറിയാന്‍ വെമ്പിനില്‍ക്കുന്ന ബയോളജിയിലെ "ആ പാഠം " എത്തി. അതെടുക്കുന്നത് ഈ അടുത്ത് കല്യാണം കഴിഞ്ഞ സുന്ദരിയായ ശ്യാമള ടീച്ചറും. പത്താം ക്ലാസുകാരുടെ അതുവരെ പഠിച്ച എല്ലാ ക്ലാസുകളിലെയും സംശയങ്ങള്‍ മുഴുവന്‍ ഈ ഒരു പാഠത്തില്‍ ആണെന്നതിനാല്‍ ടീച്ചര്‍ വള്ളി പുള്ളി തെറ്റാതെ എല്ലാം വിവരിയ്ക്കുന്നുണ്ടായിരുന്നു. ഈ അണ്ഡം എന്താണെന്നും സെമന്‍ എന്താണെന്നും, ഈ സെമന്‍ ആള് പിശകാന്നും അവനാണ് ഗര്‍ഭം ഉണ്ടാക്കുന്നതെന്നും എല്ലാം ടീച്ചര്‍ പറഞ്ഞു പേടിപ്പിച്ചു. ക്ലാസ് കഴിഞ്ഞു ടീച്ചര്‍ പോയ പാടെ ഞാന്‍ കുറച്ചു ഫെവിക്കോള്‍ എടുത്തു ഒരു കടലാസ്സില്‍ പറ്റിച്ചു തടിയന്‍റെ പുറത്തു ഒട്ടിച്ചു, എന്നിട്ട് ഒരു വിളംബരവും നടത്തി 
"തടിയന്‍റെ പുറത്ത് അതാ സെമന്‍.. അവനിപ്പോ ഗര്‍ഭണന്‍ആകും " പറഞ്ഞു തീരും മുമ്പേ തടിയന്‍ കരഞ്ഞുകൊണ്ട്‌ ഓഫീസിലേക്ക് ഓടി എന്നിട്ട് ടീച്ചറോട് പറഞ്ഞു

" ടീച്ചറെ ടീച്ചറെ എന്‍റെ പുറത്തു സെമന്‍ തേച്ചു ഞാന്‍  ഇപ്പൊ ഗര്‍ഭണന്‍ ആകും എന്നെ രക്ഷിക്കണേ ....."

'വൃത്തികെട്ടവനെ ' എന്ന് പറഞ്ഞു ടീച്ചര്‍ തടിയനെ ഓഫീസില്‍ നിന്നും ഓടിച്ചു വിട്ടതും തോന്ന്യാസം കാണിച്ചതിന് എന്നെ നിക്കര്‍ കീറുവോളം തല്ലിയതും എല്ലാം ഇപ്പോഴും സുവര്‍ണ്ണ ലിപികളില്‍ ആ സ്കൂളിന്‍റെ ചരിത്രത്തില്‍ കൊത്തി വെച്ചിരിക്കുന്നു. 

ഓ ഡോ:
പത്തു പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഈ അടുത്ത് തടിയനെ കാണാന്‍ ഇടയായി. തടിയൊക്കെ കുറച്ചു ഒരു സുന്ദര കുട്ടപ്പന്‍ ആയിരിക്കുന്നു. കൂടെ ആളുടെ ഭാര്യയും മോനും ഉണ്ട്. കണ്ടപാടെ ഞാന്‍ ഓടി ചെന്നു, പക്ഷെ ആ കണ്ണുകളില്‍ അപ്പോഴും ഞാന്‍ കണ്ടത് "സ്വന്തം ചാരിത്ര്യം കവര്‍ന്നെടുത്ത പ്രതിയെ കോടതി വരാന്തയില്‍ കണ്ടുമുട്ടുമ്പോള്‍" ഉണ്ടാകുന്ന ഒരു 'ഭയം', അതായിരുന്നു!