അപ്പനാരാ മോന്‍!

"താന്‍ താനോളം ആയാല്‍ താനെന്നു വിളിക്കണം" ഇങ്ങനാ വിവരമുള്ള അപ്പന്മാര്‍ വളര്‍ന്നു വരുന്ന ആണ്‍ മക്കളെ കുറിച്ച് പറയാറ്! അതായത് രണ്ടെണ്ണം അടിച്ചു വീട്ടില്‍ വന്നാലും ആരെങ്കിലും കാണാതെ ഒരു സിഗരെറ്റ്‌ വലിച്ചാലും അങ്ങ് വിട്ടുകളയണം എന്ന് സാരം. പക്ഷെ ഒറ്റ കാര്യം താന്‍ താനോളം ആവണം!

സിജോയുടെ അപ്പനും അങ്ങനാ സിജോയെ താനെന്നെ വിളിക്കു, സിജോ അപ്പനേയും!

സിജോ അപ്പനോളം വളര്‍ന്നു പിന്നെ അപ്പനേക്കാളും  വളര്‍ന്നു പടര്‍ന്നു പന്തലിച്ചു ചിതല്‍ അരിച്ചു നിക്കുകയാണ് വീട്ടില്‍.
വളര്‍ന്നതും പന്തലിച്ചതും ഒക്കെ കൊള്ളാം പക്ഷെ സിജോയുടെയും അപ്പന്‍റെയും  ഒരേ സൌണ്ട് കൂടി ആയതാണ് പൊല്ലാപ്പ് ആയത്.

അപ്പന് രാത്രിയായാല്‍ രണ്ടെണ്ണം വിടണം ( മദ്യം!).  അപ്പന്‍റെ നേരുകൊണ്ട്  മക്കള്‍ കാണ്‍കെ കുടിക്കില്ല. പാവം പൂച്ചയപ്പന്‍റെ  വിചാരം കണ്ണടച്ചതുകൊണ്ട് മക്കള്‍ക്കൊന്നും അറിയില്ല എന്നാണ്. എന്നാ നമ്മുടെ മോനോ?
"അപ്പന്‍റെ അല്ലെ പോത്ത്‌ പോത്തിന്‍റെ അല്ലെ ക്ടാവ്" . അപ്പന്‍റെ കുപ്പി എവിടാ എന്ന്  അപ്പനേക്കാളും ക്ടാവിനാ നിശ്ചയം! അതുകൊണ്ട് തന്നെ ഈയിടയായി അപ്പന്‍ അടിക്കുന്ന രണ്ട് പെഗ്ഗിനു സ്ട്രോങ്ങ്‌ കുറവാ എന്നുള്ള  അപ്പന്‍റെ മിഥ്യാധാരണ ഒരു സത്യാധാരണ മാത്രം ആയിരുന്നു! സിജോമോന്‍ അത്രക്കും വെള്ളം ചേര്‍ക്കുന്നുണ്ടായിരുന്നു  അളവ് തെറ്റാതിരിക്കാന്‍. മോനുട്ടന്‍ ഈ ചതിയെക്കെ ചെയ്തതും പോരാഞ്ഞു നാട്ടിലുള്ള സകല മക്കളോടും ( നാട്ടാരുടെ മക്കളോട് ) പറഞ്ഞുകൊണ്ടും നടന്നിരുന്നു ഈ വെള്ളത്തിന്‍റെ കഥ.

അങ്ങനെ ഇരിക്കെ ഒരു ദിവസം സിജോന്‍റെ സന്തത സഹചാരി വീട്ടിലേക്ക്  ഫോണ്‍ ചെയ്തു, എടുത്തോ പാവം അപ്പന്‍! സിജോ ദേണ്ടെ തൊട്ടടുത്ത്‌ പേപ്പേര്‍ കണ്ടുകൊണ്ടിരുക്കുവാരുന്നു.  എടുത്ത പാടെ സിജോന്‍റെ അപ്പൂപ്പനേം അമ്മൂമ്മയെയും  എല്ലാം സ്നേഹത്തോടെ അവന്‍ വിളിച്ചു എന്നിട്ടും ഒരു മറുപടിയും കേള്‍ക്കാത്തതിനാല്‍ ഒടുവിലൊരു ചോദ്യവും " എന്താടാ അപ്പന്‍റെ കുപ്പീന്ന്  രണ്ടെണ്ണം അടിച്ചു വെള്ളവും ഒഴിച്ചു ഇരിപ്പാ അല്ലെ ".
പാവം അപ്പന്‍! ഇതിലും ഭേദം   അങ്ങേരുടെ തന്തക്കു വിളിക്കുന്നതായിരുന്നു, സിജോയുടെ വല്യപ്പനെ!

അപ്പന്‍ മെല്ലെ സിജോയ്ക്ക് കൊടുത്തു എന്നിട്ടൊരു കമന്‍ടും   "മോനെ അപ്പന്‍ ആകെ രണ്ടെണ്ണം അല്ലെ  അടിക്കുന്നത് അതില്‍ ഈ അപ്പന്‍ ഒഴിച്ചോളാം വെള്ളം"!

മോന്‍റെ  വെള്ളം ഒഴിക്കലും കുടിക്കലും  അതിരുകടന്നപ്പോ അപ്പന്‍ മോനെ രായ്ക്കു രാമാനം  നാടുകടത്തി , ഈ ബാംഗ്ലൂര്‍ നഗരത്തിലേക്ക്! കൂടെ നടക്കുന്ന കുരിപ്പികള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ദേ വീണ്ടും രാവിലെ തന്നെ ഒരു കാള്‍ എത്തി എടുത്ത പാടെ " ടാ സിജോ $@#ന്‍റെ മോനെ എവിടെ പോയി കിടക്കുവാടാ"
പാവം അച്ഛന്‍! മറുപടി ഇങ്ങനായിരുന്നു " മോനെ നീ വിളിച്ച മോന്‍  ഇവിടില്ല നായയാണ്‌ സംസാരിക്കുന്നത് !

തൊള്ള തോമസേട്ടന്‍


തൊള്ള തോമസേട്ടന്‍ , "തൊള്ള" എന്നു നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കും.

കറുത്ത് ഇരുണ്ട   ഒരു ആജാനുബാഹു. തലമുടിയും തലയും തമ്മില്‍ തിരിച്ചറിയാന്‍ പ്രയാസം. കക്കൂസ്  കഴുകുന്ന ബ്രെഷ് പോലും നാണിച്ചു തലകുനിച്ചു പ്രേമം തോനിക്കും വിധമുള്ള തലമുടി. ഒറ്റനോട്ടത്തില്‍ ഒരു ഒന്നാന്തരം കരിമ്പുലി!


കരിമ്പുലി എന്‍റെ നാട്ടിലേക്കു വന്നതാണോ അതോ...... എന്തോ അറിയില്ല!
എന്ത് തന്നെയായാലും തൊള്ള തോമസേട്ടന് ഒരു കരിമ്പുലി ഛാ‍യ ഉണ്ടെന്നു മാത്രം നമ്മുടെ നാട്ടുകാര്‍ക്കറിയാം. ലോകത്തിലുള്ള എല്ലാ വിഷയങ്ങളിലും അറിവുണ്ടെന്ന് നടിക്കുകയും വിടുവായത്തം വിളമ്പുകയും  ചെയ്യുന്ന "തൊള്ള" ഞങ്ങളുടെ സ്വന്തം നാടായ കൊനൂര്‍കണ്ടിയില്‍  ഉണ്ടായിരുന്നത് ഏതാണ്ട് 1960 -1995 കാലഘട്ടം.  ഞാന്‍ ഒക്കെ അന്ന് കുഞ്ഞു വാവ, തൊള്ളയുടെ  തൊള്ള കേട്ട്  പരിസബോധം  നഷ്ട്ടപെട്ടു മൂത്രം ഒഴിക്കുന്ന  പ്രായം!


സ്വന്തമായുണ്ടായിരുന്ന ഒരു ഏക്കര്‍ സ്ഥലത്തിന്‍റെ  ആധാരം വെക്കാന്‍ സ്ഥലം ഇല്ല എന്ന് പറഞ്ഞു ഉണ്ടായിരുന്ന  ഏക്കര്‍ വിറ്റു പുട്ടും കടലയും കുറച്ച് കടുക്ക വെള്ളവും ( കാശ് കൂടുതല്‍ കയ്യിലുള്ളപ്പോള്‍ കടുക്ക വെള്ളം കുടിക്കുന്നത്  നല്ലതാണെന്ന് ആണ്  തൊള്ളയുടെ വെപ്പ്) അടിച്ചു തൊള്ള അങ്ങനെ വിലസുകയായിരുന്നു എന്നുവേണം പറയാന്‍.
ആ കാലഘട്ടത്തില്‍  ഇന്നത്തെ പോലെ ഫോണ്‍, ഇ-മെയില്‍  കുണ്ടാമണ്ടികള്‍ ഇല്ലാത്തതിനാല്‍ കത്തിനെ ആയിരുന്നു  ആളുകള്‍ പലപ്പോഴും ആശ്രയിച്ചിരുന്നത്. വയ്കുന്നേരങ്ങളില്‍  എല്ലാ അപ്പാപ്പന്‍മാരും രണ്ടെണ്ണം അടിച്ചും  ഇനി രണ്ടെണ്ണം ആരുടെയെങ്കിലും കയ്യില്‍ നിന്നും മേടിക്കുവാനും  ആയി കൂട്ടം  കൂടുന്ന നമ്മുടെ നാട്ടു കവലയില്‍ ആണ് കത്തുകള്‍ വിതരണം ചെയ്യാറുള്ളത്. എഴുത്തും വായനയും പണ്ടേ തറവാട്ടില്‍ പിറന്നവര്‍ക്ക് പറഞ്ഞിട്ടില്ലാത്തതിനാല്‍  കത്തുകള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം അത് വായിച്ചു കേള്പ്പിക്കുന്നതും നമ്മുടെ "പോസ്റ്റ്‌ മനുഷ്യന്‍" സോമേട്ടന്‍റെ  കടമ ആയിരുന്നു!
അങ്ങനെ ഒരു വയ്കുന്നേരം  കത്തുമായി വന്ന സോമേട്ടന്‍ ഒരു അഡ്രെസ്സ് വായിച്ചതും എല്ലാവരും ഒരുനിമിഷം ഒന്ന് തരിച്ചു നിന്നു. അഡ്രെസ്സ് ഇങ്ങനെ:


തൊള്ള തോമസ്‌
കറുത്ത നിറം, 35 വയസ് മതിപ്പ്
പള്ളിക്ക് സൈഡില്‍ ഉള്ള ചായക്കട.
കൊനൂര്കണ്ടി. കേരളം.


എന്‍റെ നാടിന്‍റെ നന്മ്മ കൊട്ണോ എന്തോ കത്ത് കറക്റ്റ് സ്ഥലത്ത് തന്നെ കിട്ടി.നരകത്തില്‍ നിന്നും കത്തുകള്‍ അയക്കാനുള്ള സൌകര്യം ഇല്ലാത്തതിനാലും ബന്ധു മിത്രാതികള്‍ എല്ലാവരും പാകിസ്ഥാന്‍കാര്‍ ആയതിനാലും അങ്ങനെ ഒരു കത്ത് എവിടെ നിന്നു വന്ന് എന്നുമാത്രം തോമസേട്ടനും   അറിവുണ്ടായിരുന്നില്ല! വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറഞ്ഞ പോലെ തോമസേട്ടനും വായന വല്യ പിടിയില്ലാത്തതിനാല്‍ കത്ത് സോമേട്ടന്‍ പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി:


"എത്രയും സ്നേഹമുള്ള പ്രീയ "ചോട്ടന്‍" തൊള്ള തോമസേട്ടന്,
തോമസേട്ടന്‍റെ  കറുത്ത "സരീരവും" വെളുത്ത മനസും എനിക്ക് വല്ലാതെ പുടിച്ചു. ‌
ഇന്ന് രാത്രി വീടിനടുത്തുള്ള ചാണക കുഴിയില്‍ "വാരണം വാരാതിരിക്കരുത്"
ഞാന്‍ കത്തി നില്‍ക്കും.
എന്ന് ചേട്ടന്‍റെ "പണ്ടാര" മുത്ത്‌ ഒപ്പ് കുത്ത് "


ഒരു കത്തെഴുതുവാന്‍ മാത്രമുള്ള "വിദ്യ ആഭാസം"  അന്ന് ആ നാട്ടില്‍ ഏത് പെണ്കൊടിക്ക് ആണ്  ഉള്ളതെന്നും അതുപോലതന്നെ ഒരു രാത്രി മുഴുവന്‍ വാരാനുള്ള ചാണക കുഴിയും  തമ്മില്‍ മാച്ച് ചെയ്യുകയും ആളെ ഉടനടി കണ്ടു പിടിക്കുകയും ചെയ്തു!
മറ്റാരുമല്ലായിരുന്നു പട്ടാളം മറുത ചേടത്തിയുടെ മൂത്ത മകള്‍ "കെട്ടാച്ചരക്ക്  ത്രേസ്യാമ" !


അറിഞ്ഞുകൊണ്ട് "പനാമര്‍ "  കലക്കിയ നാരങ്ങ വെള്ളം കുടിക്കുന്നതിലും നന്ന് ദാഹിച്ചു മരിക്കുന്നതാണെന്ന് കരുതി തോമസേട്ടന്‍ അവിടെനിന്നും രായ്ക്കു രാമാനം മുങ്ങി!


വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട്  കടല്‍ കാണാന്‍ പോയ ഒരു നാട്ടുകാരന്‍ മീന്മണം അടിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ തൊള്ള തോമസേട്ടന്‍ മുന്പ്പില്‍! അയല, ചാള, വരാല്‍ എന്ന് വേണ്ട എല്ലാ മീനുകളുടെയും ഒരുമിച്ചു  ഒരു വാടയും ആയി!
അന്ന് രാത്രി മുങ്ങിയ തൊള്ള പിന്നീടു പൊങ്ങിയത്  കോഴിക്കോട് ആയിരുന്നു. എന്തുകൊണ്ടും ചാണകം കോരുന്നതിനെക്കാള്‍ നന്നല്ലേ മീന്‍ കോരുന്നത് എന്നുകരുതി മീന്‍പിടുത്തവും ആയി അവിടെ കൂടി,മീന്‍ തോമസ്‌ ആയി!

കോഴിക്കോടന്‍ കൂറ!

മൂട്ട, കൂറ, പല്ലി ഇത്യാദി എല്ലാവിധ ജീവികളും ഒരു കാലഗട്ടത്തില്‍  ജീവിച്ചിരിക്കുകയും ഇപ്പോഴും എങ്ങും പോയിമറഞ്ഞിട്ടില്ല  എന്നുറക്കെ പ്രഖ്യാപിക്കുന്നതുമായ  എന്‍റെ സ്വന്തം റൂമിലെ "ചപ്രമഞ്ജനിലത്തു" പതിവുപോലെ ഞാന്‍ ശവാസനം ആരംഭിച്ചു.
ജോര്‍ജ് ബുഷ്‌ മുതല്‍ ബില്‍ "ഗേ"റ്റ്സ്‌  മുതല്‍ ഇപ്പൊ തൂക്കി ഞൊട്ടാം  എന്ന് കരുതുന്ന  കസബിനോട്  വരെ നര്‍മ്മ  സംഭാഷണം നടത്തുകയും ലോകത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും ചില്ലി കാശു മുടക്കാതെ പോയി വരികയും ചെയ്യുന്ന സ്വപ്നാടനം എന്ന മനോഹരമായ തളികയില്‍ യാത്ര ആരംഭിക്കുകയും ചെയ്തു.

പെട്ടന്ന് ഞാന്‍ യാത്ര ചെയ്ത ട്രെയിന്‍ എന്‍റെ നേരെ പാഞ്ഞു വന്ന് കയറിയപോലെ എന്തോ ഒരു സാധനം എന്‍റെ  കാല്‍ വഴി  ട്രൌസറിന് ഉള്ളിലേക്ക്  ഒറ്റ വരവായിരുന്നു. ചാടി എണിറ്റു പേരിനുണ്ടായിരുന്ന ട്രൌസര്‍ കയ്യോടെ ഊരി മാനത്തേക്ക് ഒരേറു കൊടുക്കുകയും ഉറക്കത്തില്‍ ഞാന്‍ അറിയാതെ എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആ ആസ്ഥാന "കുണ്ടനെ" തപ്പുവാന്‍ വേണ്ടി  ലൈറ്റ് ഇട്ടതും കണ്ട കാഴ്ച!!

എന്‍റെ സ്വന്തം റൂം മേറ്റ്‌,   പണ്ടു കല്യാണ സൗഗന്ധികം  പറിക്കാന്‍ പോയ ഭീമനെ തടയാന്‍ ചെന്ന  ഹനുമാന്‍ ഒടുക്കം ഭീമന്‍റെ "ഗദ" കണ്ടു പേടിച്ചു ഒരു മൂലക്കിരിന്നപോലെ ഒരു മൂലയില്‍ വിറച്ചുകൊണ്ട് ഇരിക്കുന്നു! കാര്യം അന്വേഷിച്ചപ്പോളാണ് അറിഞ്ഞത് ഏതോ ഒരു ആക്സിഡന്റ്  പറ്റി എല്ലാവരും മരിച്ചു എന്ന് തീര്ച്ചപെടുത്തുകയും   എന്നാല്‍ മരിച്ചിട്ടില്ല എന്ന് തനിക്കു മാത്രം അറിയുകയും പുറത്തു പറയാന്‍ പറ്റാതെ വിഷമിക്കുകയും ചെയ്യുന്ന ജീവിതത്തിലെ തന്നെ വലിയ ഒരു  ദുരന്തത്തെ, സ്വപ്നത്തില്‍ എടുത്തു താലോലിച്ചു കൊണ്ടിരിക്കെയാണ്  ഞാന്‍ മാനത്തേക്ക് എറിഞ്ഞ എന്‍റെ പാവം ട്രൌസര്‍ അവന്‍റെ തലയില്‍ വീഴുന്നത്.  ഒന്ന് കൂടി തെളിച്ചു പറഞ്ഞാല്‍ മരിച്ചു എന്ന് തീര്‍ച്ച വരുത്താന്‍ ആരോ ക്ലോറോഫോം മണപ്പിക്കുകയും തൊട്ടുപുറകെ പുതപ്പെടുത്തു മുഖം മൂടുകയും ചെയ്യുന്ന കറക്റ്റ് സീനില്‍ ആണ്  ട്രൌസര്‍ അവന്‍റെ മുഖം നോക്കി ലാന്‍ഡ്‌ ചെയ്തത്.  ഞെട്ടി എണിറ്റ അവന്‍ കണ്ടത് ഈ പാവം ഒഴാക്കനെ !!

അര്‍ദ്ധരാത്രിയില്‍ ഒരു മെഴുകുതിരിയുടെ വെളിച്ചം പോലുമില്ലാതെ എന്‍റെ "നാളിലേക്ക്" ഇരച്ചു കയറിയ ആ കശ്മലനെ ഒടുക്കം ഞാന്‍ കണ്ടു പിടിച്ചു ഒരു "കോഴിക്കോടന്‍ കൂറ".
ഉടനടി അവനെ ഒരു തീപെട്ടിക്കുള്ളിലാക്കി തൊട്ടടുത്ത ദിവസം തന്നെ കോഴിക്കോടെക്കുള്ള വണ്ടിയില്‍ കയറ്റി വിട്ടു.

മുന്നറിയിപ്പ്:

ഇനിമുതല്‍ കോഴിക്കോട് വഴി പോകുന്ന കോഴിക്കൊടുകാരും അല്ലാത്തതുമായ എല്ലാ  യുവാക്കളും കുരുന്നുകളും ( യുവതികള്‍ പെടില്ല )  പ്രത്യേകം ശ്രദ്ധിക്കുക അല്ലാത്ത പക്ഷം ഒരു ചിക്കന്‍ ബിരിയാണി  പോലും വാങ്ങി തരാതെ അവന്‍ നിങ്ങളുടെ  രഹസ്യ കലവറകളില്‍ കൈ കടത്തുവാന്‍  സാധ്യധ കണ്ടുവരുന്നു, നമ്മുടെ കോഴിക്കോടന്‍ കൂറ!! 

കേരളത്തില്‍ ഉള്ള  എല്ലാ "കൂറ" സ്വഭാവം ഉള്ളവര്‍ക്കും ഇത് സമര്‍പ്പിക്കുന്നു!