പാരഡൈം ഷിഫ്റ്റ്‌. (paradigm shift)

പണപ്പാച്ചിലില്‍ ജീവിതത്തിനെ തിരക്കിന്‍റെ ചരടില്‍ കോര്‍ത്തിട്ട് കോഴീക്കോടു നിന്നു കണ്ണൂരേക്കുള്ള ഒരു പാസഞ്ചര്‍ ട്രൈന്‍ യാത്രയയിലായിരുന്നു ഞാന്‍. വൈവിധ്യമാര്‍ന്ന തിരക്കുകളുടെ ഒരു ബോഗിയിൽ വിൻഡോസീറ്റിലിരുന്ന് പിന്നിലേക്കു മറയുന്ന പാടങ്ങളിലും പച്ചപ്പുകളിലും മുഖം പൂഴ്ത്തി ഏതോ പഴയകാലത്തിന്‍റെ ഓർമ്മകൾ തപ്പിയെടൂക്കുകയായിരുന്നു ഞാൻ. പലരും പല പല കര്യങ്ങളിൽ മുഴുകിയിരിക്കുന്നു അപരിചിതരുടെ ഒരു വലിയ മൌനം അവിടെ ഉണ്ടായിരുന്നു. ചിലർ വിരസതകൊണ്ടോ ആകാംഷകൊണ്ടോ പത്രത്താളുകളിലേക്കു മുഖം പൂഴ്ത്തി. യാത്രയുടെ ആലസ്യത്തിനെ കൊല്ലാൻ പെടാപ്പാട് പെടുന്നവരുടെ നടുവിൽ ഞാൻ മാത്രം എന്തൊക്കെയോ ആസ്വദിക്കുകയായിരുന്നു.

എവിടെയോ ഉടക്കിയ ഓർമ്മകളിൽ നിന്നും എന്നെ തിരിച്ചെടുത്തത് വടകരസ്റ്റേഷനിൽ നിന്നും കയറിയ രണ്ടൂ വികൃതി പയ്യന്മാർ ചേർന്നായിരുന്നു. ആവരുടെ കുസൃതിച്ചിരിയും.. സംസാരവും.. ബോഗിയിലുള്ളവരെ ആനന്ദിപ്പിച്ചു. മടുപ്പിന്‍റെ കുലുക്കത്തിൽ നിന്നും ചെറിയൊരു മോചനം.. എല്ലാവരും ആ കുട്ടികളെ ആസ്വദിച്ചു.കുട്ടികളൂടെ പെരുമാറ്റം അതിരു കടക്കാൻ തുടങ്ങിയതോടെ പലരും മുഖം തിരിച്ചു. മറ്റുള്ളവരുടെ മടിയിൽ കയറി ഉടുപ്പിൽ ചെളിയാക്കി. പലരും കുട്ടികളെന്നു കരുതി രോക്ഷം മറച്ച് വെച്ചു.. കുട്ടികളുടെ അച്ഛൻ എന്നു തോന്നിക്കുന്ന ഒരാൾ ഒന്നും അറിയാത്തപോലെ പുറംകാഴ്ചകളിലേക്ക് കണ്ണും നട്ടിരിപ്പാണ്ണ്. കുട്ടികളെ ശാസിക്കാത്തതിൽ അയാൾ കാണിച്ച അലംഭാവം യാത്രക്കാരെ ശരിക്കും രോക്ഷാകുലരാക്കി.

അതിനിടയിൽ ഒരു കുട്ടി ഒരു മധ്യവയസ്ക്കന്‍റെ കണ്ണടയിൽ പിടീച്ചു വലിച്ചു. അയാൾ ദേഷ്യം കൊണ്ട് വിറച്ചു.ദേ.. കുട്ടികളായാൽ മര്യാദയ്ക്കു വളർത്തണം കെട്ടോ...? എവിടെന്നോ ഞെട്ടിയുണർന്നെന്നോണം അയാൽ വിറച്ചു പോയി...“എന്താ എന്തു പറ്റി“...? മുഖത്ത് പൊടിഞ്ഞ വിയർപ്പു തുള്ളികൾ തുടച്ച് അയാൾ ചോദിച്ചു . “ ഒന്നും അറിയില്ല അല്ലെ ..കുട്ടികളെ ഇങ്ങനെ മേയാൻ വിട്ടേച്ച് ഒന്നും അറിയാത്ത പോലെ ഇരിക്കുന്നതു കണ്ടില്ലെ.. കുട്ടികളെ എന്തിനു പറയണം ഉണ്ടാക്കിയാൽ മാത്രം പോര അടക്കത്തിലും ഒതുക്കത്തിലും വളർത്താനും പഠിക്കണം. ആ ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ ആ മനുഷ്യനിലേക്ക് തിരിഞ്ഞു.തങ്ങള്‍ പറയാനാഗ്രഹിച്ച കാര്യങ്ങള്‍ തന്നെയാണ് ഇത് എന്ന് തോന്നിക്കും വിധമുള്ള നോട്ടങ്ങള്‍

ശയ്ത്ത്യ കാലത്തിന്‍റെ നനുത്ത സ്പര്‍ശനവും തെക്കന്‍ കാറ്റിന്‍റെ തലോടലും തിരിച്ചറിയാനാവത്ത വിധം ആ മനുഷ്യന്‍ വിയര്‍പ്പു കണങ്ങളാല്‍ നിറഞ്ഞിരുന്നു. ജീവിതത്തിലെ തന്നെ പ്രതീക്ഷകള്‍ അറ്റുപോയ നിസഹായ അവസ്തയോടുകൂടിയ ഒരു മുഖം ആ മനുഷ്യനില്‍ ഞാന്‍ ദര്‍ശിച്ചില്ലേ എന്ന തോന്നല്‍ ഒരുവേള എന്നിലൂടെ കടന്നു പോയി. എല്ലാവരുടെയും കത്തുന്ന നോട്ടങ്ങള്‍ ആ മനുഷ്യനെ ചൂഴ്ന്നു തിന്നുന്ന അവസ്ഥ, അതില്ലൊന്നും ശ്രദ്ധ പതിപ്പിക്കാതെ ആ മധ്യവയസ്കനോടെന്ന പോലെ അയാള്‍ പതിയെ പുലമ്പി "അതെ അവര് അതിരുകിടക്കുന്നു, നിയന്ത്രിക്കാന്‍ സമയമായി.പക്ഷെ.....

മാതൃ സ്നേഹത്തിന്‍റെ കൊതി വിട്ടു മാറാത്ത ആ പൈതങ്ങളെ ഞാന്‍ അവരുടെ അമ്മയുടെ നിശ്ചലമായ ശരീരം കാണിക്കാനാണ് ആശുപത്രയിലേക്ക് ഇപ്പോള്‍ കൊണ്ടുപോകുന്നത് എന്ന് എങ്ങനെ എനിക്ക് അവരോടു പറയാനാകും...? "

രോഷത്തോടെ നോക്കിയ എല്ലാ കണ്ണുകളിലും അപ്പോള്‍ ദയനീയതയുടെ , നിസ്സഹായ അവസ്ഥയുടെ ഒരു വികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.കുസൃതികളിലൊന്നും ആ കുരുന്നുകള്‍ അവരുടെ അമ്മയെക്കുറിച്ചോർത്തിട്ടൂണ്ടാവില്ല...യാത്രയുടെ കൌതുകത്തിലായിരിക്കാം അവരിപ്പോ... നെഞ്ചോടടുക്കി താരാട്ടു പാടേണ്ട നെഞ്ചിൽ ചൂടുവറ്റി തണൂപ്പു പടർന്നതും ഏതോ കിളിയുടെ ചിറകിലേറി അമ്മ ആകാശത്തേക്കു പറന്നു പോയതും ഒന്നുമറിയാതെ അവർ കളിച്ചു കൊണ്ടേ ഇരുന്നു. ട്രെയിന്‍ അതിന്‍റെ സ്വതസിദ്ധമായ താളത്തിലും വേഗത്തിലും മുന്നോട്ടും...

ഓ ടോ:
par·a·digm shift: a radical change in somebody's basic assumptions about or approach to something
ആദ്യ ദര്‍ശനത്തില്‍ ഒരു മനുഷ്യമനസില്‍ ഉണ്ടാകുന്ന അഭിപ്രായത്തെ ഒരു സംഭവം അതിന്‍റെ എല്ലാ അര്‍ത്ഥത്തോടും കൂടി മാറ്റി മറിക്കുന്നു. അല്ലെങ്കില്‍ കാഴ്ച്ചപാടിന്‍റെ ഒരു തലത്തില്‍ നിന്നും മറ്റൊരു തലത്തിലെക്കുള്ള ഒരു യാത്ര എന്ന് വേണമെങ്കിലും പറയാം