സര്‍വകലാശാല വിശേഷങ്ങള്‍

പ്ലസ് ടൂ എന്ന ദ്വിവത്സര യുഗം ഒരുവിധം കയറികൂടിയ എനിക്ക് ഇനി എന്ത്‌ എന്ന ചിന്തയിലേക്ക് ആണ് കാലീക്കറ്റ് സര്‍വകലാശാലയുടെ അതിമനോഹര പഞ്ചവത്സര വാഗ്ധാനം ആയ ഡിഗ്രീ എന്ന സ്വപ്നം ഇറങ്ങി വന്നത്‌. പണ്ടുമുതലേ പഠിക്കാന്‍ മിടുക്കന്‍ ആയതിനാല്‍ ആ മനോഹര വാഗ്ധാനം ഒരു പാരലല്‍ സ്ഥാപനത്തില്‍ നിന്നും ആണ് എനിക്ക് കൈകൊള്ളുവാന്‍ സാധിച്ചത്‌. ജീവിതത്തിലെ ഒരുമാതിരി എല്ലാ പാഠങ്ങളും നേരത്തെ തന്നെ പഠിച്ചു തീര്‍ത്ത എനിക്ക് അതുകൊണ്ട് തന്നെ ആ മനോഹര പഞ്ചവത്സര യുഗം ഒരിക്കലും അതിന്‍റെ വശ്യത ചോര്‍ന്നു പോകാതെ തന്നെ ആസ്വദിക്കാനും കഴിഞ്ഞു. ഇതൊക്കെ തന്നെ എങ്കിലും കൊല്ലാവസാനം വരുന്ന പരീക്ഷ എന്ന മാമാങ്കം! ഹോ അത് ശരിക്കും ഒരു ശകുനം മുടക്കി തന്നെ ആയിരുന്നു.


ഡിഗ്രീ രണ്ടാം വര്‍ഷാവസാനം. പതിവുപോലെ പരീക്ഷ ഒരു കള്ളനെ പോലെ പതുങ്ങി വന്നു, മാങ്ങാത്തൊലി പിന്നെയും!! എന്തെഴുതും ദൈവമേ?.. ഞാന്‍ പഠിച്ചു എന്ന് പറഞ്ഞത് ജീവിത പാഠങ്ങള്‍ ആണ് ഇതാണ് എങ്കില്‍ കണക്ക്, statistics തുടങ്ങിയ കടിച്ചാ പൊട്ടാത്ത സാധനങ്ങളും, ആ വന്നത് നെഞ്ചും കൂട് കൂട്ടി തടുത്തിടാം, എത്ര തടുത്തിരിക്കുന്നു അല്ല പിന്നെ.നാളെ statistics പരീക്ഷ, പ്രോബ്ലം പണ്ടേ ഇഷ്ട്ടമല്ല എനിക്ക്,. അത് ജീവിതത്തില്‍ ആയാലും ശരി പഠനത്തില്‍ ആയാലും ശരി. പിന്നെ ഉള്ളത് തിയറി, ഹോ പ്രോബ്ലം ഇല്ലാതെന്നാ തിയറി? അങ്ങനെ രണ്ടും വേണ്ട എന്ന് വെച്ചു. എങ്കിലും ഒരു മനസമാധാനക്കേട്‌.ഒടുക്കം ഉള്ളതില്‍ ചെറുതും എന്നാ ചിലപ്പോ ബിരിയാണി കിട്ടിയാലോ എന്ന് തോന്നിപ്പിക്കുന്നതും ആയ രണ്ടു തിയറി കുത്തിയിരുന്ന് കാണാപാഠം പഠിച്ചു, ശരിക്കും എന്നെ സമ്മതിക്കണം! എന്നാ പടിപ്പാ ചെറുക്കന്‍ എന്ന് കരുതി അമ്മച്ചി ബൂസ്റ്റ്‌ ഇട്ട പാല്‍ (കട്ടന്‍ കാപ്പി എന്നും വിളിക്കും) കൊണ്ടുവരുന്നു തരുന്നു .. ഒന്നും പറയണ്ട ഒടുക്കം എനിക്കെ സംശയം ഞാന്‍ ഇനി പഠിച്ചു ജയിച്ചു പോകുമോ ആവോ? അങ്ങനെ ആ രണ്ടു തിയറിയും പിന്നെ കാല്‍ക്കുലേറ്ററിന്‍ പുറകില്‍ കോറി ഇട്ട ഏതോ ഒരു മഹാന്‍റെ തത്വവും ആയി ഞാന്‍ പരീക്ഷ ഹാളിലേക്ക് നടന്നടുത്തു. പിള്ളാര്‍ ഒക്കെ എന്നാ പഠിപ്പ്? എനിക്ക് പുച്ഛം തോന്നി, ഇവറ്റകള്‍ക്കൊക്കെ എന്നെപോലെ വരുന്നത് മാത്രം പഠിച്ചാ പോരെ?

പരീക്ഷ തുടങ്ങി, ജയിക്കാന്‍ ആകെ മൊത്തം 12 മാര്‍ക്ക് മതി അതാണ്‌ ഒരു ആശ്വാസം! ആദ്യമേ തന്നെ ഞാന്‍ പഠിച്ച ഒരു ബിരിയാണി അതാ അച്ചാര്‍ കൂട്ടി വിളമ്പി വെച്ചിരിക്കുന്നു. കര്‍ത്താവെ 5 മാര്‍ക്ക് ഇങ്ങു പോന്നു ഇനി 7 കൂടി വേണം. ആകെ ഒന്ന് ചിക്കി ചികഞ്ഞു നോക്കി "നോ രക്ഷ". ആ ഏതായാലും പഠിച്ചതല്ലേ വെറുതെ ആകരുതല്ലോ എന്ന് കരുതി ഇഷ്ട്ടമുള്ള ഒരു നമ്പര്‍ ഇട്ടു ( ആ നമ്പര്‍ ഇവിടെ പറയുന്നില്ല) രണ്ടാമത്തെ ബിരിയാണിയും വിളമ്പി. ഇനി സ്വാഹ!! സമയം 2 മണിക്കൂര്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു തൊട്ടടുത്തുള്ള കുട്ടാപ്പു ഒരേ എഴുത്ത്. കാശില്ലാത്തവന്‍ ഇറച്ചിക്ക് ചെന്നപോലുള്ള എന്‍റെ അവസ്ഥ കണ്ടിട്ടോ അതോ ഒരു ഒന്നാന്തരം പുരുഷ കേസരി വായില്‍ നോക്കി ഇരിക്കുന്നത് കണ്ടിട്ടോ എന്തോ അവന്‍ എഴുതിയ ഒരു പേപ്പര്‍ എനിക്ക് ഒരല്പം മാറ്റി കാട്ടി തന്നു. നല്ല പരിചയം ഉള്ള ഉത്തരം!! ഓ ഇപ്പൊ പിടികിട്ടി ഇത് നമ്മടെ കാല്‍ക്കുലെറ്ററിന്‍ പുറകില്‍ ആരും കാണാതെ കിടക്കുന്ന സാധനമാ, ഞാന്‍ അവന്‍റെ ആ കുന്ത്രാണ്ടം കണ്ടുപിടിച്ചവന്‍റെ പേര്+ തത്വം ( base ലോ) മാത്രം ആണ് കോറി ഇട്ടിരുന്നത്. ചോദ്യം വന്നതാണേ അവന്‍റെ അപ്പന്‍റെ അമ്മേടെ അമ്മാവന്‍റെ ... അങ്ങനെ ഒരു നീണ്ട ബന്ധം വെച്ചും . ആ കളി എന്നോടാ, ഒടുക്കം കണ്ടുപിടിച്ചല്ലോ.കുട്ടാപ്പുവിന്‍റെ പേപ്പര്‍ തിരിച്ചു കൊടുത്തു എന്നിട്ട് സ്വന്തമായി ഞാന്‍ എഴുതി "കാല്‍ക്കുലേറ്ററിന്‍ ലോ"

ഒടുക്കം റിസള്‍ട്ട്‌ വന്നു നോക്കിയപ്പോ എനിക്ക് 15 മാര്‍ക്ക് !!! അങ്ങനെ ഒഴാക്കാന്‍ പാസ്‌, അന്നാണ് എനിക്ക് മനസിലായത് "ചോദ്യം എന്തുതന്നെ ആയാലും ഉത്തരം ഒന്നുതന്നെ എന്ന്."
വീണ്ടും അടുത്ത കൊല്ലപരീക്ഷ പ്രത്യക്ഷപെട്ടു, ഇത്തവണ എന്നാ നമ്മുടെ 15 ഒന്ന് നന്നാക്കി എടുത്താലോ,
" improvement " കൊടുത്തു പത്തു രൂപ , പോയാ പത്ത് കിട്ടിയാ കുറച്ച് മാര്‍ക്ക് അല്ലാ പിന്നെ!
ഇത്തവണ പണ്ടത്തെ പോലെ മെനക്കെടാന്‍ ഒന്നും നിന്നില്ല ജീവിതത്തിലെ പാഠങ്ങള്‍ തന്നെ എഴുതാമല്ലോ.
ജയിച്ചവന്‍റെ ഒരു അഹങ്കാരം ഇല്ലേ എന്ന് എനിക്ക് തന്നെ സംശയം.?

വീണ്ടും പരീക്ഷ തുടങ്ങി. ആകെ ഒരു മാറ്റം ഇത്തവണ കുട്ടാപ്പു അല്ല പകരം നല്ല ഒരു പെണ്‍ കുട്ടി ആണ് അപ്പുറത്തെ തലക്കല്‍, ഒന്നും പറ്റിയില്ലെങ്ങില്‍ വായില്‍ നോട്ടം എങ്കിലും നടക്കുമല്ലോ.
പരീക്ഷ തുടങ്ങും മുമ്പേ കൊച്ചിന്‍റെ ബയോഡാറ്റ മുഴുവന്‍ ഞാന്‍ അറിഞ്ഞു വെച്ചിരുന്നു. പാവം കഴിഞ്ഞ തവണ 45 കിട്ടിയത് ഇത്തവണ 60 (ഫുള്‍ മാര്‍ക്ക്) ആക്കാന്‍ വന്നതാ, എന്നെ പോലെ തന്നെ "1 നു പകരം 4 ആണെന്ന് മാത്രം." എന്‍റെ വീട്ടിലെ കഷ്ട്ടപാടുകള്‍ വിവരിച്ചത് പാവം വിശ്വസിച്ചത് കൊണ്ടോ അതോ ഇനി കഷ്ട്ടകാലത്തിനെങ്ങാനും ഞാന്‍ അവളെ കെട്ടിയാലോ എന്നുള്ള പേടികൊണ്ടോ എന്തോ അവള്‍ എഴുതിയതെല്ലാം എന്നെ കാണിച്ചു തന്നു. അവളുടെ രജിസ്റ്റര്‍ നമ്പര്‍ ഒഴികെ ബാക്കി എല്ലാം ഞാന്‍ വൃത്തി ആയി എന്‍റെ ഉത്തരകടലാസില്‍ നിരത്തി. ഒടുക്കം അവസാനത്തെ ഒരു ഉത്തരം കാട്ടി തരാതെ അവള്‍ എന്നോട് പറഞ്ഞു "അതുകൂടി എഴുതിയാ എട്ടന് 60 മാര്‍ക്ക് കിട്ടും അത്ര വേണ്ട എന്ന്". ഉം "ഫെമിനിസം" ഞാന്‍ ക്ഷമിച്ചു, പാവം പെണ്ണല്ലേ പോട്ടെ.

റിസള്‍ട്ട്‌ വന്നു! ഞാന്‍ ആവേശത്തോടെ അതും ഒരിക്കലും ഇല്ലാത്ത ആവേശത്തോടെ ഓടി ചെന്ന് നോക്കി, എനിക്കും വീണ്ടും ആ പഴയ 15 . കോരന് കഞ്ഞി വീണ്ടും കുമ്പിളില്‍ തന്നെ!
അവള്‍ക്കു ഫുള്‍ മാര്‍ക്കും. ദൈവമെ ചതി എവിടെ പറ്റി.? അവള്‍ അവസാനം എഴുതിയ ആ ഒരു ഉത്തരത്തിനു 45 മാര്‍ക്ക് ആയിരുന്നോ അതോ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ എനിക്ക് അതായത് ഈ ഒഴാക്കാന് സ്ഥിരം 15 മാര്‍ക്ക് ആണോ, എന്തെഴുതിയാലും ?

എന്തുതന്നെ ആയാലും പിന്നീടു ഒരു തിരുത്ത്‌ വേണ്ട എന്നുകരുതി ഞാന്‍ ജീവിതത്തിന്‍റെ ബാക്കി പാഠങ്ങള്‍ പഠിപ്പിക്കാനും പറ്റുമെങ്കില്‍ ചിലത് പഠിക്കുവാനും വേണ്ടി പുതിയ ആവാസ കേന്ദ്രം തേടി യാത്ര ആയി.

പിന്‍കുറിപ്പ്: ഇത് എന്‍റെ ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ കഥ. എന്‍റെ പേരില്‍ ചാലിച്ചു എന്ന് മാത്രം. അവന്‍ എന്നോട് ക്ഷമിക്കും എന്ന് കരുതുന്നു. ക്ഷമിച്ചാല്‍ എന്നെ വീണ്ടും ഇവിടെ കാണാം പുതിയ കഥകളുമായി.. ഇല്ലെങ്ങില്‍ മറന്നേക്കു.

ഓഫ്: കഥ വായിച്ചു ഇഷ്ട്ടപെട്ടാല്‍ ആ ഫോളോ ബട്ടന്‍ അമര്‍ത്തും എന്ന് വിശ്വസിക്കുന്നു.

ഒഴാക്കന്‍റെ ബോണസ് യുദ്ധം

കേരളം എന്ന പാവക്കാ  രാജ്യത്തുനിന്നും എല്ലാ മലയാളികളും ഈ  ലോകത്തിന്‍റെ ഒരുമാതിരിപെട്ട എല്ലാ മുക്കിലും മൂലകളിലും എത്തിച്ചേരുകയും ജീവിച്ചുപോരുകയും ചെയ്യുന്നു "അന്നം തന്നെ ഉന്നം" എന്ന ഒറ്റ ലക്‌ഷ്യം വെച്ച്.
അങ്ങനെ ഞാനും വന്നെത്തി ബാംഗ്ലൂര്‍ എന്ന ആ പഴയ പൂന്തോട്ട നഗരിയില്‍, ഇപ്പോള്‍  തോട്ടം  പോയിട്ട്  ഒരു " പൂ " പോലും കാണാനില്ല എന്നത് മറ്റൊരു സത്യം.  അങ്ങനെ പണ്ടു പടിച്ചതൊക്കെ പാണന്‍ പാട്ടുപോലെ പാടി കുറെ പേരുടെ കണ്ണില്‍ മണ്ണ് വാരി  എറിഞ്ഞു, "കണ്ണില്‍ മാത്രം ആണേ കഞ്ഞിയില്‍ ഇല്ല" ഒരു തരത്തില്‍ ഒരു PVT  കമ്പനിയില്‍  കയറി കൂടി.
കയറി നോക്കിയപ്പോ മുഴുവന്‍ മലയാളികള്‍. പക്ഷെ കണ്ടാല്‍  പെറ്റ തള്ള സഹിക്കാത്ത  പോലെ ഉള്ള കുറെ കോലങ്ങള്‍! ( ഇതില്‍ എല്ലാവരും പെടില്ല  കേട്ടോ, ഒരു മുന്‍‌കൂര്‍ ജാമ്യം ) ഇതിലും രണ്ടു തരം ഉണ്ട്.
1 : വേര് മുളച്ചത് മലയാളി ആയി. ജനിച്ചതും ജീവിച്ചതും എല്ലാം അവനു തന്നെ  നിശ്ചയം പോര. മലയാളം കുരച്ചു കുരച്ചു അരിയാം.
2 : ജനിച്ചതും ജീവിച്ചതും വളര്‍ച്ച മുരടിച്ചതും എല്ലാം കേരളത്തില്‍. മലയാളം മാത്രമേ അറിയൂ.
ആദ്യ കാലഘട്ടത്തിലെ പകച്ചു നില്‍ക്കലുകള്‍ക്ക് ശേഷം  ഞാനും ഒരു മറുനാടന്‍  മലയാളി ആയി ജീവിതം തുടങ്ങി.
തൊഴുത്തില്‍ കുത്ത്, കുതികാല്‍ വെട്ട്, പാര പണി ഇത്യാതി എല്ലാം ഒരു സാധാരണ മലയാളിയെ പോലെ എനിക്കും വശമുള്ളതിനാല്‍ ജീവിക്കാന്‍ വലിയ പെടാപാടില്ല ഒരു "കഷ്ട്ടപാട്" അത്രമാത്രം.

എല്ലാ കൊല്ലത്തിലെയും ആദ്യ മാസ കാലം നമ്മുടെ ബോണസ് ( ബോണ്‍ എന്ന എല്ല് മുറിയെ പണി എടുപ്പിച്ചതിനുള്ള സുനാപ്പി)   സാലറി കൂട്ടല്‍ തുടങ്ങിയ നാടകങ്ങളുടെ അരങ്ങേറ്റവും അതോടനുബന്ധിച്ച തമ്മില്‍ തല്ല്, മാനേജരുടെ തന്തക്കു മലയാളത്തില്‍ വിളി ( ചിരിച്ചുകൊണ്ട് മാത്രം)  തുടങ്ങിയ കലാപരുപടികള്‍ ഈ ലോകമെമ്പാടും നമുക്ക് കാണാവുന്നതാണ്. അങ്ങനെ ഒരു അവസ്ഥയില്‍  ആയിരുന്നു ഈ ഞാനും രണ്ടു ദിവസം മുന്‍പ് വരെ.

ആന തരാം, ആനയുടെ പാപ്പാന്‍റെ മോളെ കെട്ടിച്ചു തരാം, ബ്രുണയിലെ രാജാവാക്കാം, പട്ടി പിടുത്തക്കാരന്‍ ആക്കാം.. അങ്ങനെ ഒരിക്കലും അവസാനിക്കാത്ത  വാഗ്ധാനങ്ങളുടെ ഒരു കൂമ്പാരം, ആ കൂമ്പാരവും അതില്‍ പൊട്ടിമുളച്ച, എപ്പോള്‍ വേണമെങ്കിലും തളിരിടാന്‍ റെഡി ആയി നില്‍ക്കുന്ന  മോഹന സ്വപ്നങ്ങളും പേറി ഞാന്‍ കുറെ ദിവസങ്ങള്‍ അലഞ്ഞു ഒരു കുറുക്കന് ആമ കിട്ടിയ മാതിരി.

ഒടുവില്‍ എന്‍റെ സ്വന്തം, എനിക്ക് പിറക്കാതെ പോയ എന്‍റെ മാനേജര്‍ എന്നെ വിളിച്ചു, ആ മഹാസംഭവങ്ങള്‍ അതായതു ബോണസ്, സാലറി കൂട്ടല്‍ എന്നിവ   എനിക്ക് വെട്ടി പുഴുങ്ങി ഒരു പാത്രത്തില്‍ വെച്ചുതാരന്‍ വേണ്ടിയും എന്നിട്ടും കഴിക്കാന്‍ പറ്റുനില്ല എങ്കില്‍ ചവച്ചു തരാന്‍ വേണ്ടിയും.
ഞാന്‍ മെല്ലെ മാനേജരുടെ റൂമിലേക്ക് ഒട്ടകം സൂചി കുഴലിലേക്ക് കയറും പോലെ ആദ്യം തലയും പിന്നെ ഉടലും ഒടുക്കം നിലത്തൂടെ വലിയുന്ന പാന്‍റും  വലിച്ചു കയറ്റി അതിയാന്‍ന്‍റെ മുന്നില്‍ ഉപവിഷ്ട്ടനായി.
പണ്ട് ഞാന്‍ പറഞ്ഞ തെറികള്‍, മലയാളം അറിയാവുന്ന ഏതോ തെണ്ടികളെ കണ്ടു ചോദിച്ചു മനസിലാക്കുകയും  എന്നാല്‍ അത് അറിയാത്ത പോലെ നടിക്കുകയും "നീ ഒന്ന് പോട ആപ്പാ പേപ്പര്‍ എടുക്കട" എന്ന  എന്‍റെ നിഷേധ ഭാവത്തെ കണ്ടില്ലാന്നു നടിക്കുകയും തൊട്ടു തലേദിവസം എവിടുനിന്നോ പറഞ്ഞു ഉണ്ടാക്കിയ ആ "കൃത്രിമ ചിരി" വളരെ ശരിക്ക് അണിഞ്ഞു ഇരിക്കുകയും ചെയ്യുന്ന എന്‍റെ മാനേജര്‍ മുന്‍പില്‍!!
കണ്ട പാടെ മോനെ ഒഴാക്കാ എന്ന സുഖിപ്പിക്കലോടെ   തുടങ്ങി...
ഞാന്‍ ഒരു സംഭവം ആണെന്നും ഒരു പ്രസ്ഥാനം ആണെന്നും  ഒരു കണ്‍ട്രി വരെ ആണെന്നും വരെ പറഞ്ഞു കളഞ്ഞു.
ഒടുക്കം, ഞാന്‍ പണ്ട് അറിയതെ ചെയ്തുപോയതും അറിഞ്ഞുകൊണ്ട് മറന്നുപോയതും എന്ന് വേണ്ട അതിയാന്‍ പണ്ട് തെന്നിവീണപ്പോ ചിരിച്ച കുറ്റം വരെ എടുത്തു കുടഞ്ഞു മേശപ്പുറത്തേക്ക് ഇട്ടു,
ദൈവമേ!! ഓടണോ അതോ നിന്ന് വാങ്ങണോ,,, അകെ ഒരു കന്ഫൂസി ,,,
ഒടുക്കം ആ മഹാ സംഭവങ്ങള്‍  എഴുതിയ പേപ്പേര്‍, കാണാന്‍ കക്കൂസ് പേപ്പേര്‍ പോലെ ഇരിക്കും എങ്കിലും അങ്ങേരു തുറന്നു വായിച്ചു, പഠിച്ചു ( നേരെ ചൊവ്വെ പഠിക്കണ്ട കാലത്ത് പഠിച്ചാ  ഇവിടെ ഇരിക്കുമോ) അവസാനം തുപ്പല്‍ കൂട്ടി  ഒട്ടിച്ചു എന്‍റെ കയ്യില്‍ തന്നു. വെശന്ന് ഇരിക്കുന്നവന്‍ന്‍റെ  മുന്നില്‍ ഞണ്ട് കയറി വന്നപോലെ ഞാന്‍ രണ്ടു കയ്യും നീട്ടി വാങ്ങി തുറന്നു!!

കമ്പനിയുടെ മുദ്രയും, മഹാന്മാരുടെ വചനങ്ങളും, പിന്നെ ആ പേപ്പേര്‍ എവിടെ ഒക്കെ തുറക്കാം ആരെ ഒക്കെ കാണിക്കാം എന്നുവേണ്ട ഒരു ആയിരം നിബന്ധനകള്‍ ഒടുക്കം കമ്പനി മുതലാളിയുടെ ഒരു ഭയങ്കര ഒപ്പും.
ഒക്കെക്കൂടെ ഒരു ഓ. വി വിജയന്‍റെ ബുക്ക്‌ ആദ്യം വായിക്കുന്ന അവസ്ഥ. ഒടുവില്‍ തിരഞ്ഞു ഞാന്‍ ആ സുനാപ്പി കണ്ടുപിടിച്ചു , ബോണസ്!!!
പടച്ച തമ്പുരാനെ എന്‍റെ കണ്ണിന്റെ കാഴ്ച പോയതാണോ? ആകെ മൂന്നു  അക്കം മാത്രം. ഒന്നുടെ കണ്ണടച്ച് തുറന്നു
എവിടെ, ഒരു മാറ്റവും ഇല്ല, എന്‍റെ കഷ്ട്ടപാടും, ബുദ്ധിമുട്ടും എല്ലാം കണ്ട മാനേജര്‍ എന്‍റെ അടുത്ത് വന്നു പറഞ്ഞു
  മോനെ ഒഴാക്കാ, ബോണസ്  കുറവായാല്‍ എന്താ നിനക്ക് അത്രയും കുറച്ച് tax  അടച്ചാല്‍ പോരെ?

അങ്ങനെ ആന തരാം ആന തരാം എന്ന പറഞ്ഞു ഒടുവില്‍ ഒരു കറുത്ത കൂട്ടില്‍ കുറച്ച് ആന പിണ്ഡം വാരി പൊതിഞ്ഞു തന്ന്‌ പറഞ്ഞു " ഇത് 365  ദിവസം വെയില്‍ കാണിക്കാതെ  ഇരുട്ട് റൂമില്‍ വെച്ചാല്‍ മതി ആന കുട്ടി ഉണ്ടാകും പോലും"
അങ്ങനെ ഞാന്‍ ആ ആന  പിണ്ഡവും താങ്ങി പിടിച്ച് ഇരുപ്പാണ് ഇപ്പോള്‍.
ഇനി ആന കുട്ടിയെങ്ങാനും ഉണ്ടായാലോ?

മുലപ്പാലിന്‍ രുചി

നാലു ആണുങ്ങള്‍ കൂടിയാല്‍ ഇന്നത്തെ പറയാവു എന്നൊന്നും ഇല്ല.
 വായില്‍ തോന്നിയത്  കോതയ്ക്കു പാട്ട് എന്നപോലെ.....
പതിവിനു ഒട്ടും വിപരീതമല്ല എന്‍റെ കൂട്ടവും... പ്രത്യേകിച്ചു കല്യാണം കഴിയാത്ത മഹാന്മാര്‍ ആണ് കൂടുതലും എന്നതുകൊണ്ട്‌ തന്നെ പലപ്പോഴും വിഷയം സെക്സ് ആണ് പഥ്യം.
അങ്ങനെ ഒരു സന്ധ്യ സമയ ചര്‍ച്ചയില്‍ എപ്പോഴോ മുലപ്പാലിന്‍റെ രുചിയില്‍ എത്തി നില്‍ക്കുന്നു ചര്‍ച്ച.
 പലര്‍ക്കും പല അഭിപ്രായം .. അമൃതാണ്, തേന്‍ ആണ്, പാലാണ് ( പാല്‍ ആയിരിക്കണമല്ലോ ) ചാരായം ആണ് ... അങ്ങനെ അങ്ങനെ. കൂട്ടത്തില്‍  കല്യാണം കഴിഞ്ഞതും രണ്ടു പിള്ളേരുടെ തന്ത എന്നവകശാപെടുന്നതുമായ  തങ്കപ്പേട്ടനും വിഷയം നന്നായി അങ്ങട്ട് പിടിച്ചിരിക്കുന്നു .... പക്ഷെ ഞങ്ങള്‍ പൈതങ്ങള്‍ ആയതിനാലും ടിയാണ് ചില മുന്പരിജയം ഉള്ളതിനാലും മൌനം വിദ്വാനു ഭുഷണം എന്ന സ്റ്റേജില്‍ ആണ് തങ്കപ്പേട്ടന്‍.
പെട്ടന്നാണ് കൂട്ടത്തിലെ കുള്ളനും എന്നാല്‍ കള്ളനുവരെ കഞ്ഞിവച്ചവനുമായ ചന്നാപ്പിയുടെ (ഇരട്ട പേരാ) മഹത്തായ പ്രവജനം മുലപ്പാലിന് നല്ല മധുരം ആണ് . ചിലപ്പോ സത്യം ആവാം അവന്‍റെ പേര്‍എടുത്ത  വയറ്റാട്ടിയുടെ വരെ മുഖം ഓര്‍മ്മയുള്ള കുരിപ്പാ! ചന്നാപ്പി ( എന്നവന്‍ അവകാശപെടുന്നു)
എന്തിനേറെ പറയുന്നു കേട്ടപാതി കേള്‍ക്കാത്ത പാതി തങ്കപ്പേട്ടന്‍ പകല്‍ മാന്യന്‍മാര്‍ ചെറ്റപൊക്കാന്‍ പോകും പോലെ ഇരുട്ടുകൂടി വീട് പിടിച്ചു. ഞങ്ങള്‍ ബാക്കി ചര്‍ച്ച എപ്പോളോ എവിടെയോ പാതി മുറിച്ച്‌ പതിവുപോലെ പുതപ്പിനടിയ്ല്‍ വലിഞ്ഞു.
പിറ്റേന്ന് ഏതാണ്ട്  രാവിലെ ഒരു 10  മണി. പതിവുപോലെ വാനര സംഘം എല്ലാം ഒത്തുകൂടി നില്‍ക്കുന്നു
പൊടുന്നനെ തങ്കപ്പേട്ടന്‍ എവിടുന്നോ പണ്ട് പരശുരാമന്‍ എറിഞ്ഞ മഴു പോലെ ഞങ്ങളുടെ നടുക്ക് പ്രത്യക്ഷപെടുന്നു,പുറകെ ഒരു ചോദ്യവും " ഇന്നലെ ഏത് &&%#@ മോന്‍ ആടാ  മുലപ്പാലിന് നല്ല മധുരം ആണ് എന്ന് പറഞ്ഞത് ഫു!!!! ( എന്തോ കയ്ച്ച പോലെ ഒരു തുപ്പും).

ചിന്നാപ്പി പറഞ്ഞതും എന്നാല്‍ തങ്കപ്പേട്ടന്‍ കേള്‍ക്കാതേ പോയതുമായ ആ പാതി (കേള്‍ക്കാത്ത പാതി):
" മുലപ്പാലിന് നല്ല മധുരം ആണ് പക്ഷെ നെല്ലിക്കപോലാ ആദ്യം കയ്ക്കും പിന്നെ മധുരിക്കും! "